പാലക്കാട്: പാലക്കാട്ടെ ബിജെപി സഥാനാർഥി ഇ. ശ്രീധരന് വിജയാശംസ നേർന്ന സിനിമ നടൻ മോഹൻ ലാൽ. പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും നമുക്ക് ആവശ്യമുണ്ടെന്നും മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി, ഏൽപിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്കി വന്ന തുക സർക്കാരിനെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം തുടങ്ങിയ വിശേഷണങ്ങൾ പറഞ്ഞ ശേഷമാണ് വിജയാശംസ നേർന്നത്.

പാലക്കാട് വോട്ടുപിടിക്കാൻ ഈ വിഡിയോ ബിജെപി കേന്ദ്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സഥാനാർഥിയുമായ കെ.ബി. ഗണേശ കുമാറിനും ചവറയിലെ യു.ഡി.എഫ് സഥാനാർഥി ഷിബു ബേബി ജോണിനും വേണ്ടി നേരത്തെ വിഡിയോ പുറത്തിറക്കിയിരുന്നു.

ഇ. ശ്രീധരനുവേണ്ടിയുള്ള വിഡിയോയിലെ മോഹൻലാലിന്റെ വാക്കുകളുടെ പൂർണരൂപം:

'ഓരോ ഭാരതീയരും അഭിമാനിക്കാൻ ഇവിടെ നമുക്ക് ഒരു വ്യക്തിത്വമുണ്ട്, ഇ. ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി.

ഡൽഹിയും കൊച്ചിയും അടക്കമുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി. ഏൽപ്പിച്ച ജോലി സമയത്തിനു മുൻപേ പൂർത്തിയാക്കി ബാക്ക വന്ന തുക സർക്കാരിനെ തിരികെ ഏൽപ്പിക്കുന്ന കറകളഞ്ഞ വ്യക്തിത്വം. ഭാരതം പത്മവിഭൂഷൺ നൽകി ആദരിച്ച നമ്മുടെ സ്വന്തം മെട്രോമാൻ ശ്രീ. ഇ. ശ്രീധരൻ സർ. വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ സേവനങ്ങൾ ഇനിയും നമുക്ക് ആവശ്യമുണ്ട്. ശ്രീധരൻ സാറിന എന്റെ എല്ലാവിധ വിജയ ആശംസകളും'.

ഇന്ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെട്രോമാൻ ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ആളാണെന്ന് പ്രസംഗിച്ചിരുന്നു. കോന്നിയിൽ നടത്തിയ തെരഞ്ഞെടുപ്പു റാലിയിൽ മോദി ഇടതു- വലത് മുന്നണികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അതിനിടെ കേരളത്തിൽ ബിജെപി 40 സീറ്റുകളിൽ എങ്കിലും വിജയിക്കുമെന്നാണ് ഇ ശ്രീധരൻ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

കേരളത്തിൽ ബിജെപി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിങ്മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മെട്രോമാൻ ഇ. ശ്രീധരൻ. ''ഞാൻ തീർച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താം''- ഇംഗ്ലീഷ് പത്രം ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ഇ. ശ്രീധരന്റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരം.

''അധികാരം പിടിക്കാൻ ബിജെപിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള കൂറുമാറ്റമാണ് ബിജെപിയിലേക്ക്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും മേളിച്ച എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബിജെപിയിൽ കൂട്ടമായി ചേരുകയാണ്''. ശ്രീധരൻ പറയുന്നു.

യുവത്വത്തിന്റെ തിളപ്പുമായി കഴിഞ്ഞ തവണ ജയംപിടിച്ച ഷാഫി പറമ്പിലാണ് ഇത്തവണയും ഇവിടെ അങ്കത്തിനുള്ളത്. സി. പി. പ്രമോദാണ് സിപിഎം സ്ഥാനാർത്ഥി. 2016ൽ പാലക്കാട് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 57,559 വോട്ടുമായി ഷാഫി പറമ്പിൽ വിജയം പിടിച്ചപ്പോൾ രണ്ടാമതെത്തിയ ശോഭ സുരേന്ദ്രൻ 40,076 വോട്ടും എൽ.ഡി.എഫ് പ്രതിനിധി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടുംനേടുകയുണ്ടായി.