ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിലെ ഒബിസി സംവരണം ശരിവെച്ചു സുപ്രീംകോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിനുള്ള മാനദണ്ഡങ്ങൾ ഈ വർഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി നീറ്റ് പിജി കൗൺസലിങ്ങിന് അനുമതി നൽകി. മുന്നാക്ക സംവരണത്തിൽ വിശദമായ വാദം പിന്നീടു കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.

മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഖിലേന്ത്യാ മെഡിക്കൽ ക്വാട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച കേസാണ് കോടതി പരിഗണിച്ചത്.

സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി 8 ലക്ഷം രൂപയായി തുടരുമെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മെഡിക്കൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുൻ ധനസെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ അധ്യക്ഷനായ കേന്ദ്രസർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണിത്.

അപേക്ഷ നൽകുന്നതിന്റെ തൊട്ടു മുൻപത്തെ സാമ്പത്തികവർഷത്തെ വരുമാനമാണു മുന്നാക്ക വിഭാഗത്തിന് കണക്കാക്കുന്നത്. മുന്നാക്ക സംവരണത്തിനുള്ള 8 ലക്ഷം പരിധി ഒബിസി വിഭാഗത്തിലെ മേൽത്തട്ട് പരിധിയായ 8 ലക്ഷത്തെക്കാൾ കർശനമാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചിരുന്നു. എട്ട് ലക്ഷം രൂപയെന്നതു ന്യായമാണെന്നു സത്യവാങ്മൂലത്തിൽ സാമൂഹികനീതി വകുപ്പു സെക്രട്ടറി ആർ സുബ്രഹ്മണ്യൻ കോടതിയെ അറിയിച്ചു. നിബന്ധനകൾ മാറ്റുന്നത് അടുത്ത വർഷം പരിഗണിക്കും.