കൊച്ചി: നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസക്ക് നേരെ എത്ര വെടിയുതിർത്തു എന്നതിലായിരുന്നു ആശയക്കുഴപ്പം നിലനിന്നിരുന്നത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ അവ്യക്തതകൾ മാറി.

മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികൾ. മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്.

ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു. കേസിലെ നിർണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ 4 വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അപ്പോൾ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങൾ മാറി.

അതിനിടെ കൊല്ലപ്പെട്ട ഡെന്റൽ ഡോക്ടർ മാനസയുടെ 2 മൊബൈൽ ഫോണുകൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ തേടി ഈ ഫോണുകൾ പരിശോധിക്കുകയാണ് പൊലീസ്. ഇരയും കൊലയാളിയും മരിച്ചതോടെ ഇവർ തമ്മിലുള്ള അടുപ്പത്തിന്റെയും പകയുടെയും വിവരങ്ങൾ ഈ ഫോണുകളിൽ കണ്ടെത്താൻ കഴിയുമെന്നാണു പ്രതീക്ഷ.

ഒരേ ജില്ലക്കാരാണെങ്കിലും സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണു നിഗമനം. മാനസ താമസിച്ചിരുന്ന വാടകവീടിനു സമീപം ഒരു മാസത്തോളം തങ്ങിയ രഖിൽ ഇതിനിടയിൽ മാനസയെ ഫോണിൽ ബന്ധപ്പെട്ടു സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടാവുമെന്നാണു പൊലീസ് കരുതുന്നത്. ഇക്കാര്യത്തിൽ അടക്കം വിശദമായ വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.

മാനസ തള്ളിപ്പറഞ്ഞുവെങ്കിലും രഖിൽ മാനസയെ മറക്കാൻ തയ്യാറായിരുന്നില്ലെന്ന് മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ച രഖിലിന്റെ സുഹൃത്ത് ആദിത്യൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസ ഒഴിവാക്കിയതിൽ രഖിലിന് പകയുണ്ടായിരുന്നു.ഇത്തരത്തിലൊരു കൃത്യം രഖിൽ ചെയ്യുമെന്ന് കരുതിയിരുന്നില്ല. അത്തരത്തിലൊരു വ്യക്തിയായിരുന്നില്ല രഖിലെന്നും ആദിത്യൻ പറഞ്ഞു.

രഖിൽ മാനസയെ ഇഷ്ടപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ നേരത്തെ നല്ല ബന്ധമായിരുന്നു. വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ മാനസ പിന്നീട് പിന്മാറിയിരുന്നു. എന്തുകൊണ്ടാണ് മാനസ തന്നെ ഒഴിവാക്കുന്നതെന്ന് തനിക്ക് അറിയണമെന്ന് രഖിൽ കണ്ണൂരിൽ നിന്നും കോതമംഗലത്തേയക്ക് പോകുന്നതിന് മുമ്പ് തന്നോട് പറഞ്ഞിരുന്നു. അത് മാനസയോട് ചോദിച്ച് മനസിലാക്കിയിട്ട് തിരിച്ചു വന്ന് ബിസിസ് കൂടുതൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാമെന്ന് പറഞ്ഞാണ് രഖിൽ പോയതെന്നുമാണ് സുഹൃത്തുക്കൾ വ്യക്തമാക്കിയത്.