മുംബൈ: കോവിഡ് ബാധിച്ച് ഭർത്താവും കുടുംബവും മരിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ മകനെയും കൊണ്ട് താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത് മലയാളി യുവതി.കോട്ടയം പാലാ രാമപുരം സ്വദേശിനി രേഷ്മയും മകനുമാണ് മരിച്ചത്. സാക്കിനാക്ക ചാന്ദിവിലിയിലെ നഹർ അമൃത് ശക്തി കോംപ്ലക്സിലെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽനിന്നാണ് ഇവരെ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കെട്ടിടത്തിന്റെ 14-ാം നിലയിലാണ് രേഷ്മയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയോടൊപ്പം രേഷ്മ അവിടെനിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് സംശയം.ഭർത്താവിന്റെയും കുടുംബത്തിന്റെയും മരണത്തെത്തുടർന്ന് വികാരനിർഭരമായ ഒരു കുറിപ്പ് രേഷ്മ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.ഇതിൽ നിന്നാണ് ഇവരുടെ മരണം ഒരു ആത്മഹത്യയായിരിക്കാം എന്ന നിർദ്ദേശത്തിലേക്ക് പൊലീസ് എത്തിയത്.

ശരത്തുമായുള്ള ജീവിതം ആരംഭിക്കുന്നത് 33-ാമത്തെ വയസ്സിലാണെന്നും ഹൈദരാബാദിലെ ബരിസ്ത കഫെയിൽ കണ്ടുമുട്ടിയതുൾപ്പെടെയുള്ള കാര്യങ്ങൾ പോസ്റ്റിൽ വികാരനിർഭരമായി കുറിച്ചിട്ടുണ്ട്. സ്ഥിരോത്സാഹി, നല്ലഅച്ചടക്കം, സിനിമ, വായന, കായിക വിനോദങ്ങളിൽ താത്പര്യമുള്ളയാൾ... ഭർത്താവിനെക്കുറിച്ച് രേഷ്മ എഴുതുന്നു. നമുക്ക് അദ്ദേഹത്തോടൊപ്പം വീണ്ടും ജീവിക്കാൻ കഴിയുന്ന ഒരു മരണാനന്തരജീവിതം ഉണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ആ കുറിപ്പ് അവസാനിക്കുന്നത്.

മെയ് 27 നാണ് ഭർത്താവും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും വാരണാസിയിൽ കോവിഡ് ബാധിച്ചു മരിച്ചത്.വാരണാസിയിൽ പോയ അച്ഛനും അമ്മയ്ക്കും കോവിഡ് പിടിപെട്ടതിനെത്തുടർന്ന് അവരെ കാണാനായി ആശുപത്രിയിലെത്തിയ രേഷ്മയുടെ ഭർത്താവിനും കോവിഡ് പിടിപെടുകയായിരുന്നു. അച്ഛനും അമ്മയും മരിച്ചതിനുപിന്നാലെ അവിടെവെച്ച് അദ്ദേഹവും മരിച്ചു. ഇതുമായി ബന്ധപ്പെട്ട കടുത്ത മനോവിഷമത്തിലായിരുന്നു രേഷ്മ.അതിന്റെ വിഷാദമായിക്കാം ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് കെട്ടിടത്തിലെ താമസക്കാരും നൽകുന്ന സൂചന.

ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ അതിലെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.കോട്ടയം രാമപുരം സ്വദേശിയാണ് രേഷ്മ.രേഷ്മയുടെയും മകന്റെയും മൃതദേഹങ്ങൾ രാജവാഡി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രേഷ്മയുടെ സഹോദരൻ അമേരിക്കയിലാണ്.രേഷ്മയെയും മകനെയും അവസാനമായി കാണാൻ അമേരിക്കയിൽനിന്ന് സഹോദരൻ വെള്ളിയാഴ്ച മുംബൈയിലെത്തും. അതിനുശേഷമാവും ശവസംസ്‌കാര ചടങ്ങുകൾ നടക്കുക.