കോഴിക്കോട്: താമരശേരിയിൽ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പൂനൂർ വട്ടപ്പൊയിൽ, ചിറക്കൽ റിയാദ് ഹൗസിൽ നഹാസ് (37)നെയാണ് താമരശേരി ഡിവൈഎസ്‌പി അഷ്‌റഫ് തെങ്ങിലക്കണ്ടി, നാർകോട്ടിക് സെൽ ഡിവൈഎസ്‌പി അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആദ്ധ്രപ്രദേശിൽ നിന്ന് ലോറിയിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചില്ലറവിൽപനക്കാർക്ക് നൽകുന്നതാണ് ഇയാളുടെ രീതി. എത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നയിനായി അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിൽ വാടക വീട് എടുത്ത് കഴിയുകയായിരുന്നു. വെള്ളിയാഴ്‌ച്ച കൊടുവള്ളിയിൽ നിന്നും 14 കിലോ കഞ്ചാവുമായി പിടിയിലായ ഷബീറിൽ നിന്നുമാണ് മൊത്തവിൽപനക്കാരനായ നഹാസിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് അടിവാരത്ത് വാടകവീട്ടിൽ നിന്നും വെള്ളിയാഴ്‌ച്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബർ മാസത്തിനു ശേഷം മാത്രം 6 തവണയായി 300 കിലോയോളം കഞ്ചാവ് ആദ്ധ്രയിൽനിന്ന് എത്തിച്ച് കച്ചവടം നടത്തിയതായി നഹാസ് പൊലീസിന് മൊഴിനൽകി. മൂന്ന് മാസത്തോളം ഇയാൾ ആന്ധ്രയിൽ ഹോട്ടൽ നടത്തിയിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ലോബിയുമായി ബന്ധം സ്ഥാപിച്ചത്. വിശാഖപട്ടണം, ഒഡിഷ, എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് വർഷത്തിൽ പതിനായിര കണക്കിന് കിലോ കഞ്ചാവാണ് എത്തുന്നതെന്ന് പൊലീസ് പറയുന്നു.

ക്രൈം സ്‌ക്വാഡ് എസ്ഐമാരായ രാജീവ്ബാബു, വി കെ സുരേഷ്, പി ബിജു, കെ പി രാജീവൻ, എസ്‌പിസിഒ വി വി ഷാജി, അബ്ദുൾ റഹീം നേരോത്ത്, താമരശേരി ഇൻസ്‌പെക്ടർ അഗസ്റ്റിൻ, എസ്ഐമാരായ വി എസ് സനോജ്, അരവിന്ദ് വേണുഗോപാൽ, എഎസ്ഐ ജയപ്രകാശ്, സിപിഒ റഫീഖ്, എസ്ഒജി അംഗങ്ങളായ സി ശ്യം, ഷെറീഫ്, ടി എസ് അനീഷ്, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.