ദുബായ്: എല്ലാം ശുഭമാകും.... എമ്പുരാനിൽ മോഹൻലാലിനൊപ്പം സഞ്ജയ് ദത്തും ഉണ്ടാകും-മോഹൻലാലും സഞ്ജയ് ദത്തുമായുള്ള ഫോട്ടോ വീണ്ടും വൈറലാകുമ്പോൾ ചർച്ചകളിലേക്ക് പൃഥ്വിരാജ് ചിത്രവും. മോഹൻലാലിന്റേയും സഞ്ജയ് ദത്തിന്റേയും സുഹൃത്തായ സമീർ ഹംസയുടെ സാന്നിധ്യത്തിൽ നടന്നത് അസാധാരണ ദീപാവലി ആഘോഷം. സഞ്ജയ് ദത്തിനെ കണ്ട് നന്മകൾ നേർന്ന് ലാൽ ഇന്നലെ തന്നെ കൊച്ചിയിൽ എത്തുകയും ചെയ്തു.

ദൃശ്യം രണ്ട് എന്ന ചിത്രം പൂർത്തിയാക്കി ചെറിയ ഇടവേളയ്ക്കാണ് ലാൽ ദുബായിൽ എത്തിയത്. സുഹൃത്തായ സമീർ ഹംസയും ഒപ്പമുണ്ടായിരുന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ആവേശം ഏറ്റുവാങ്ങാൻ ഐപിഎൽ സ്റ്റേഡിയത്തിലും എത്തി. ഏഷ്യാനെറ്റ് ചാനലിന്റെ തലവനായ മാധവന്റെ ആഗ്രഹ പ്രകാരമായിരുന്നു അത്. അതിന് ശേഷമാണ് സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കാനുള്ള തീരുമാനം. അങ്ങനെ ദീപാവലി രാത്രി സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്‌ളാറ്റിൽ എത്തുകയായിരുന്നു മോഹൻലാൽ. സുഹൃത്തായ സമീർ ഹംസയ്‌ക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. സമീറും സഞ്ജയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. മോഹൻലാലുമായും സമീറിന് അടുത്ത ബന്ധമുണ്ട്. അങ്ങനെ ലാലും സഞ്ജയും നല്ല സുഹൃത്തുക്കളുമായി.

സഞ്ജയുടെ ഫ്‌ളാറ്റിലെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത മോഹൻലാൽ ഏറെ നേരം താരത്തിനും കുടുംബാംഗങ്ങൾക്കുമൊപ്പം ചെലവിട്ടു. ആഘോഷങ്ങൾക്കിടെ മനോരമയും അമ്മയും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോയിൽ മോഹൻലാൽ ഹിന്ദി ഗാനം ആലപിക്കുന്ന വിഡിയോ സഞ്ജയ് കണ്ടു. താരത്തിന്റെ പാട്ടിനെ അഭിനന്ദിക്കുകയും അതു പോലെ ഒന്നു പാടാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അടിച്ചു പൊളിച്ചായിരുന്നു മടക്കം.

കാൻസർ ചികിൽസയ്ക്കുശേഷം സാധാരണജീവിതത്തിലേക്കുള്ള മടങ്ങി വരവിലാണ് സഞ്ജയ് ഇപ്പോൾ. ഓഗസ്റ്റ് 11നാണ് സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത്. കെജിഎഫ് 2 ന്റെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ചികിൽസയ്ക്കായി ജോലിയിൽ നിന്ന് ഇടവേള എടുക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. താമസിയാതെ തന്നെ സഞ്ജയ് ദത്ത് സിനിമയിലേക്ക് മടങ്ങി വരും. അസുഖം പൂർണ്ണമായും സഞ്ജയ് ദത്തിനെ വിട്ടകലുന്നുവെന്നാണ് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.

മുംബൈ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സഞ്ജയ് ദത്തിനെ ഒരവസരത്തിൽ മോഹൻലാൽ പിന്തുണച്ച് വൻ വിവാദങ്ങൾ ഉയർത്തിയിരുന്നു. സഞ്ജയ് ദത്തിന് പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ഉണ്ടാകണമെന്ന് ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വിവാദങ്ങൾ ഉയർത്തിയത്. ലഫ്.കേണൽ പദവിയിലുള്ള മോഹൻലാൽ മുംബൈ സ്ഫോടനക്കേസിൽ പ്രതികളെ സഹായിച്ചകേസിൽ പ്രതിചേർക്കപ്പെട്ട സഞ്ജയ് ദത്തിനെ പിന്തുണച്ചത് ചോദ്യം ചെയ്തായിരുന്നു വിവാദം.

എമ്പുരാന്റെ താരനിർണ്ണയത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല. അബ്രാം ഖുറേഷിയുടെ രണ്ടാം വരവിനെക്കുറിച്ച് പറയുന്ന ചിത്രത്തിൽ അധീരയും ഉണ്ടാവുമോയെന്ന തരത്തിലാണ് ചർച്ചകൾ. മൈസൂരിലെ കൂടിക്കാഴ്ചയ്ക്ക് സഞ്ജയ് ദത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോഹൻലാൽ എത്തിയതിന് പിന്നാലെയായാണ് ചർച്ചയും തുടങ്ങിയത്. ഇപ്പോഴിതാ ദുബായിൽ താരമെത്തുമ്പോൾ അത് ഉറപ്പിക്കുകയാണ് ആരാധകർ.

എമ്പുരാനിലൂടെയല്ലെങ്കിൽ മറ്റൊരു ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള പ്രതീക്ഷയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് പൂർത്തിയാക്കിയതിന് ശേഷമാണ് മോഹൻലാൽ എമ്പുരാനിലേക്ക് എത്താൻ പദ്ധതി ഇട്ടിരുന്നത്. എന്നാൽ കോവിഡ് എല്ലാം മാറ്റിമറിച്ചു. അതുകൊണ്ട് തന്നെ എമ്പുരാനും വൈകും. അതിന് മുമ്പ് സഞ്ജയ് ദത്ത് രോഗത്തെ അതജീവിക്കുമെന്നാണഅ ലാലിന്റെ പ്രതീക്ഷ.

മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് എമ്പുരാൻ ഒരുങ്ങുക. അതുകൊണ്ട് തന്നെ ഹിന്ദി സംസാരിക്കുന്ന വില്ലനായാകും സഞ്ജയ് ദത്ത് എത്തുകയെന്നും സൂചനയുണ്ട്. ബിഗ് ബ്രദർ എന്ന സിനിമയ്ക്കിടെ പ്രേക്ഷകരുടെ ആകാംഷ ഉയർത്തി ബോളിവുഡ്'ഖൽനായക്'സഞ്ജയ് ദത്തുമൊന്നിച്ചുള്ള ഒരു ചിത്രം മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കു വച്ചിരുന്നു.. ബാബാ സഞ്ജയ് ദത്തിനൊപ്പം എന്നു മാത്രമാണ് ചിത്രത്തിൽ കുറിച്ചിരിക്കുന്നത്.

ബോളിവുഡിൽ സഞ്ജയുടെ വിളിപ്പേരാണ് ബാബ. മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒരിടവേളയ്ക്കും ശേഷം ഒരുമിക്കുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ സഞ്ജയും ഭാഗമാകുന്നോ എന്ന ആകാംഷ അന്ന് ചർച്ചയായി. എന്നാൽ ഈ ചിത്രത്തിന് വേണ്ടിയായിരുന്നില്ല ആ കൂടിക്കാഴ്ച. അത് എമ്പുരാന്റെ മുന്നൊരുക്കമായിരുന്നു.