ആലുവ: ലൗവ് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം പലരും ഉയർത്തുന്നുണ്ട്. ഇതിനിടെ വിവാഹമാകുന്ന മറ്റൊരു വാർത്തയാണ് ഇന്ന് കേരളാ കൗമുദി ദിനപത്രത്തിൽ പുറത്തുവന്നിരിക്കുന്നത്. മുസ്ലിം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച യുവാവിനെ ഭാര്യ വീട്ടുകാർ മതം മാറാത്തതിന്റെ പേരിൽ ആക്രമിച്ചെന്നാണ് പുറത്തുവന്ന വാർത്ത. ഭാര്യയുടെ ബന്ധുക്കൾ വീടു കയറി ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ് യുവാവും മാതാവും ആശുപത്രിയിൽ ചികിത്സയിലാണ്.

ആലുവ പറവൂർകവല റോസ് ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി പള്ളത്ത് വീട്ടിൽ മുരുകന്റെ ഭാര്യ ലേഖ (48), മകൻ അഭിനന്ദ് (27) എന്നിവരെയാണ് ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. പ്രണയിച്ചു വിവാഹം കഴിച്ചയാളായിരുന്നു അഭിനന്ദ്. മൂന്ന് വർഷം മുമ്പുള്ള വിവാഹം ഭാര്യവീട്ടുകാരുടെ എതിർപ്പോടെയായിരുന്നു. മിശ്ര വിവാഹത്തെ എതിർത്ത യുവതിയുടെ ബന്ധുക്കൾ തന്നോട് മതം മാറാൻ ആവശ്യപ്പെട്ടെന്നാണ് യുവാവ് പറയുന്നത്. ഇതിന് കൂട്ടാക്കാത്തതിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്നും ഇവർ പറയുന്നു.

ഇസ്‌ളാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കിൽ ബന്ധം ഒഴിയാനുള്ള രേഖകളിൽ ഒപ്പിടണമെന്നുമായിരുന്നു ഭാര്യ വീട്ടുകാരുടെ ആവശ്യം. മൂന്ന് വർഷം മുമ്പ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായവരാണ് ദമ്പതികൾ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്ത ശേഷം എളമക്കരയിലെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി. ഒന്നര വർഷത്തിലേറെ അഭിജിത്തിനൊപ്പമായിരുന്നു യുവതി.

ഇതിനിടയിൽ യുവതിയെ തിരിച്ചു കൊണ്ടുപോകാൻ വീട്ടുകാർ പലതരത്തിലും ശ്രമിച്ചെങ്കിലും നടന്നില്ല. മലപ്പുറത്തെ ബന്ധുവീട്ടിലെ തടങ്കലിൽ നിന്ന് അർദ്ധരാത്രി യുവതി രക്ഷപ്പെട്ട സംഭവവുമുണ്ടായി. ഒന്നര വർഷം മുമ്പ് പെരുമ്പാവൂരിലെ വീട്ടിലേക്ക് പോയ യുവതി ഫോണിൽ ബന്ധം തുടരുന്നുണ്ട്. ഭാര്യയുമായി പ്രശ്‌നങ്ങളില്ലെന്നാണ് യുവാവ് പറയുന്നത്.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഭാര്യയുടെ സഹോദരനും മാതാവും സഹോദരിയും ഉൾപ്പെടെ 11 അംഗസംഘമാണ് വീട്ടിലെത്തിയത്. സൗഹൃദ സംഭാഷണമായതിനാൽ മാതാവ് ലേഖ അഭിനന്ദിനെ ഫോൺ വിളിച്ച് വരുത്തി. വീട്ടിലെത്തിയ ഉടൻ ഭാര്യയുടെ സഹോദരീ ഭർത്താവ് ഇജാസ് മർദ്ദിച്ചെന്നാണ് ലേഖ പറയുന്നത്.

പിടിവലിക്കിടെ നിലത്ത് വീണ ലേഖയുടെ വലതുകൈ ഒടിഞ്ഞു. അഭിനന്ദിന്റെ തലക്ക് പിന്നിലാണ് മർദ്ദനമേറ്റത്. സംഭവം പൊലീസിൽ പരാതിയായി എത്തിയതോടെ ആലുവ പൊലീസ് ഇജാസിനെ കസ്റ്റഡിയിലെടുത്തു. താൻ മതം മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ പേരിൽ ബന്ധം ഒഴിയണമെങ്കിൽ ഭാര്യ നേരിട്ട് ആവശ്യപ്പെടണമെന്നും ബന്ധുക്കൾ കൊണ്ടുവരുന്ന പേപ്പറിൽ ഒപ്പുവയ്ക്കില്ലെന്നും അഭിജിത്ത് പറഞ്ഞു. അതേസമയം മതംമാറ്റ വിഷയമാണ് ആക്രമണത്തിന് പിന്നിൽ, അതോ മറ്റ് കുടുംബ പ്രശ്‌നങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേരളാ കൗമുദിയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം വാർത്ത ചർച്ചാ വിഷയമായിട്ടുണ്ട്.