ആലപ്പുഴ: ഭാര്യയുടെ ആദ്യബന്ധത്തിലെ മകളും സ്വന്തം മകളും കൂട്ടാളികളും എത്തിയത് വാളും തോക്കുമായിട്ടായിരുന്നെന്നും പണം ചോദിച്ച് ഭീഷിണിപ്പെടുത്താനും ആക്രമിക്കാനും മുന്നിൽ നിന്നതും ഇവർ തന്നെയായിരുന്നെന്നും നേഴ്സായിക്കാണാൻ ആഗ്രഹിച്ച മകൾ വാളുമെടുത്തുകൊലവിളി നടത്തിയതിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും മോചിതനായിട്ടില്ലന്നും മധുസൂദനൻനായർ.

സെപ്റ്റംബർ 30-നാണ് വള്ളികുന്നം എംആർ മുക്ക് ഗ്രീഷ്മത്തിൽ മധുസൂദനൻനായ(59)രെ സ്വന്തം മകൾ മേഘ(19)യും ഭാര്യയുടെ ആദ്യബന്ധത്തിലെ മകൾ തിരുവനന്തപുരം ആരാമടം ഗൗരിശങ്കരത്തിൽ ഗോപിക (24)യും അടങ്ങുന്ന സംഘം ആക്രമിച്ചത്. വാൾ വീശിയും തോക്കുചൂണ്ടിയും മൂന്നര ലക്ഷം രൂപയും ആറര പവൻ സ്വർണ്ണവും ഇവർ കവർച്ചചെയ്തതായിട്ടാണ് വള്ളികുന്നം പൊലീസിൽ മധുസൂദനൻനായർ മൊഴി നൽകിയിട്ടുള്ളത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പെൺകുട്ടികളെ തിരിവനന്തപുരത്തെ ബന്ധുവീട്ടിൽ നിന്നാണ്് വള്ളികുന്നം സി ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.പെൺകുട്ടികളെ സഹായിക്കുന്നതിനായി ഏാതാനും പേർ കൂടെയുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കവർച്ചചെയ്യപ്പെട്ട പണവും ആഭരണങ്ങളും ഇവരുടെ പക്കലാണെന്നാണ് പൊലീസ് അനുമാനം.ഇവരെ കണ്ടെത്താൻ ഊർജ്ജിത ആന്വേഷണം നടത്തിവരുന്നതായി സി ഐ വ്യക്തമാക്കി.

മധുസുദനൻനായർ മൂന്നുവിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേഴ്സായിരുന്ന ആദ്യ ഭാര്യ മരണപ്പെട്ടു. തുടർന്നാണ് ഗോപികയുടെ മാതാവിനെ ഇയാൾ വിവാഹം കഴിക്കുന്നത്. അസ്വാരസ്യത്തെത്തുടർന്ന് ഇവർ തമ്മിലുള്ള ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. തുടർന്നാണ്് മധസൂദനൻനായർ മൂന്നാമതും വിവാഹം കഴിച്ചത്.

ആദ്യഭാര്യയോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം മകളെ നേഴ്സാക്കാൻ മധുസൂദനൻ താൽപ്പര്യപ്പെട്ടിരുന്നെന്നും ഇതിനായി പണം മുടക്കാൻ തയ്യാറായിരുന്നെന്നുമാണ് അടുപ്പക്കാരിൽ നിന്നും പൊലീസിന് ലഭിച്ച സൂചന. പ്ലസ്സ്ടു പഠനത്തിന് ശേഷം ഇയാൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്നും എന്നാൽ മകൾക്ക് ഇതിൽ താൽപര്യമില്ലാത്തിനാൽ എയർപോർട്ട് ഗ്രൗണ്ട് ഹാന്റിലിംഗുമായി ബന്ധപ്പെട്ട കോഴ്സിന് ചേരുകയായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരം.

മധുസൂദനൻനായർ വള്ളികുന്നത്തും രണ്ടാം ഭാര്യയും കുട്ടികളും തിരുവനന്തപുരത്തുമാണ് താമസം.പ്രവാസിയായിരുന്ന മധുസൂധനൻ നായർ അടുത്തിടെ പുരയിടങ്ങൾ വിറ്റിരുന്നു. ഈ പണം കൈയിലുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് യുവതികൾ കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.

അക്രമി സംഘം സ്ഥലം വിട്ടതിന് ശേഷം മധുസൂദനൻനായർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.തോക്കും വാളും കണ്ടെടുക്കാനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.വീട്ടിലെ സാമ്പത്തീക ദാര്യദ്ര്യം കണക്കിലെടുത്താണ് പണം കരസ്ഥമാക്കാൻ തങ്ങൾ തീരുമാനിച്ചതെന്നാണ് പിടിയിലായ യുവതികൾ പൊലീസിൽ അറിയിച്ചിട്ടുള്ളത്.