തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം അന്വേഷിച്ച പൊലീസ് സത്യം കണ്ടെത്തി. ഭാര്യയുടെ കാമുകനാണ് ബംഗാൾ ഹൂഗ്ലി ശേരാഫുളി ഫാരിഡ്പുർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ മാലിക്കിനെ(40) കൊലപ്പെടുത്തിയത്. നേരത്തെ താനാണ് കൊലപ്പെടുത്തിയതെന്ന് ബംഗാൾ സ്വദേശിതന്നെയായ ഭാര്യ രേഷ്മാബീവി (30) കുറ്റസമ്മതം നടത്തിയിരുന്നു. ഇവരുടെ അയൽവാസി ബീരു (33) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബീരുവും രേഷ്മയും തമ്മിൽ അവിഹിത ബന്ധത്തിലായിരുന്നു.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മ ബീവിയുടെ കാമുകൻ ബീരു (28) ആണ് മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ കൊലപ്പെടുത്താൻ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ പെരിഞ്ചേരിയിലാണ് സംഭവം. മറ്റൊരാളുടെ സഹായത്തോടെ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ രേഷ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകന്റെ പങ്ക് വെളിവായത്.

ഒരാഴ്‌ച്ച മുമ്പാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മൻസൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഡിസംബർ 13 മുതൽ മൻസൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ഞായറാഴ്ച ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെൽ മുഖേന മൻസൂറിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഡിസംബർ 13-നുശേഷം ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പൊലീസിന്റെ അന്വേഷണം തുടരുന്നതിനിടെ ഭർത്താവിനെ കൊന്നത് താൻതന്നെയാണെന്ന് മറ്റൊരു അതിഥി തൊഴിലാളി മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു. വഴക്കിനിടെ മൻസൂറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് രേഷ്മ പൊലീസിനെ അറിയിച്ചത്.

11 വർഷമായി കേരളത്തിൽ സ്വർണപ്പണി നടത്തുന്ന മൻസൂർ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പാറക്കോവിലിലെ വാടകവീട്ടിലാണ് താമസം. മുകൾനിലയിൽ മൻസൂറും കുടുംബവും താഴത്തെനിലയിൽ ബീരുവിന്റെ കുടുംബവുമാണ് താമസിക്കുന്നത്. സ്വർണപ്പണിയിൽ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിനൊപ്പം താമസിക്കുന്നുണ്ട്. വീടിനു പിന്നിലെ പറമ്പിൽ മൃതദേഹം കുഴിച്ചിടാൻ ബീരുവിനെ സഹായിച്ചുവെന്നാണ് രേഷ്മാബീവി വെളിപ്പെടുത്തിയത്.

ഇന്ന് രാവിലെ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയാൽ അവിടെത്തന്നെ മൃതദേഹപരിശോധന നടത്താനുള്ള ഒരുക്കം തുടങ്ങി. ഇരിങ്ങാലക്കുട ഡിവൈ.എസ്‌പി. ബാബു കെ. തോമസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി. പി.സി. ബിജുകുമാർ, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി.

ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകിയ ഭാര്യ കൊലപാതകമെന്ന് കുറ്റസമ്മതം നടത്തിയത് രണ്ടുമണിക്കൂറിനുള്ളിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പരാതി നൽകിയത്. രണ്ടുമണിയോടെയാണ് കൊലപാതകമെന്ന് അറിയിച്ചത്. മൻസൂറിനെ കാണാതായത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയുമ്പോൾത്തന്നെ രേഷ്മയുടെ ഭാവമാറ്റങ്ങളിൽ സംശയം തോന്നിയതായി പൊലീസ് പറഞ്ഞു. ഒരാഴ്ചമുമ്പ് കൊലയും കുഴിച്ചുമൂടലും നടന്നതായി സംശയിക്കുന്ന വീട്ടിൽ ഇതൊന്നുമറിയാതെ കഴിഞ്ഞത് മൂന്ന് കുട്ടികൾ.

മൻസൂറിന്റെയും രേഷ്മയുടെയും പന്ത്രണ്ടും ഏഴും വയസ്സുള്ള ആൺകുട്ടികൾ അവർക്കൊപ്പം മുകൾനിലയിൽ ഉണ്ടായിരുന്നു. പണിക്ക് സഹായിയായി നിൽക്കുന്ന ഒരു ആൺകുട്ടി ബീരുവിനൊപ്പം താഴത്തെനിലയിലും. ഇവരെ ശിശുക്ഷേമസമിതി പ്രവർത്തകർ ഞായറാഴ്ച വൈകീട്ട് കൊണ്ടുപോയി. കുട്ടികളുമായി പൊലീസ് സംസാരിച്ചതിൽ കൊലപാതകമോ വഴക്കോ നടന്നതിന്റെ ഒരു സൂചനയും ലഭിച്ചില്ല.

വഴക്കിനിടെ കൊല നടത്തിയെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. എന്നാൽ, രണ്ടുകൊല്ലംമുമ്പുവരെ മാതാപിതാക്കൾ തമ്മിൽ വഴക്കുകൂടാറുണ്ടെങ്കിലും ശേഷം ഉണ്ടായിട്ടില്ലെന്നാണ് മൂത്തമകൻ പൊലീസിനോട് പറഞ്ഞത്. കാമുകൻ ബീരുവിനെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇയാളുടെ മൊഴി. പിന്നീടാണ് ബീരുവാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. കുട്ടികൾ മാത്രമല്ല പരിസരവാസികളും ഇതേക്കുറിച്ച് അറിഞ്ഞില്ലെന്നു പറയുന്നു. ഒരടി ആഴമുള്ള കുഴിയുണ്ടാക്കി മൃതദേഹം മറവുചെയ്തുവെന്ന് പറയുന്നു. മണ്ണിന് മുകളിൽ ചവറും മറ്റും കിടക്കുന്നതിനാൽ കുഴിച്ചുമൂടിയ ഭാഗവും വ്യക്തമല്ല. ഒരാഴ്ചയായിട്ടും പരിസരത്ത് ദുർഗന്ധമൊന്നും ഉണ്ടായില്ല.