ന്യൂഡൽഹി: മോഷണക്കുറ്റത്തിന് അറസ്റ്റിലായത് ദരിദ്രരുടെ "മിശിഹാ". ബീഹാറിലെ സീതാമരി സ്വദേശിയായ മുഹമ്മദ് ഇർഫാൻ എന്നയാളാണ് അറസ്റ്റിലായത്. പടിഞ്ഞാറൻ ഡൽഹിയിലെ നരീന ഫ്ലൈഓവറിനടുത്ത് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ചയിലൂട‌െ ലഭിക്കുന്ന പണത്തിൽ ഒരു വിഹിതം ഇയാൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായിരുന്നു ഉപയോ​ഗിച്ചിരുന്നത്. ആഡംബര കാറുകൾ വാങ്ങുന്നതായിരുന്നു ഇയാളുടെ മറ്റൊരു ശീലം.

ഡൽഹി, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ള വ്യക്തിയാണ് ഇമുഹമ്മദ് ഇർഫാൻ. വ്യാഴാഴ്ചയാണ് ഇർഫാൻ പൊലീസ് പിടിയിലായത്. ഇതിനുപിന്നാലെ ജാഗ്വാറും വിലകൂടിയ രണ്ട് നിസ്സാൻ കാറുകളും കണ്ടെടുത്തു. ജന്മനാടായ ബീഹാറിലെ സീതാമരിയിൽ നടക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങവെയാണ് ഇർഫാൻ അറസ്റ്റിലായത്. ദരിദ്രരുടെ "മിശിഹാ" എന്നറിയപ്പെടാനാണ് ഇയാൾ ചാരിറ്റികൾക്ക് സംഭാവന നൽകിയിരുന്നതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

അയൽപ്പക്കത്ത് പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് താനും സംഘവും പ്രവർത്തിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പണവും ആഭരണങ്ങളും മോഷ്ടിച്ചിരുന്നതായി പ്രതി സമ്മതിച്ചു. പഞ്ചാബിലെ ജലന്ധറിൽ നിന്ന് ഇർഫാന്റെ മൂന്ന് സഹായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ ഒരു വീട്ടിൽ നിന്ന് ഇവർ വജ്ര ആഭരണങ്ങളും 26 ലക്ഷം രൂപയും ഇവർ കൊള്ളയടിച്ചിരുന്നു.

കൂട്ടാളികൾക്കൊപ്പം ഡൽഹി, പഞ്ചാബ്, ബീഹാർ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സമ്പന്ന കോളനികളിൽ ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നു. ഒരു മതവിശ്വാസിയുടെ വസ്ത്രം ധരിച്ച് സംഭാവന ചോദിക്കുന്നതിന്റെ മറവിലാണ് ഇയാൾ കോളനികളിൽ എത്തുക. ആളൊഴിഞ്ഞ വീടുകൾ നോക്കിവെച്ച ശേഷം കവർച്ച നടത്തുന്നതായിരുന്നു പതിവ്.

ഫ്രഞ്ച് നിർമ്മിത രണ്ട് പിസ്റ്റളുകളും ആഭരണങ്ങളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പൊലീസ് പറയുന്നതനുസരിച്ച്, ബീഹാറിലെ ജനപ്രിയ യുവനേതാവാകാൻ ആഗ്രഹിച്ച ഇർഫാന് ഈയിടെ ധാരാളം വീടുകൾ ടാർഗെറ്റുചെയ്യാനായില്ല. കാരണം കോവിഡ് നിയന്ത്രണങ്ങൾ കാരണം ആളുകൾ കൂടുതലും വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പ്രാദേശിക തെരഞ്ഞെടുപ്പും എത്തുന്നത്. ഇതോടെ ജനപ്രതിനിധിയാകാനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതിനിടയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.