കോന്നി: ശബരിമല വിഷയം എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു പ്രചരണം. കോന്നിയിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് വേണ്ടി പ്രചരണത്തിന് എത്തിയ വേളയിലായിരുന്നു പ്രധാനമന്ത്രി ശരണം വിളിച്ചുകൊണ്ടു ശബരിമല വിഷയംതന്നെയാണ് ബിജെപിയുടെ ആയുധമെന്ന് പ്രഖ്യാപിച്ചത്. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ പറഞ്ഞ് തുടങ്ങിയ അദ്ദേഹം ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും ആത്മീയതയുടെ മണ്ണിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയതായി അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ ഒന്നിച്ചു. സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായി ക്കഴിഞ്ഞു. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ കേരളത്തിലെ ജനക്കൂട്ടം കാണുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്വാമിയേ ശരണമയ്യപ്പാ.... എന്ന് ശരണം വിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത് ഭഗവാൻ അയ്യപ്പന്റെ മണ്ണാണ്. ആത്മീയതയുടെ നാട്ടിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മോദി പറഞ്ഞു. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ മോദി പറഞ്ഞു. കവി പന്തളം കേരളവർമ്മയെയും മോദി അനുസ്മരിപ്പിച്ചു. യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. മെട്രോമാൻ ഇ ശ്രീധരന്റെ വരവോടെ കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിയിരിക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ കേരളം മാറിക്കഴിഞ്ഞു. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നത് ഇത് കാണണം. ഇത്തവണ ബിജെപിയാണ്, എൻഡിഎയാണ്. പ്രധാനമന്ത്രി പറഞ്ഞു. കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ മാറിമാറി ഭരിക്കുമെന്നാണ് യുഡിഎഫും എൽഡിഎഫും വിചാരിക്കുന്നത്. ഇത് അവരെ അഹങ്കാരികളാക്കി മാറ്റിയിരിക്കുകയാണ്. യുഡിഎഫും എൽഡിഎഫും ഏഴ് പാപങ്ങൾ ചെയ്തു. സോളാർ, ഡോളർ, സ്വർണക്കടത്ത് തുടങ്ങി വൻ കൊള്ളയാണ് നടത്തുന്നത്. യുഡിഎഫ്, എൽഡിഎഫ് നേതാക്കൾക്ക് ധാർഷ്ട്യവും ആർത്തിയുമാണെന്നും മോദി പറഞ്ഞു.

ഇരുമുന്നണികളും എല്ലാമേഖലകളെയും കൊള്ളയടിച്ചു. അവർക്ക് ജനങ്ങളോട് പകയാണെന്നും മോദി പറഞ്ഞു. അഞ്ച്- അധികാരക്കൊതി, വർഗീയ ശക്തികൾ, ക്രിമിനൽ സഖ്യങ്ങൾ എന്നിവരുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താനാണ് രണ്ടു മുന്നണികളും ശ്രമിക്കുന്നത്. മുത്തലാഖ് വിഷയത്തിൽ സ്ത്രീവിരുദ്ധ നിലപാടാണ് മുസ്ലിംലീഗ് എടുത്തിട്ടുള്ളത്. കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, രണ്ട് മുന്നണികളും കുടുംബാധിപത്യം വ്യാപിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നേതാക്കളുടെ മക്കളുടെ ചെയ്തികൾ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുപക്ഷത്തെ ഒരു നേതാവിന്റെ മകൻ കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെയ്ത വിക്രിയകൾ പറയാൻ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും അതറിയാം. നിഷ്‌ക്രിയത്വമാണ് അവരുടെ മുഖമുദ്ര, സ്വന്തം കാര്യങ്ങൾക്ക് മുന്നിൽ ജനം രണ്ടാമത്തെ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. ആറന്മുള കണ്ണാടിയാണ് അദ്ദേഹത്തിന് ഉപഹാരമായി നൽകിയത്.കോന്നിയിലെ യോഗത്തിനുശേഷം കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ പ്രചാരണ യോഗത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തെത്തും. വൈകിട്ട് 5ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പൊതുസമ്മേളനമാണ് കേരളത്തിലെ അദ്ദേഹത്തിന്റെ പരിപാടി. ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പങ്കെടുക്കും.കഴിഞ്ഞ ദിവസം പാലക്കാട് കോട്ട മൈതാനിയിലെ റാലിയിലും മോദി പങ്കെടുത്തിരുന്നു.