തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഈ മാസം 26ന് ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന സർവകക്ഷി യോഗ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ബാധകമാക്കി സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചെന്നും യുഡിഎഫ് ആരോപിക്കുന്നു.

1964 ലെ ഭൂപതിവു ചട്ടപ്രകാരം അനുവദിച്ച പട്ടയത്തിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമ്മാണങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ജില്ലാ ഘടകം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിലവിൽ ഇത്തരം പട്ടയത്തിൽ ഉൾപ്പെടുന്ന ഭൂമിയിൽ വീടും കൃഷി അനുബന്ധ നിർമ്മാണങ്ങളും മാത്രമേ അനുവദിക്കുയുള്ളു. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പട്ടയം റദ്ദാക്കുന്നതിനു വരെ റവന്യു വകുപ്പിന് അധികാരമുണ്ട്.

1964 ലെ ഭൂപതിവു ചട്ടം അനുസരിച്ചു നൽകിയിട്ടുള്ള പട്ടയ ഭൂമിയിൽ ഏലം ഡ്രയർ, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങൾ, ടൂറിസം അനുബന്ധ വ്യവസായങ്ങൾ, ഹോട്ടലുകൾ, കട മുറികൾ എന്നിവയെല്ലാം നിയമ വിരുദ്ധമാണ്. ചെറുകിട വ്യവസായങ്ങൾക്കും അനുമതിയില്ല. വാടകയ്ക്കു കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച വീടുകൾ വരെ വാണിജ്യാവശ്യങ്ങളിൽ വരുന്നതിനാൽ ഇതും നിയമവിരുദ്ധമാകും.

നിലവിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും നിയമം ബാധകമാണ്. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനും ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട ഇടപാടുകൾക്കും നിയമം തടസ്സമാകും.