ചെറുപുഴ(കണ്ണൂർ): ചെറുപുഴയിലെ വയോദ്ധികന്റെ കൊലപാതകത്തിന് ഇടയാക്കിയത് മദ്യപാനത്തെച്ചൊലിയുണ്ടായ തർക്കമെന്ന് പൊലീസ്. ചേനാട്ടുക്കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യൻ(ബേബി) എന്ന 62 കാരനാണു വെടിയേറ്റു മരിച്ചത്.അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മലയോരത്തെ ഞെട്ടിച്ച കൊലപാതകം ഉണ്ടായത്.സംഭവവുമായി ബന്ധപ്പെട്ടു വാടതുരുത്തേൽ ടോമിയുടെ പേരിൽ ചെറുപുഴ പൊലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യപിച്ചെത്തിയ ടോമി അയൽവാസിയായ സെബാസ്റ്റ്യനെ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത വൈരാഗ്യത്തിൽ ടോമി വീട്ടിനകത്തു നിന്നു തോക്കുമായി വന്നു സെബാസ്റ്റ്യനു നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സമയം സമീപത്ത് തൊഴിലാളികൾ കാട് തെളിക്കുന്നുണ്ടായിരുന്നു.വെടിയേറ്റ സെബാസ്റ്റ്യനെ നാട്ടുകാർ ഉടൻ തന്നെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രതി ടോമി ഒളിവിൽ പോയതായും പൊലീസ് പറഞ്ഞു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ ഒരു കിലോമീറ്റർ ദൂരം കർണാടക വനത്തിലൂടെ സഞ്ചരിച്ചു തിരിച്ചുവന്നു.മദ്യപിച്ചെത്തി ബഹളുമുണ്ടാക്കുന്നതും അയൽവാസികളെ അസഭ്യം പറയുന്നതും ടോമിയുടെ പതിവാണെന്നു നാട്ടുകാരും പറയുന്നു.

മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ. പള്ളിത്താഴത്ത് മോളി ആണ് മരിച്ച സെബാസ്റ്റ്യന്റെ ഭാര്യ. മക്കൾ: വിപിൻ, സൗമ്യ. മരുമകൻ: ജോജൻ.