ഇരിട്ടി: വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന ഒരു കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കേളകം അടയ്ക്കാത്തോട് സ്വദേശി സി.ജെ ഷിനോയി(34)യെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അടയ്ക്കാത്തോട് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് കെ.എൽ 78 എ 8055 നമ്പർ ജാവ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരവുമായി പ്രതി പിടിയിലായത്.

ബൈക്ക് അധികൃതർ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫിസർമാരായ എൻ.പത്മരാജൻ, ജോണി ജോസഫ്, ഐ.ബി പ്രിവന്റിവ് ഓഫിസർ കെ.നിസാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി വിജയൻ, വി.എൻ സതീഷ്, ജി.സന്ദീപ്, വി.ഷിനോജ് എന്നിവർ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.