കണ്ണൂർ: സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘത്തിന്റെ ചരടുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് ബി.ജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു ഇതിന്റെ ഉള്ളറകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് എത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജാണ് ഇതൊക്കെ നിയന്ത്രിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.

പിഎം മനോജിന്റെ സഹോദരനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലാണ്. സ്വർണ്ണ കടത്തിന് പിന്നിൽ മനോജിന്റെ സഹോദരനാണെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ബിജെപിയും കൂടുതൽ വെളിപ്പെടുത്തലുമായി എത്തുന്നത്. അതീവ ഗൗരവ സ്വഭാവമുള്ള ആരോപണമാണ് ബിജെപിയുടേത്. ഇതെല്ലാം മനോജിനും അറിയാമെന്ന് കൂടിയാണ് അവർ ആരോപിക്കുന്നത്.

വൈകുന്നേരം വാർത്താ സമ്മേളനത്തിൽ തള്ളുന്ന മുഖ്യമന്ത്രി അറിയണം തന്റെ ഓഫിസിലിരിക്കുന്നവരും അവരുടെ ബന്ധുക്കളും എന്താണ് ചെയ്യുന്നതെന്ന്. പി.എം മനോരാജ് ഗൾഫിലേക്ക് ഇടയ്ക്കിടെ പോകുന്നത് സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനാണ്. കുത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫിസ് സ്വർണ കടത്തും ക്വട്ടേഷൻ സംഘംങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് തുറന്ന് വെച്ചിരിക്കുന്നത്.-ബിജെപി ആരോപിച്ചു.

നയതന്ത്ര ബാഗേജ് അന്വേഷണം വന്നപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരുന്നു. അന്ന് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ അഴിക്കുള്ളിലായി. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. രണ്ടാം പിണറായി സർക്കാരിനെ വെട്ടിലാക്കി കരിപ്പൂരിലെ സ്വർണ്ണ കടത്ത് മാറുന്നതിന് കാരണം കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളിലേക്കുള്ള കസ്റ്റംസ് അന്വേഷണമാണ്. ഈ സംഘത്തെ നിയന്ത്രിക്കുന്നത് മനോരാജാണെന്നാണ് കോൺഗ്രസും ബിജെപിയും പറയുന്നത്.

എതിർക്കുന്നവരുടെ തല വെട്ടിയെടുത്ത് മുൻപിൽ വയ്ക്കുന്നയാളാണ് മനോരാജ് എന്ന് ബിജെപി ആരോപിക്കുന്നു. മുന്ന് നിരത്തിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. കുത്തുപറമ്പിലെ പി.ബാലൻ സ്മാരക മന്ദിരമായി പ്രവർത്തിക്കുന്ന ഏരിയാ കമ്മിറ്റി ഓഫിസിൽ നിന്നും നിരവധി തവണ സ്വർണക്കടത്ത് കേസുകളിൽ മധ്യസ്ഥം പറഞ്ഞിട്ടുണ്ട്. പി. ജയരാജന്റെ സംരക്ഷണയിലാണ് മനോരാജും സംഘവും പ്രവർത്തിക്കുന്നത് എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ബിജെപി ഉയർത്തുന്നത്.

ഇവർ കോഴിക്കോടുനിന്നുള്ള ഒരു സംഘത്തിന്റെ പണവും സ്വർണവും തട്ടിയ കേസിൽ കണ്ണൂർ ജില്ലയിലെ ഒരു യുവ എംഎ‍ൽഎയുടെ നേതൃത്വത്തിലാണ് മധ്യസ്ഥത പറഞ്ഞത് ഇതിൽ ഒരു വിഹിതം പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. കുത്തുപറമ്പ് ഓഫിസിൽ നിന്നും മധ്യസ്ഥത പറയുന്നതിനിടെ വാദിയായി വന്നയാളുടെ ശരീരത്തിൽ ഇസ്തിരിപ്പെട്ടി വച്ചു പൊള്ളിച്ച സംഭവമുണ്ടായിട്ടുണ്ട്. ഷർമിഷ് എന്നയാളുടെ തല അടിച്ചു പൊട്ടിച്ചു. ഇതൊക്കെ അറിഞ്ഞിട്ടും എന്തുകൊണ്ട് സ്വർണക്കടത്ത് സംഭവത്തിൽ ഓരോ ദിവസവും കാപ്‌സ്യുളിറക്കുന്ന ജയരാജൻ ഇടപെട്ടില്ലെന്നു വ്യക്തമാക്കണം-ഇതാണ് ബിജെപിയുടെ ആവശ്യം.

ഇപ്പോൾ ആകാശ് തില്ലങ്കേരിയുമൊക്കെ തള്ളിപ്പറയുന്ന എം.വി ജയരാജൻ അവരുടെയൊക്കെ ജാമ്യം റദ്ദ് ചെയ്യാൻ തയ്യാറുണ്ടോയെന്നും ഹരിദാസ് ചോദിച്ചു. സിപിഎം മാഫിയകളുടെ പാർട്ടിയായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും കള്ളക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത് തടയാൻ ജയരാജന്റെ ക്യാപ് സുളുകൾ മതിയാവില്ല കള്ളക്കടത്ത് സംഘങ്ങൾക്കുള്ള വിദേശ ബന്ധം ഇവിടുത്തെ പൊലിസ് മാത്രം അന്വേഷിച്ചാൽ മാത്രം മതിയാവില്ല എൻ. ഐ.എ അന്വേഷിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

നേരത്തെ പി.ജയരാജനെതിരെ സിപിഎം നടപടിയെടുത്തത് വ്യക്തിപൂജയുടെ പേരിലോ സ്വയം സംഗീതമാൽബം ഉണ്ടാക്കിയതിനോഅല്ല. ഇത്തരം സംഘങ്ങളെ വളർത്തിയതിനാണെന്നും ഹരിദാസ് പറഞ്ഞു. ജയരാജന്റെ സൈബർ പോരാളിയാണ് അർജുൻ ആയങ്കിക്കായി കോടതിയിൽ ഹാജരായത്. ജയരാജനോപ്പം ആയങ്കി നിൽക്കുന്ന പല ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരു കാലത്ത് അഴീക്കോടൻ മന്ദിരത്തിലും തിരുവനന്തപുരത്തെ എ കെ ജി സെന്ററിലും നിത്യസന്ദർശകനായിരുന്നു അർജുനും ആകാശുമൊക്കെ. എ.കെ.ജി സെന്ററിലെ സൈബർ വിങിന് നേതൃത്വം നൽകിയിരുന്നത് ആകാശ് തില്ലങ്കേരിയായിരുന്നുവെന്നും ഹരിദാസ് ആരോപിച്ചു.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം കണ്ണുർ ജില്ലയിലെ മലയോര മേഖലയിൽ ചെങ്കൽ പണയ്ക്കായി സ്ഥലങ്ങൾ വാങ്ങി കൂട്ടുകയാണ്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും ഹരിദാസ് ചോദിച്ചു. മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ ട്രഷറർ യു.ടി ജയന്തൻ, നേതാക്കളായ അരുൺ കൈതപ്രം ,പി.ആർ രാജൻ എന്നിവരും പങ്കെടുത്തു.