കൊച്ചി: കൊച്ചിയിൽ നിന്നു കോടികൾ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശി പൊലീസ് പിടിയിൽ. രത്‌നഗിരിയിൽ നിന്നുള്ള സമർ ഇസ്മായീൽ സാഹ(45) ആണ് എറണാകുളം നോർത്ത് പൊലീസ് പിടിയിലായത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള യുവ ബിസിനസുകാരെ വലയിലാക്കിയാണ് ഇയാൾ തട്ടിപ്പു നടത്തിയത്. പൊലീസിന് ആദ്യം ലഭിച്ച രണ്ടു പരാതികളിൽ ലക്ഷങ്ങളുടെ തട്ടിപ്പു കണ്ടെത്തി. തുടർന്നു ലഭിച്ച പരാതിയിൽ ഇയാൾക്കെതിരെ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ പേർ പരാതികളുമായി മുന്നോട്ടു വരുമെന്നാണ് വിലയിരുത്തൽ. ഇയാളുടെ അംഗരക്ഷകരെയും കൂടെ താമസിച്ചിരുന്ന സ്ത്രീയെയും പൊലീസ് തിരയുന്നുണ്ട്.

'കംപ്ലീറ്റ് വ്യാജൻ' എന്നാണ് പൊലീസ് ഇയാളെ വിശേഷിപ്പിക്കുന്നത്. ഡാനിഷ് അലി എന്ന പേരിൽ പരിചയപ്പെടുത്തിയിരുന്ന ഇയാളുടെ പേരും വിലാസവും തിരിച്ചറിയൽ രേഖകളും തുടങ്ങി, ഇയാൾക്കൊപ്പം ഭാര്യയെന്നു പറഞ്ഞു താമസിച്ചിരുന്ന സ്ത്രീ വരെ വ്യാജമായിരുന്നെന്നു പൊലീസ് കണ്ടെത്തി. കൊച്ചി കടവന്ത്ര കത്രിക്കടവു റോഡിൽ വാപി കഫേ എന്ന പേരിൽ ഗുഡ്കയും വടക്കേ ഇന്ത്യൻ രുചികളും വിളമ്പിയിരുന്ന കഫേയുടെ മറവിലായിരുന്നു തട്ടിപ്പിന് ആളുകളെ കണ്ടെത്തിയിരുന്നത്. പരിചയപ്പെടുന്ന ആളുകളോട് താൻ വൻ ബിസിനസുകാരനാണ് എന്നാണ് പറഞ്ഞിരുന്നത്.

കൊച്ചിയിൽ പലയിടങ്ങളിലായി പകർത്തിയ ചരക്കു കയറ്റിയിറക്കു ചിത്രങ്ങൾ കാണിച്ച് ഇതെല്ലാം തന്റേതാണെന്നു വിശ്വസിപ്പിച്ചിരുന്നു. ഇതിന് ഇയാളെ സഹായിച്ചിരുന്നത് നെട്ടൂർ സ്വദേശിയായ സഹായിയായിരുന്നു. ഇയാൾ പകർത്തി നൽകിയ നെട്ടൂർ മാർക്കറ്റിലെ ചിത്രങ്ങളും കണ്ടെയ്‌നറിന്റെ ചിത്രങ്ങളും തനിക്കായി വിദേശത്തേയ്ക്കു കയറ്റിയിറക്കു നടത്തുന്നതിന്റേതാണ് എന്നു വിശ്വസിപ്പിച്ചു. തന്റെ ബിസിനസിൽ പണം നിക്ഷേപിച്ചാൽ വലിയ തുകയായി മടക്കി നൽകുമെന്നായിരുന്നു വാഗ്ദാനം. വലിയ സമ്പന്നനാണെന്നുവരുത്തി തീർക്കാൻ ആഡംഭരക്കാർ ഉപയോഗിക്കുകയും ആഡംഭര ഫ്‌ളാറ്റിൽ താമസിച്ചുമാണ് തട്ടിപ്പു നടത്തിയത്.

വലിയൊരു തുക ലഭിച്ചില്ലെങ്കിൽ ബിസിനസ് നഷ്ടമാകുമെന്നും നിക്ഷേപച്ചാൽ ലാഭം സഹിതം തിരികെ നൽകുമെന്നും ഇയാൾ ഉറപ്പു നൽകി പണം വാങ്ങിയെടുക്കുകയായിരുന്നു. ആദ്യം അഞ്ചും പത്തും ലക്ഷം വരുന്ന ചെറിയ തുകകൾ വാങ്ങി കൃത്യമായി ലാഭം സഹിതം മടക്കി നൽകി വിശ്വാസം ആർജിക്കുന്നതായിരുന്നു പതിവ്. പിന്നീട് വലിയ തുകകൾ വാങ്ങിയെടുത്ത് മടക്കി നൽകാതായതോടെ പരാതി ഉയർന്നു തുടങ്ങി. ഇതിനകം പരമാവധി ആളുകളെ കെണിയിൽ പെടുത്തി പറ്റുന്നത്ര പണം തട്ടിയെടുത്തിരുന്നു. പൊലീസ് കേസ് വന്നതോടെ കൊച്ചിയിൽ നിന്നു മുങ്ങി മഹാരാഷ്ട്രയിലെ ബാന്ധ്രയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ഭാര്യയെന്നു പറഞ്ഞ സ്ത്രീയെയും ഡ്രൈവറെയും കണ്ടെത്തുന്നതിനായി അന്വേഷണ സംഘം മഹാരാഷ്ട്രയിൽ തങ്ങിയിട്ടുണ്ട്.

മിക്ക ആളുകളിൽ നിന്നും വലിയ തുകകൾ ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങാതെ പണമായി വാങ്ങുന്നതായിരുന്നു പതിവ്. അതുകൊണ്ടു തന്നെ തെളിവില്ലാത്തതിനാൽ പരാതി ഉയരില്ലെന്നായിരുന്നു പ്രതീക്ഷ. ഇത്തരത്തിൽ ശേഖരിച്ച പണം കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ഇയാൾക്കെതിരെ മറ്റു സംസ്ഥാനങ്ങളിൽ വേറെ കേസുകളുണ്ടാകും എന്നാണ് പൊലീസ് കരുതുന്നത്. ഇതു പരിശോധിക്കുന്നതിനായി പൊലീസ് ആപ്പുകൾ വഴി വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചനാക്കുറ്റം, എറണാകുളം നോർത്ത് എസിപി ജയകുമാറിന്റെ നിർദ്ദേശത്തിൽ ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്‌ഐ എ. വിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം