കൊച്ചി: റോഡിലൂടെ നഗ്‌നനായി ഓടിയ യുവാവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ ഇരുമ്പനം പുതിയ റോഡ് ബി.എം.സി നഗർ, എളമനത്തോപ്പിൽ വീട്ടിൽ വിഷ്ണു ടി. അശോകനെ (26) ഹിൽപാലസ് പൊലീസ് അറസ്റ്റു ചെയ്തു.

തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ മൂർക്കാട് വീട്ടിൽ ശ്രീനിവാസന്റെ മകൻ മനോജിനെ(40) യാണ് കഴിഞ്ഞ ആറിന് ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ മനോജ് റോഡിലൂടെ നഗ്‌നനായി ഓടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും കണ്ടെത്തി. ഇതോടെ മനോജിനെതിരെ സദാചാരവാദികളുടെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

നഗ്‌നനായി ഓടിയതിനാൽ അനാശാസ്യത്തിന് ആരുടെയോ വീട്ടിൽ നിന്നും പിടിച്ചതാണെന്നും മറ്റുമായിരുന്നു സദാചാര പൊലീസുകാരുടെ വാദം. ഇതേ തുടർന്ന് കുടുംബം അപമാനഭാരത്താൽ കഴിയുകയായിരുന്നു. എന്നാൽ പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞതോടെ സദാചാരവാദികൾക്ക് മിണ്ടാട്ടമില്ലാതായിരിക്കുകയാണ്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്. അഞ്ചിന് വൈകുന്നേരം ചിത്രപ്പുഴയിൽ വച്ചായിരുന്നു കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്. സംഭവത്തിന് ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. പ്രതിയും വിവാഹം നിശ്ചയിച്ചു വച്ചിരുന്ന ഇയാളുടെ പ്രതിശ്രുതവധുവും കൂടി ചിത്രപുഴ റോഡരുകിൽ നിന്ന് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മരിച്ച മനോജ് ഇതുവഴി നടന്നു വന്നു. മനോജ് പെൺകുട്ടിയോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് പ്രതി തർക്കത്തിലാവുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു.

മനോജിന്റെ കഴുത്തിന് പിന്നിലും തൊണ്ടയിലും പ്രതി താക്കോൽ കൊണ്ട് ഇടിച്ചിരുന്നു. യുവതിയും പ്രതിയും ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു. ഇടി കൊണ്ടതോടെ മനോജ് ഓടി പോവുകയും ഏതാനും ദൂരത്തിന് ശേഷം വഴിയിൽ വീണ് മരിക്കുകയും ചെയ്തു. ഓട്ടത്തിനിടയിൽ മുണ്ട് അഴിഞ്ഞു പോയതിനാൽ അർദ്ധനഗ്‌നമായ രീതിയിലായിരുന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്‌നനായി ഓടുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് സംഭവത്തിന്റെ ഏകദേശ രൂപം കിട്ടിയതോടെ അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. കുറച്ചുകാലം മുമ്പ് വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂർണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്റെ ബന്ധുക്കൾ പറയുന്നു. മാനസികമായി ചെറിയ അസ്വസ്ഥതകൾ ഉള്ളയാളാണെന്നും അങ്ങനെ എന്തെങ്കിലും പ്രതിയോടും യുവതിയോടും പറഞ്ഞതാകാമെന്നുമാണ് പൊലീസ് നിഗമനം.

കളമശ്ശേരി മെഡിക്കൽ കോളേജിലേ പൊലീസ് സർജൻ ഡോക്ടർ ഉമേഷ് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തപ്പോൾ തന്നെ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു. ഹിൽ പാലസ് സിഐ. കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

അന്വേഷണ സംഘത്തിൽ എസ്‌ഐ കെ.അനില, ഓമനക്കുട്ടൻ, എഎസ്ഐ മാരായ സജീഷ്, സന്തോഷ് എം.ജി, സന്തോഷ്, ഷാജി, സതീഷ്‌കുമാർ, സി.പി.ഒ അനീഷ് എന്നിവർ ഉണ്ടായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.വി ബേബി സംഭവസ്ഥലം സന്ദർശിച്ചിരുന്നു.