കൊച്ചി: ഇന്ന് ഞായറാഴ്ച. പ്രധാന പത്രങ്ങളിലെ ഫ്രണ്ട് പേജിൽ പരസ്യം നൽകാൻ ധാരാളം പേരുള്ള ദിവസം. എന്നിട്ടും ഇന്ന് ആ പരസ്യത്തിലൂടെ കിട്ടുന്ന തുക മാതൃഭൂമി വേണ്ടെന്ന് പറഞ്ഞു. അതും മനോരമയ്ക്ക് സൗഹൃദ ദിനാശംസ നേരാൻ.

ലോക സൗഹൃദ ദിനത്തിലാണ് മലയാള മനോരമ ദിനപത്രത്തിന് ആശംസകൾ നേർന്ന് കൊണ്ടുള്ള മാതൃഭൂമി പത്രത്തിലെ പരസ്യം സോഷ്യൽ മീഡയിൽ വൈറലാക്കുന്നത്. പത്രത്തിന്റെ ഒന്നാം പേജിലാണ് മനോരമയ്ക്ക് മാതൃഭൂമി സൗഹൃദ ദിനാശംസകൾ നേർന്നത്. 'പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ'- ഒന്നാം പേജിലെ പരസ്യത്തിൽ മാതൃഭൂമി കുറിച്ചു.

ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദ ദിനം അഥവാ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. ജീവിതത്തിൽ സമാധാനവും സന്തോഷവും വളർത്തുന്നതിൽ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാധാന്യം വളരെ വലുതാണ്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്ന് നമ്മുടെ പഴമക്കാർ പറയാറുണ്ട്. നല്ല സൗഹൃദങ്ങളാണ് ജീവിതത്തിൽ ഉണ്ടാകേണ്ടത്. അത് മാതൃഭൂമിയെ സംബന്ധിച്ചിടത്തോളം മനോരമയാണ്. അതാണ് അവർ പറഞ്ഞു വയ്ക്കുന്നത്.

കേരളത്തിൽ പരസ്പരം സർക്കുലേഷൻ ഉയർത്താൻ മത്സരിക്കുന്ന പത്രങ്ങലാണ് മാതൃഭൂമിയും മനോരമയും. വേറിട്ട ചിന്തകളിലൂടെ പരസ്പരം മാധ്യമ ലോകത്ത് മത്സരിക്കുന്നവർ. പക്ഷേ ഈ സൗഹൃദ ദിനത്തിൽ എല്ലാ അർത്ഥത്തിലും വിജയം മാതൃഭൂമിക്കായി. ഇതൊരു പുതിയ തുടക്കമാകും മലയാള പത്രലോകത്തിന് നൽകുകയെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം.

ജനങ്ങളും രാജ്യങ്ങളും സംസ്‌കാരങ്ങളും വ്യക്തികളും തമ്മിലുള്ള സൗഹൃദം ശക്തമാക്കി, കൂടുതൽ സമാധാനവും സഹകരണവുള്ള ലോകം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിലൂടെ മുന്നോട്ടു വയ്ക്കുന്ന ആശയം. കാർഡുകളും സമ്മാനങ്ങളും കൈമാറിയും കയ്യിൽ ഫ്രണ്ട്ഷിപ്പ് ബാൻഡുകൾ അണിയിച്ചുമൊക്കെ ലോകമെമ്പാടുമുള്ള ജനങ്ങൾ സൗഹൃദ ദിനം കൊണ്ടാടുന്നു. അത്തരമൊരു ദിവസമാണ് സൗഹൃദ ചിന്തയിലൂടെ മനോരമയെ മാതൃഭൂമി ആശംസ അറിയിക്കുന്നത്.

ഹാൾമാർക്ക് കാർഡ്സിന്റെ സ്ഥാപകനായ അമേരിക്കക്കാരൻ ജോയ്സ് ഹാളാണ് ആദ്യമായി സൗഹൃദ ദിനം ആഘോഷിക്കുന്നത്. 1930ൽ ഓഗസ്റ്റ് രണ്ടിന് ആയിരുന്നു അത്. എന്നാൽ ഗ്രീറ്റിങ് കാർഡുകൾ വിൽക്കാനുള്ള ജോയ്സിന്റെ ബിസിനസ് തന്ത്രമായി കണ്ട് ജനങ്ങൾ ഈ ദിനം ഉപേക്ഷിക്കപ്പെട്ടു. എന്നാലും സൗഹൃദ ദിനമെന്ന ആശയം പലയിടത്തും വളരാൻ ഇത് കാരണമായി.