ദിസ്പുർ: മകന്റെ മൂന്നാം ജന്മദിനത്തിനായി വീട്ടിലേക്ക് പോകാനിരിക്കെയാണ് മണിപ്പുരിൽ ഭീകരാക്രമണത്തിൽ സുമൻ സ്വർഗ്യാരി എന്ന സൈനികൻ വീരമൃത്യു വരിച്ചത്. ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ ഭാര്യയായ ജൂരി സ്വർഗ്യാരിയെ സുമൻ ഫോണിൽ ബന്ധപ്പെടുകയും ഡിസംബറിൽ വീട്ടിലേക്ക് വരുമെന്ന വിവരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബം ദുഃഖം ഉള്ളിലൊതുക്കി പറയുന്നത്.

2011ലാണ് സുമൻ അസ്സം റൈഫിൾസിൽ ചേർന്നത്. സുമന്റെ പിതാവും 2007ൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സുമൻ. പക്ഷെ അച്ഛൻ പോയ അതേ വഴിയിൽ സുമനും വിടപറഞ്ഞതായി അദ്ദേഹത്തിന്റെ അമ്മാവൻ പറയുന്നു. ഡിസംബറിൽ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോൾ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ മൃതദേഹം മാത്രമാണ്.. അമ്മാവൻ കണ്ണീരോടെ പറയുന്നു.

അസ്സാമിലെ ബക്സ പൊലീസ് സ്റ്റേഷനിൽ പരിധിയിലെ തെക്കെറകുചിയാണ് സുമന്റെ സ്വദേശം. മരണവിവരം ഞായറാഴ്ച രാവിലെയാണ് കുടുംബം അറിഞ്ഞത്. ജൂലൈയിലാണ് സുമൻ അവസാനമായി വീട്ടിലേക്ക് വന്നത്. ഒരാഴ്ച മാത്രം വീട്ടിൽ താമസിച്ചതിന് ശേഷം തിരിച്ചുപോയി. ഡിസംബറിൽ, മകന്റെ പിറന്നാളിന് തീർച്ചയായും വരുമെന്ന് ഉറപ്പ് നൽകിയാണ് സുമൻ തിരിച്ചുപോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജൂരി പറയുന്നു.

കഴിഞ്ഞദിവസം വിളിച്ചപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും മകന്റെ പിറന്നാളിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പിറന്നാൾ ആഘോഷമാക്കണമെന്നും പറഞ്ഞാണ് ഫോൺ വെച്ചത്. പതിവില്ലാതെ വളരെ പെട്ടന്ന് ഫോൺ വെച്ചിരുന്നു. ഡ്യൂട്ടി സ്ഥലത്ത് നിന്ന് തിരിച്ചുവരികയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു. അത് അവസാനത്തെ സംഭാഷണം ആയിരുന്നുവെന്ന് അറിഞ്ഞില്ല- ജൂരി മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിതുമ്പി.

സുമൻ വിളിക്കാതിരുന്നതിൽ ആശങ്കയുണ്ടായിരുന്നു. പരിക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും രാത്രി ഏതാനും സൈനിക ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞു. ഞായറാഴ്ച രാവിലെയാണ് മരണവിവരം കുടുംബം അറിഞ്ഞത്.

ശനിയാഴ്ചയാണ് മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിൾസിന്റെ കമാൻഡിങ് ഓഫിസർ കേണൽ വിപ്ലൗ ത്രിപാഠിയും നാല് സൈനികരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. കേണലിന്റെ ഭാര്യ, നാലു വയസ്സുള്ള മകൻ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

മ്യാന്മറുമായി അതിർത്തി പങ്കിടുന്ന ചുരാചന്ദ്പുരിൽ സൈനിക ക്യാംപ് സന്ദർശിച്ചു മടങ്ങുകയായിരുന്ന സംഘത്തെ രാവിലെ 10 മണിയോടെയാണ് ഭീകരർ പതിയിരുന്നാക്രമിക്കുകയായിരുന്നു. മണിപ്പുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ചുരാചന്ദ്പുരിൽനിന്ന് 50 കിലോമീറ്ററോളം അകലെ ഉൾപ്രദേശത്താണ് ആക്രമണം നടന്നത്.

മണിപ്പൂർ ആക്രമണത്തിന് പിന്നിലെ ഭീകരർക്കായുള്ള അന്വേഷണം സുരക്ഷാ സൈന്യം ശക്തമാക്കി. ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാന്മർ അതിർത്തിയിൽ ഒളിച്ചിരിക്കുന്നതായുള്ള സൂചനകളെ തുടർന്നാണ് തെരച്ചിൽ. അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്.

അതിർത്തി മേഖലയിൽ നടത്തുന്ന ആയുധക്കടത്തിനെതിരെ സുരക്ഷാസേന സ്വീകരിച്ചുവന്ന നടപടികളാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവം നടന്ന ചുരാചന്ദ്പൂർ പ്രദേശം സംഘർഷമേഖലകളിൽ ഉൾപ്പെട്ട പ്രദേശമല്ല. ഈ മേഖകളിൽ സംഘർഷ സാഹചര്യമുണ്ടാക്കാനുള്ള ശ്രമം കൂടിയാണിതെന്നും സുരക്ഷാസേന വിലയിരുത്തുന്നു.

അതിനാൽ പ്രദേശത്തെ സുരക്ഷയും കർശ്ശനമാക്കിയിരിക്കുകയാണ്. കമാൻഡിങ് ഓഫീസർ വിപ്ലൗ ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കഴിഞ്ഞ് ദിവസം ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കമാൻഡിങ് ഓഫീസറും, ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു.

ആക്രമണത്തെ ശക്തമായി അപലപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ കുറ്റവാളികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. മണിപ്പൂർ ആസ്ഥാനമായുള്ള പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്.