ന്യൂഡൽഹി: ന്യൂനപക്ഷ സ്‌കോളർഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ന്യൂനപക്ഷ സ്‌കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യ അനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാർ, പാലോളി കമ്മിറ്റികൾ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങൾക്ക് കൂടുതൽ സ്‌കോളർഷിപ്പ് അനുവദിച്ചത്. എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല.

നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്‌കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജെ.ബി. കോശി റിപ്പോർട്ട് വരുന്നതിന് മുമ്പ് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അനർഹർക്ക് അത് ലഭിക്കുമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽചെയ്തത്.

ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നത്. സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിന്റെെയും വാദം കേൾക്കാതെ പൊതുതാൽപര്യ ഹർജിയിൽ പുറപ്പെടുവിച്ച വിധി നിലനിൽക്കുന്നതല്ലെന്നുമായിരുന്നു പുനഃപരിശോധന ഹർജിയിലെ വാദം.

എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ജനസംഖ്യ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ കണക്കാക്കി ആനുകൂല്യങ്ങൾ വിതരണം ചെയ്യണം എന്നതായിരുന്നു ഹൈക്കോടതിയുടെ വിധി. ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.