മറയൂർ: പാളപ്പെട്ടി ആദിവാസി കോളനിവാസി ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട മേഖലയിലെ ചന്ദനം കടത്തുമാഫിയാസംഘത്തിലെ പ്രധാനിയെത്തേടി പൊലീസ് അന്വേഷണം ഊർജ്ജിതം.

സംഭവത്തിന് ശേഷം ഇയാൾ സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് അന്വേഷണസംഘം വനമേഖലയിൽ തിരച്ചിൽ നടത്തുമെന്നാണ് സൂചന. സദാസമയവും തോട്ടാ തോക്കും കൈയിൽക്കരുതി നടക്കുന്ന ഇയാളെ പിടികൂടുക എന്നത് അത്യന്തം അപകടകരമായ ദൗത്യമാണെന്നാണ് ഉദ്യേഗസ്ഥസംഘത്തിന്റെ വിലയിരുത്തൽ. മറയൂരിലെ വീരപ്പൻ എന്നാണ് ഇയാളെ അറിയപ്പെടുന്നത്.

ചന്ദനം കടത്തിനായി ഇയാൾ മദ്യവും പണവും നൽകി രൂപപ്പെടുത്തിയ കുട്ടികളടക്കമുള്ള ഒരു സംഘം മേഖലയിൽ സജീവമാണ്. സ്ഥിതിഗതികൾ വിലയിരുത്തി, മേഖലയിലാകെ ചുറ്റിക്കറങ്ങുന്ന ഇവരുടെ കൈവശം തോക്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. സ്പോർട്സ് ബൈക്കുകളിലാണ് ഇവരുടെ സഞ്ചാരം. മറയൂരിൽ നിന്നും പാളപ്പെട്ടിയിലേയ്ക്കുള്ള ദുർഘടപാതവഴിയുള്ള ഇവരുടെ യാത്ര ബൈക്ക് അഭ്യസികളെപ്പോലും അമ്പരപ്പിക്കുന്നതാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടികളെ ചന്ദന കൊള്ളയ്ക്ക് നിയോഗിക്കുന്നത് പ്രായത്തിന്റെ ആനുകൂല്യത്തിൽ കേസിൽ നിന്ന് രക്ഷപ്പെടാനാണ്.

ചന്ദ്രികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബുദ്ധികേന്ദ്രം കാട്ടിലൊളിച്ച ചന്ദനം കടത്തുകാരനാണെന്ന് പൊലീസിന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാവാത്ത രണ്ട് പേരെ തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം നൽകിയത് ഇയാളെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രയാപൂർത്തിയാവാത്ത കേസ്സിലെ ഒന്നാം പ്രതി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. തോക്കുപയോഗിക്കാൻ വനമേഖലയിൽ ഒരാഴ്ചയോളം നീണ്ടുനിന്ന പരിശീലം നൽകിയെന്ന് ഈ പ്രതി പൊലീസിൽ സമ്മതിച്ചതായിട്ടാണ് ലഭ്യമായ വിവരം.

തമിഴ്‌നാട്ടിലെ ചന്ദനം കടത്ത് മാഫിയയുമായി അടുത്ത ബന്ധമുള്ളതും പത്തിലേറെ ചന്ദനം കടത്തൽ കേസിലെ പ്രതിയുമായ മറയൂരിലെ ചന്ദനം കടത്തുവീരനെ പിടികൂടാൻ വനംവകുപ്പും നീക്കം ശക്തമാക്കിയിട്ടുണ്ട്.തമിഴ്‌നാടിനോട് അടുത്തുകിടക്കുന്ന പ്രദേശമാണ് പാളപ്പെട്ടിക്കുടി.വനമേഖലയിലെ കുറുക്കുവഴികളിലൂടെ സഞ്ചരിച്ചാൽ കുറഞ്ഞ സമയംകൊണ്ട് കേരള അതിർത്തികടക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.ചന്ദനം അതിർത്തികടത്തിക്കൊടുത്താൽ അക്കൗണ്ടിലേയ്ക്ക് പണം നൽകുന്ന രീതിയാണ് തമിഴ്‌നാട്ടിലെ ചന്ദനംകടത്ത് മാഫിയ പിൻതുടരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പാളപ്പെട്ടികുടിയിലെ താമസക്കാരിയായ ചന്ദ്രിക(34) വെടിയേറ്റ് മരിച്ചത്.സംഭവത്തിൽ അറസ്റ്റിലായ 17 കാരനും 16കാരനുംണ്.ഇവരുടെ കൂട്ടാളിയായ മണികണ്ഠനും(19)പാളപ്പെട്ടി ആദിവാസികോളനിവാസികളാണ്.മണികണ്ഠനെ ദേവികുളം കോടതിയിലും പ്രായപൂർത്തിയാവാത്ത മറ്റ് രണ്ട് പ്രതികളെ തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെയും ഹാജരാക്കി.മൂവരും റിമാന്റിലാണ്.

പാളപ്പെട്ടികോളനി മേഖലയിൽ വനം-പൊലീസ് ഉദ്യോഗസ്ഥർ അടുത്തകാലത്ത് ഭയപ്പാടോടെയാണ് എത്തിയിരുന്നത്.തോട്ടത്തോക്കുമായി ചന്ദനമാഫിയ സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു.മറയൂരിൽ നിന്നും 16 കിലോമാറ്റർ ദൂരമെ ഉള്ളുവെങ്കിലും ഇവിടെ എത്താൻ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും. കുറച്ചുദൂരം ജീപ്പിൽപോകാം.പിന്നെ നടപ്പ് മാത്രമാണ് കോളനിയിലെത്തുന്നതിനുള്ള മാർഗ്ഗം.ഇതാണ് ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനമാഫിയയ്ക്ക് അനുഗ്രഹമായിട്ടുള്ളത്.

അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്ദനംമുറിച്ച് കടത്താൻശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.ഈ കേസ്സിൽ റിമാന്റിലായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്.തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരൻ അശോകനെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.തോക്കും ലഭ്യമാക്കിയും ആവശ്യമായ പരിശീലനം നൽകിയും ചന്ദനം കടത്തുകാരനും ഒപ്പം നിന്നു.

വെള്ളിയാഴ്ച വൈകിട്ട് മണികണ്ഠനും പ്രായപൂർത്തിയാവാത്ത 2 പേരും അടങ്ങുന്ന സംഘം അശോകനെത്തേടി ചന്ദനറിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി.രാത്രിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് തന്നെ കേസിൽ കുടുക്കിയ അശോകനുമായി ചന്ദ്രികയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്ക് നേരെ സംഘത്തിലെ 17 കാരൻ പിൻകഴുത്തിൽ നിറയൊഴിച്ചത്.ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.

കൃഷി ചെയ്തിരുന്ന പഞ്ഞപ്പുല്ലിന് രാത്രി കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്നു ചന്ദ്രികയെ തേടിച്ചെന്ന് കുട്ടികൊലയാളി വെടിവച്ചുവീഴ്‌ത്തുകയായിരുന്നു.ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം ഓടിമറഞ്ഞു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തി.വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഭവത്തിലുൾപ്പെട്ട മൂവരെയും കസ്റ്റഡിയിലെടുത്തു.കൃത്യത്തിന് ശേഷം സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.