പയ്യന്നൂർ: മോഷണമുതൽ തിരിച്ചു നൽകിയ മോഷ്ടാവ് ഒടുവിൽ പൊലിസ് പിടിയിലായി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു. ഇയാൾ മോഷ്ടിച്ച പണവും സ്വർണവും ഉടമകളുടെ പേർ വിവരങ്ങൾ എഴുതിയ ലിസ്റ്റു സഹിതം തിരിച്ചേൽപ്പിച്ചിരുന്നുവെങ്കിലും പൊലിസ് കേസ് അവസാനിപ്പിച്ചിരുന്നില്ല.

മാസങ്ങൾക്കു ശേഷമാണ് ഇയാളെ അറസ്റ്റു ചെയ്തത്. പരിയാരം തോട്ടിക്കൽ പി. എം മുഹമ്മദ് മൂർഷിദിനെയാ(31)ണ് കഴിഞ്ഞ ദിവസം പരിയാരം സി. ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ പൊലിസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം രണ്ടിന് രാവിലെ പരിയാരം പഞ്ചായത്ത് വായാട് വാർഡ് അംഗമായ തിരുവട്ടൂർ അഷ്റഫ് കൊട്ടോലയുടെ തറവാട്ടുവീട്ടിൽ മൂന്നു കവറുകൾ കണ്ടതുമായി ബന്ധപ്പെട്ടാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

1,91,500 രൂപയും നാലരപവന്റെ സ്വർണമാലയും 630 മില്ലിഗ്രാം സ്വർണത്തരികളും ഒരു കത്തുമാണ് കവറുകളിലുണ്ടായിരുന്നത്. തിരുവട്ടൂർ, അരിപ്രാമ്പ പ്രദേശത്തു നിന്നും കവർച്ച നടത്തിയ മുതലാണെന്നും കോവിഡ് കാലത്ത് നിവൃത്തികേടു ചെയ്തു പോയതാണെന്നും പറ്റിയ തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നാണ് കത്തിലെ വാചകങ്ങൾ. മോഷണം നടത്തിയ വീടുകളിലെ ഉടമസ്ഥരുടെ പേരും ഓരോ വീട്ടിലും എത്രതുകവീതം നൽകാനുണ്ടെന്നുമുള്ള വിവരവും കത്തിന്റെ മുകൾഭാഗത്ത് പട്ടികയായി രേഖപ്പെടുത്തിയിരുന്നു.

ഇതെല്ലാം കണ്ടതോടെ അഷ്റഫ് കെട്ടോല ഈ കത്തും പണവും ആഭരണവും പരിയാരം പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പരിയാരം പൊലിസ് മോഷ്ടാവിനായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഈ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും പരിശോധിക്കുകയുണ്ടായി. എന്നാൽ സംഭവത്തിലെ കഥാപാത്രം ഒരു സ്ഥിരം മോഷ്ടാവാണെന്നു പൊലിസിന് അന്നേ വ്യക്തമായിരുന്നു.

ഇതേ തുടർന്നാണ് വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളുടെ ലിസ്റ്റും സി.സി.ടി.വി ക്യാമറദൃശ്യങ്ങളും പരിശോധിച്ചത്. ഇങ്ങനെയാണ് മൂർഷിദാണ് കേസിലെ കഥാപാത്രമെന്ന് പൊലിസിന് വ്യക്തമായത്. ഇതോടെ ഇയാളെ കുരുക്കിലാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. 2018-ലെ അനധികൃത മണൽ വാരൽ കേസിൽ കോടതിയിൽ ഹാജരാകാനെത്തിയ മൂർഷിദിനെ കഴിഞ്ഞ ദിവസം പയ്യന്നൂർ കോടതിയിൽ വച്ചാണ് പൊക്കിയത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് കോടതി മോഷണകേസിലും റിമാൻഡു ചെയ്തു. അതിവിദഗ്ദ്ധനായ മോഷ്ടാവാണ് മൂർഷിദെന്നും ഇയാൾ കവർച്ച നടത്തിയ വിവരം കത്തുലഭിച്ചതിനു ശേഷമാണ് പലരും അറിഞ്ഞതെന്നും പൊലിസ് അറിയിച്ചു.