പത്തനംതിട്ട: കാപ്പ അടക്കം നിരവധി കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളുടെ മാതാവിനെ കാൽ കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത (57 യാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഓട്ടോറിക്ഷയിൽ പത്തനാപുരത്തുനിന്നും അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം ചാങ്കൂർ കല്ലുവിള ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, നാർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് സുജാതയെ പൊലീസ് പിടികൂടിയത്. ഇവരുടെ കൈവശത്തുനിന്നും 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

ഇവരുടെ മക്കളായ സൂര്യലാൽ ചന്ദ്രലാൽ എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മൂത്തമകൻ സൂര്യലാൽ കഞ്ചാവു വില്പന, വധശ്രമം തുടങ്ങിയ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പാ നിയമ പ്രകാരം നാടു കടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമ കേസിലുൾപ്പെട്ടയാളുമാണ്. ഇയാൾ പെൺകുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിലെ എഎസ്ഐ അജികുമാർ, സിപിഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവർക്ക് പുറമെ, അടൂർ ഡിവൈ.എസ്‌പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻസ്പെക്ടർ പ്രജീഷ്.ടി.ഡി, എസ് ഐമാരായ വിപിൻ കുമാർ, ധന്യ.കെ.എസ്, സുദർശന.എസ്, എസ് സി പി ഓമാരായ സജികുമാർ, രാജേഷ് ചെറിയാൻ എന്നിവരും അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കഞ്ചാവ് ചില്ലറവില്പനക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച കൂടുതൽ കാര്യങ്ങളെപ്പറ്റി പൊലീസ് അന്വേഷിച്ചുവരുന്നു.

കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ അനധികൃത കടത്തും വില്പനയും തടയുന്നതിനുള്ള നടപടികൾ ജില്ലയിൽ തുടരുകയാണെന്നും, ഇത്തരക്കാരെ അടിച്ചമർത്തുമെന്നും ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ് അറിയിച്ചു.