മറയൂർ: വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിച്ച് വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ച ശേഷം കമിതാക്കൾ കൈഞരമ്പു മുറിച്ച ശേഷം കൊക്കയിൽച്ചാടി. യുവാവ് രക്തംവാർന്ന് മരിച്ചു. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കൽക്കോളേജിലേക്ക് മാറ്റി.

പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ അലിയുടെ മകൻ വീട്ടിൽ നാദിർഷാ അലി (30) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ് മറയൂർ സ്വദേശിനിയായ അദ്ധ്യാപികയെ കണ്ടെത്തുന്നത്. രക്തം വാർന്ന് അവശനിലയിലായിരുന്നു.

അദ്ധ്യാപികയെ ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. നില ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മറയൂർ പൊലീസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പിടി മോഹൻ ദാസ്, മുൻ പഞ്ചായത്തംഗം ശിവൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ കുളച്ചിവയൽ ആദിവാസി കുടിയിലെ യുവാക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂർ തിരച്ചിലിനൊടുവിലാണ് പാറക്കെട്ടിന് താഴ്ഭാഗത്ത് നിന്നും വൈകിട്ട് 6 മണിയോടെ യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു. മറയൂർ ജയ് മാതാ സ്‌കൂളിലെ അദ്ധ്യാപികയും ഇതെ സ്‌കൂളിൽ ഡാൻസ് പരിശീലകരോടൊപ്പം എത്തിയ പെരുമ്പാവൂർ സ്വദേശിയായ നാദിർഷായും മൂന്നു വർഷത്തോളമായി അടുപ്പം പുലർത്തിയിരുന്നു. നാദിർഷായ്ക്ക് വിവാഹ ആലോചനയെത്തി. എന്നാൽ പ്രണയം വീട്ടിൽ പറയാനും ധൈര്യം ഉണ്ടായില്ല. ഇതാണ് പെൺസുഹൃത്തുമൊത്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

ഇന്നലെ അദ്ധ്യാപികയെ കാണാനായി നാദിർഷാ മറയൂരിൽ വരികയായിരുന്നു. രാവിലെ 10 മണി വരെ ഓൺ ലൈൻ ക്ലാസ് നടത്തിയിരുന്ന അദ്ധ്യാപിക , ഇതിന് ശേഷം നാദിർഷയ്ക്കൊപ്പം പോയി എന്നാണ് വിവരം. ഇരുവരും ചേർന്ന് പയസ് നഗർ, ഇരച്ചിൽ പാറ, കാന്തല്ലൂർ ഗുഹനാഥപുരം എന്നിവിടങ്ങളിൽ ചുറ്റി കറങ്ങിയ ശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റിൽ എത്തി.

ഇവിടെ കാർ നിർത്തിയിട്ടശേഷം മരിക്കാൻ പോകുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്കയക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കൈകൾ മുറിക്കാൻ ഉപയോഗിച്ച ബ്ലെയ്ഡ്, മദ്യകുപ്പി, ഇരുവരുടെയും ചെരുപ്പുകൾ, വസ്ത്രം, മൊബൈൽ ഫോൺ എന്നിവ രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തി.

ഭ്രമരം പോയിന്റിലെത്തിയ വിനോദ സഞ്ചാരികൾ താഴെ ഭാഗത്ത് യുവതിയുടെ ശബ്ദം കേൾക്കുന്നതായി അതുവഴി എത്തിയ സമീപവാസികളായ തൊഴിലുറപ്പ് തൊഴിലാളികളോട് പറയുകയും ആ തൊഴിലാളികളാണ് കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ അടുത്തെത്തിയ സമയത്താണ് പാറയ്ക്ക് താഴെ ആൾ വീണീട്ടുണ്ടെന്ന് പറയുന്നത്.

തൊഴിലാളികൾ ഉടനെ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസിനെ വിളിച്ചറിയിക്കുകയും തുടർന്ന് ജീപ്പ് വിളിച്ച് യുവതിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.