തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടർന്നുള്ള വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആക്കുളത്ത് നിന്നാണ് മുന്നൂറ് കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. ഇടുക്കി തൊടുപുഴ സ്വദേശി ബനാഷ് മലപ്പുറം അരീക്കോട് സ്വദേശി അജ്നാസ് എന്നിവരാണ് പിടിയിലായത്. ഇരുവർക്കും 27 വയസാണ്.ഒന്നരക്കോടി വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ കഞ്ചാവ് പിടികൂടിയവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ തച്ചോട്ടുകാവിൽ കാറിൽ കൊണ്ട് വന്ന 405 കിലോ കഞ്ചാവാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി ഹരി, വള്ളക്കടവ് സ്വദേശി അസ്‌കർ എന്നിവരാണ് രണ്ട് കോടി രൂപ വിലയുള്ള കഞ്ചാവുമായി പിടിയിലായത്.

ആന്ധ്രയിലെ രാജമണ്ടിയിൽ നിന്ന് കഞ്ചാവുമായി സംഘം കേരളത്തിലേക്ക് പുറപ്പെട്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അതിർത്തിയായ അമരവിളയിൽ തമ്പടിച്ചു. ഇവിടെ വച്ചിരുന്ന ബാരിക്കേഡ് ഇടിച്ചുതെറിപ്പിച്ച പ്രതികൾ അതിവേഗം കാറുമായി മുന്നോട്ട് പോയി. വിടാതെ പിന്തുടർന്ന എക്‌സൈസ് സംഘം പതിനഞ്ച് കിലോമീറ്റർ ഇപ്പുറം തച്ചോട്ട്കാവിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഒരു ലക്ഷം രൂപ വീതം പ്രതിഫലത്തിൽ ശ്രീകാര്യത്തുള്ള രണ്ട് പേർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്‌സൈസിനോട് പറഞ്ഞത്. കഞ്ചാവുമായി വരുന്ന വഴി ചെന്നൈയിൽ വച്ച് കാർ ലോറിയിൽ ഇടിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യം മുതലാക്കാനാണ് വൻ തോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.