കൊച്ചി: സിൽവൽ ലൈൻ പദ്ധതി പിൻവലിക്കാൻ പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവർത്തക മേധപട്കർ. പ്രകൃതി വിഭങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസ്സിലാക്കുന്നില്ലെന്നു അവർ പറഞ്ഞു. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പദ്ധതിയെ കുറിച്ച് സർക്കാർ പുനരാലോചന നടത്തണം. റെയിൽവേയുടെ സ്വകാര്യവത്കരണത്തെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.

സിൽവർലൈൻ പദ്ധതിക്കെതിരായ സമരത്തിനു പിന്തുണയുമായി മേധാ പട്കർ നാളെ കോഴിക്കോട് എത്തുന്നുണ്ട്. ഇവിടെ കാട്ടിൽപ്പീടികയിൽ വെങ്ങളം കെറെയിൽ പ്രതിരോധസമിതിയുടെ സത്യഗ്രഹസമരവേദിയിലാണ് അവർ എത്തുക. സ്വന്തം മണ്ണിൽനിന്ന് കുടിയിറക്കപ്പെടുന്നവർ നടത്തുന്ന ജനപക്ഷ സമരമാണ് സിൽവർലൈനിനെതിരെ നടക്കുന്നതെന്ന് വെങ്ങളം കെറെയിൽ പ്രതിരോധസമിതി ചെയർമാൻ ടി.ടി.ഇസ്മായിൽ പറഞ്ഞു.

എല്ലാം ജനത്തിനറിയാമെന്നാണ് പാർട്ടി സംസ്ഥാനസെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് ഒന്നുമറിയില്ല എന്നതാണ് സത്യം. അത്യാവശ്യം കാര്യങ്ങൾ തിരിച്ചറിഞ്ഞവരൊന്നും പദ്ധതിയെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്ല് പറിച്ചെറിയുന്നവരുടെ പല്ലു തെറിക്കുമെന്നൊക്കെയുള്ളത് രാഷ്ട്രീയപിടിവലിയുടെ ഭാഗമായി നടത്തിയ 'പ്രോപ്പഗന്റ സ്റ്റണ്ട്' പ്രസ്താവനയായിരിക്കാം. സമരസമിതിയിൽ വിവിധ രാഷ്ട്രീയപാർട്ടിയിൽ പെട്ടവരുണ്ട്. അവരാരും പദ്ധതിയെ അനുകൂലിക്കുന്നില്ല. അതിജീവനത്തിന്റെ സമരമാണ് തങ്ങൾ നടത്തുന്നതെന്നും ടി.ടി.ഇസ്മയിൽ പറഞ്ഞു.

464 ദിവസമായി കാട്ടിൽപ്പീടികയിൽ സമരസമിതി സത്യഗ്രഹം നടത്തിവരികയാണ്. 2020 ഒക്ടോബർ രണ്ടിനാണ് സമരം തുടങ്ങിയത്. സി.ആർ.നീലകണ്ഠൻ, പ്രഫ. കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ തുടങ്ങിയ പരിസ്ഥിതി പ്രവർത്തകരും കെറെയിൽ സമരസമിതി സംസ്ഥാന ചെയർമാൻ എംപി.ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ എന്നിവരും മേധാപട്കറിനൊപ്പം സമരവേദിയിലെത്തുമെന്നും ചെയർമാൻ ടി.ടി.ഇസ്മായിൽ, കൺവീനർ സി. കൃഷ്ണൻ എന്നിവർ പറഞ്ഞു.

അതേസസമയം കെ റെയിൽ പദ്ധതിക്കെതിരായുള്ള സമരത്തിന് മാടായിപ്പാറയിൽ തുടക്കം കുറച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി. മാടായിപ്പാറയിയിലെ കെ റെയിൽ അതിരടയാളക്കല്ലിൽ പ്രതിഷേധക്കാർ കൊടിനാട്ടി. ഒരിക്കലും പൂർത്തിയാക്കാനാകാത്ത പദ്ധതിയുടെ പേരിൽ പ്രകൃതി ലോല പ്രദേശങ്ങൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ മനോജ് പൊയിലൂർ സമരം ഉദ്ഘാടനം ചെയ്തു.