അടിമാലി: 12 കാരനായ മകനൊപ്പം തനിച്ചു താമസിച്ചിരുന്ന യുവതിക്ക് അർധരാത്രിയിൽ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മുമ്പ് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. ടൗണിനു സമീപം കരിങ്കുളത്ത് തയ്യൽ സ്ഥാപനം നടത്തി വന്നിരുന്ന കീരിത്തോട് സ്വദേശിനി നിഷയ്ക്കാണ് വെട്ടേറ്റത്. നെടുംങ്കണ്ടം സ്വദേശി ബിബിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. 4 വർഷത്തോളം ഇയാൾ നിഷയ്‌ക്കൊപ്പം താമസിച്ചിരുന്നെന്നും അഭിപ്രായ വ്യത്യാസത്തെത്തുടർന്ന അടുത്തിടെ ഇവർ പിരിഞ്ഞിരുന്നു എന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഇന്നലെ പുലർച്ചെ ഇവർ താമസിച്ചിരുന്ന പക്കായിപടിക്കു സമീപമുള്ള വാടക കെട്ടിടത്തിലാണ് സംഭവം നടന്നത്. ഇടതു കഴുത്തിൽ ആഴത്തിലുള്ള വെട്ടേറ്റിരുന്നു. യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്കു ശേഷം പൊലീസിന്റ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയ യുവതി അപകട നില തരണം ചെയ്തതായിട്ടാണ് പൊലീസ് നൽകുന്ന സൂചന.

സംഭവദിവസം ബിബിൻ രാത്രി യുവതിയുടെ വീട്ടിലെത്തി ബഹളം വയ്ക്കുകയും തുടർന്ന് യുവതി പൊലീസിനെ വീളിച്ചുവരുത്തുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവതിയോട് വിവരങ്ങൾ ശേഖരിക്കുകയും ബിബിനോട് സ്ഥലം വിടാൻ നിർദ്ദേശിക്കുകയുമായിരുന്നു. പൊലീസ് സംഘം പോയതിന് പിന്നാലെ രാത്രി 12 മണിയോടെ ബിബിൻ വീണ്ടും വീട്ടിലെത്തിയെന്നും ബലമായി മുറിയിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കഴുത്തറക്കുകയായിരുന്നെന്നുമാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

മുറിയിൽ നിന്നും നിലവിളികേട്ട് താൻ എത്തുമ്പോൾ കഴുത്തിൽ നിന്നും രക്തം ചീറ്റിയൊഴുകുന്നനിലയിൽ മാതാവിനെ കണ്ടെന്നും ഈ സമയം കത്തിയുമായി ബിബിൻ മുറിയിലുണ്ടായിരുന്നെന്നും യുവതിയുടെ മകൻ പൊലീസിനെ അറിയിിച്ചെന്നാണ് സൂചന. മകന്റെയും യുവതിയുടെയും നിലവിളികേട്ടെത്തിയ അയൽവാസികളും പൊലീസും ചേർന്നാണ് യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

താൻ എത്തുമ്പോൾ വീട്ടിൽ അപരിചിതനെ കണ്ടെന്നും ആ ദേഷ്യത്തിൽ യുവതിയെ ആക്രമിച്ചെന്നുമാണ് ബിബിൻ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കും. അടിമാലി സി ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.