കൊല്ലം: സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട മൺറോ തുരുത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൺറോ തുരുത്ത് ഗ്രാമപഞ്ചായത്തിലെ വില്ലിമംഗലം വാർഡിലാണ് ബിജെപിയുടെ സ്ഥാനാർത്ഥി സൂരജ് സുവർണ്ണൻ വിജയിച്ചിരിക്കുന്നത്. ഇടത് സ്ഥാനാർത്ഥി വിജയനെ 71 വോട്ടുകൾക്ക് പിൻതള്ളി 217 വോട്ടുകൾക്കാണ് വിജയിച്ചത്. 150 വോട്ടാണ് വിജയൻ നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ സുകുമാരൻ 79 വോട്ടുകൾക്ക് മൂന്നാം സ്ഥാനത്തേക്ക് പോയി.

ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്ത് വച്ച് പാർട്ടി പ്രവർത്തകനായ മണിലാൽ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച വലിയ പ്രചാരണമാണ് ഇതേ തുടർന്ന് സിപിഎം നടത്തിയത്. മണിലാലിന്റെ രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നിൽ ആഎസ്എസാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് റിപ്പോർട്ട് നൽകി. പക്ഷേ പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിയ സിപിഎം മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന മുൻവാദത്തിൽ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത്.

മൺറോത്തുരുത്തിലെ അഞ്ചാം വാർഡ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ച് ഡിസംബർ ആറിന് രാത്രി 8:30നാണ് മണിലാൽ എന്ന അമ്പതുകാരൻ കുത്തേറ്റ് മരിച്ചത്. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച അശോകൻ എന്ന പ്രദേശവാസിയാണ് മണിലാലിനെ കുത്തിയത്. ഒരു മാസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടെത്തിയാണ് അശോകനും കുടുംബത്തിനും ബിജെപി അംഗത്വം നൽകിയതെന്നും അതുകൊണ്ടു തന്നെ ആസൂത്രിത രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നും സിപിഎം വിമർശനം ഉയർത്തിയിരുന്നു.

റിസോർട്ട് നടത്തിപ്പിലെ പ്രശ്നങ്ങളും മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടർന്നുള്ള തർക്കവും ഇരുവരും തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്ന്ാണ് പൊലീസിന്റെ എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും പറയുന്നു. പൊലീസ് തയ്യാറാക്കിയ രണ്ട് ഔദ്യോഗിക രേഖകളിലും ആർഎസ്എസിനെക്കുറിച്ചോ സിപിഎമ്മിനെക്കുറിച്ചോ പരാമശമില്ല.

കേസിൽ പ്രതിയായ അശോകന്റെ ഭാര്യ ബിജെപി ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നെന്ന കാര്യം ബിജെപി പ്രാദേശിക നേതൃത്വം സമ്മതിച്ചിരുന്നു. എന്നാൽ അശോകൻ സിപിഎം അനുഭാവിയാണെന്നും മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് ബിജെപി നേരത്തെ നൽകിയ വിശദീകരണം. വ്യക്തിപരമായ തർക്കങ്ങളെ തുടർന്നുള്ള കൊലപാതകം രാഷ്ട്രീയ കൊലപാതകം എന്ന തരത്തിലേക്ക് മാറ്റി സിപിഎം വോട്ട് നേചാൻ ശ്രമിക്കുകയായിരുന്നു എന്ന് നാട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി ജയിച്ചതെന്ന് ബിജെപി പ്രാദേശിക നേതൃത്വം വ്യക്തമാക്കി.