ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് 500 കോടിയിലേറെ രൂപയുടെ സൗജന്യമരുന്നു വാഗ്ദാനം ചെയ്ത് പ്രമുഖ വാക്‌സീൻ നിർമ്മാണ കമ്പനിയായ ഫൈസർ. കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് ചികിത്സയുടെ ഭാഗമാക്കിയ മരുന്നുകളാണു ലഭ്യമാക്കുക. സർക്കാർ ആശുപത്രികൾ വഴിയും ഫൈസറുമായി സഹകരിക്കുന്ന സർക്കാർ ഇതരസംഘടനകൾ വഴിയുമാകും മരുന്നുവിതരണമെന്നു കമ്പനി അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ ഫൈസർ വാക്‌സീന്റെ ഉപയോഗാനുമതിയുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നു കമ്പനി സിഇഒ ആൽബർട്ട് ബൗർല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ നേരത്തേ തന്നെ സമർപ്പിച്ചിട്ടുണ്ട്. ഉപകമ്പനികൾ വഴിയല്ലാതെ നേരിട്ടു സർക്കാരുമായി ധാരണയുണ്ടാക്കാമെന്നാണു ഫൈസറിന്റെ നിലപാട്.

സഹായവുമായി ഇറ്റലി, ജർമനി, യുഎസ്

കോവിഡ് വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് ഓക്‌സിജൻ പ്ലാന്റുകൾ ലഭ്യമാക്കി ഇറ്റലി. പ്ലാന്റുകളുമായി ഇറ്റലിയുടെ സേനാവിമാനം ഇന്നലെ ഡൽഹിയിലിറങ്ങി. ഓക്‌സിജൻ നീക്കത്തിനാവശ്യമായ 4 കണ്ടെയ്‌നറുകൾ ജർമനിയിൽ നിന്നെത്തിച്ചു. യുഎസിൽ നിന്ന് 1.25 ലക്ഷം ഡോസ് റെംഡിസിവിർ മരുന്ന് ഞായറാഴ്ച രാത്രി ഇന്ത്യയിലെത്തി.