മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്ന പാണക്കാട് ഹൈദരലി തങ്ങളുടെ മകനും ദേശീയ യൂത്ത്ലീഗ് വൈസ് പ്രസിഡന്റുമായ മുഈനലിക്കു പാണക്കാട് കുടുംബത്തിൽ നിന്നും, ചില മുതിർന്ന ലീഗ് നേതാക്കളിൽ നിന്നും രഹസ്യപിന്തുണ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യം ചോദ്യംചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും സ്വന്തം ഇഷ്ടത്തിനനുസരിച്ചു പാർട്ടിയെ കൊണ്ടുപോകുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ വലിയൊരു വിഭാഗം നേതാക്കൾക്കും എതിർപ്പുണ്ടായിരുന്നെങ്കിലും പരസ്യമായി രംഗത്തുവരാൻ ഭയമായിരുന്നു. ഇക്കൂട്ടരാണ് മുഈനലിയെ പിടിവള്ളിയാക്കിയിരിക്കുന്നത്.

ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളും, പുതിയ അക്കൗണ്ട്സ് മാനേജരുടെ നിലപാടുകളും വലിയ തോതിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതായിരുന്നു എങ്കിലും ഇതൊന്നും സാധിക്കാതെ പോയതും നടപടികളുണ്ടാകാതെ പോയതും കുഞ്ഞാലിക്കുട്ടിയുടെ നിലപാടു കൊണ്ടാണെന്നാണ് ആരോപണം. വിവാദ പത്രസമ്മേളനത്തിന് ശേഷം മുതിർന്ന നേതാക്കൾ മുഈനലിയെ ഫോണിൽ വിളിച്ചു സംസാരിച്ചതായും ഇനി വിഷയത്തിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശിച്ചതായും വിവരമുണ്ട്.

അതോടൊപ്പം പാണക്കാട് കുടുംബത്തിലെ യുവതലമുറക്കാരുടെ പൂർണ പിന്തുണ വിഷയത്തിൽ മുഈനലിക്കുണ്ടെന്നാണ് വിവരം. എന്നാൽ ഈനിലപാടുകളിൽ പാണക്കാട് സാദിഖലി തങ്ങൾ പാർട്ടി നിലപാടിനോടൊപ്പവും മുഈനലിയുടെ ഇടപെടൽ അനാവാശ്യമായിരുന്നുവെന്ന നിലപാടിലാണെന്ന സൂചനകളുമുണ്ട്. എന്നാൽ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന നിലപാടിലാണിപ്പോൾ മുഈനലി. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തുവരാൻ മുഈനലിക്കു ചില ലീഗ് നേതാക്കളുടെ പിന്തുണയുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്.

എന്നാൽ വിഷയം വിവാദമായതോടെ പരസ്യമായി പിന്തുണ നൽകാതെ രഹസ്യമായി ഇക്കൂട്ടർ പിന്തുണ നൽകുന്നതായും വിവരമുണ്ട്. മുഈനലിയുടേത് ഹൈദരലി തങ്ങളുടെ ശാസന മറികടന്നുള്ള അഭിപ്രായപ്രകടനമാണെന്ന് വിഷയത്തിൽ ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത്. ചന്ദ്രികയ്ക്ക് ഇ.ഡി നോട്ടീസ് കിട്ടിയെന്നത് വസ്തുതയാണ്. ചന്ദ്രിക ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. ഇത്രകാലം ഒരു പ്രശ്നവും ചന്ദ്രികയിലുണ്ടായിട്ടില്ല. ഇബ്രാഹിം കുഞ്ഞ് പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചന്ദ്രികക്ക് ഇ.ഡി നോട്ടീസ് അയച്ചത്. കമ്പനിയുടെ എം.ഡി എന്ന നിലക്കാണ് ഹൈദരലി തങ്ങൾക്ക് നോട്ടീസ് കിട്ടിയതെന്നും പി.എം.എ സലാം പറഞ്ഞു.

മുഈനലി എപ്പോഴൊക്കെ വിമർശിച്ചിട്ടുണ്ടോ അതിന് ശേഷം പിൻവലിച്ചിട്ടുമുണ്ട്. മുഈനലിയുടെ പ്രസ്താവന ലീഗിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കാം. കുഞ്ഞാലിക്കുട്ടി തന്നെയാണ് മുസ്ലിം ലീഗിനെ മുന്നോട്ട് നയിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ മാറ്റി നിർത്തിയാൽ ലീഗ് തകരും എന്നത് ചിലരുടെ മിഥ്യാധാരണ്. പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി ഒറ്റയ്ക്കല്ലെന്നും പി.എം.എ സലാം പറഞ്ഞത്. ലീഗ് ഹൗസിലെത്തി പ്രവർത്തകൻ തെറിവിളിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈനലിയുടെ ആരോപണം. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി വാർത്താസമ്മേളത്തിൽ പറഞ്ഞിരുന്നു. ഫിനാൻസ് മാനേജർ സമീറിനെ നിയമിച്ചത്. കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈൻ അലി പറഞ്ഞു.