പാലക്കാട്: രാത്രികാല വാഹനപരിശോധന നടത്തുന്നതിന്നിടെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കയ്യേറ്റ ശ്രമം നടത്തിയതിനും ഭീഷണിപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർക്ക് എതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മണ്ണൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഹുസൈൻ ഷഫീക്ക് ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ബൈക്ക് അപകടങ്ങളും മരണങ്ങളും വർദ്ധിച്ചതോടെയാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പാലക്കാട് പത്തിരിപ്പാലത്ത് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ബൈക്കുമായി വന്ന യുവാവിനു ലൈസൻസ് ഇല്ലായിരുന്നു. ഇയാളെ തടഞ്ഞു നിർത്തി ഉദ്യോഗസ്ഥർ ഫൈൻ ആവശ്യപ്പെട്ടതാണ് പ്രശ്‌നമായത്. യുവാവ് ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ ഷഫീഖ് അടക്കമുള്ളവരെ ഫോണിൽ വിളിച്ചു വരുത്തി. തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റം നടന്നു. നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ ഒറ്റപ്പാലം പൊലീസ് ആണ് ജനങ്ങൾക്കിടയിൽ നിന്നും ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു.

ഹുസൈൻ ഷെഫീഖിന് എതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയതിനുമാണ് കേസ് ചാർജ് ചെയ്തത്. ഹുസൈൻ ഷഫീഖിന് എതിരെ വേറെയും കേസുകൾ ഉണ്ടെന്നു ഒറ്റപ്പാലം സിഐ സുജിത്ത് മറുനാടനോട് പറഞ്ഞു. ലൈസൻസ് ഇല്ലാതെ യുവാവ് വന്നപ്പോൾ മാനുഷിക ഇടപെടൽ ആണ് ഉദ്യോഗസ്ഥർ നടത്തിയത്. പതിനായിരം രൂപ പിഴ ഈടാക്കുന്നതിന് പകരം രണ്ടായിരം രൂപ ഈടാക്കി യുവാവിനെ വിട്ടയക്കാൻ അവർ തയ്യാറായിരുന്നു. എന്നാൽ ഈ രണ്ടായിരം രൂപ കൈക്കൂലിയായി കണ്ടു നാട്ടുകാർ വെറുതെ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹുസൈൻ ഷഫീക്ക് ഉൾപ്പെടെയുല്ലവർക്ക് എതിരെ കേസ് എടുത്തത്-സിഐ പറയുന്നു. പ്രശ്‌നമായപ്പോൾ മങ്കര പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയായതിനാൽ അവർ ഇടപെട്ടില്ല. തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്ത് എത്തിയാണ് ആളുകളെ പിരിച്ചു വിട്ടത്.

ഒറ്റപ്പാലം-പാലക്കാട് റൂട്ടിൽ വാഹനാപകടങ്ങളും മരണങ്ങളും വർദ്ധിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് പരിശോധന ഊർജ്ജിതമാക്കിയത്. ഈ പരിശോധനയ്ക്കിടെയാണ് പ്രശ്‌നങ്ങൾ വന്നത്. ബൈക്കുമായി വന്ന യുവാവിനു ലൈസൻസ് ഇല്ലായിരുന്നു. പതിനായിരം രൂപയാണ് ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ പിഴ. ഈ തുക അടയ്ക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ് ഫോണിൽ നാട്ടുകാരെ വിളിച്ചു. ഇതോടെയാണ് ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ ഷഫീഖ് ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നത്. പാലക്കാട് തൃശൂർ ജില്ലകളിലായി വിവിധ ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഹുസൈൻ എത്തിയതോടെ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും തുടർന്നു ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമവും നടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഹുസൈൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചത്. എന്നാൽ ഒറ്റപ്പാലം പൊലീസ് ഇത് തള്ളിക്കളയുന്നു. ലൈസൻസ് ഇല്ലാതെ വന്ന യുവാവിനോട് തീർത്തും മാനുഷികപരമായാണ് ഉദ്യോഗസ്ഥർ പെരുമാറിയത്. ഈ തുക ഇല്ലെന്നു പറഞ്ഞപ്പോൾ അവർ തുക കുറച്ചു കൊടുത്തു. ഇത് കൈക്കൂലിയായി നാട്ടുകാർ വ്യാഖ്യാനിക്കുകയായിരുന്നു. ഇതും പറഞ്ഞാണ് ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാർ പ്രശ്‌നങ്ങൾക്ക് മുതിർന്നത്-സിഐ പറയുന്നു. നാടകീയമായ സംഭവവികാസങ്ങളാണ് ഈ സമയത്ത് ഇവിടെ നടന്നത് എന്ന് ഇതുമായി ബന്ധപ്പെട്ടു സക്കീർ ഹുസൈൻ എന്നയാൾ നൽകിയ ഫെയ്‌സ് ബുക്ക് ലൈവിൽ വ്യക്തമാകുന്നു. ഡ്യൂട്ടിക്ക് ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാർ കയറു പൊട്ടിച്ച് നടത്തുന്ന പ്രവർത്തികളാണ് ലൈവിൽ ഉള്ളത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ഇന്റർസെപ്റ്റർ വെഹിക്കിളിൽ ബന്ദിയാക്കി നിർത്തിയാണ് നാടകം മുഴുവൻ നടക്കുന്നത്.

ഫെയ്‌സ് ബുക്ക് ലൈവിലെ സംഭാഷണങ്ങൾ ഇങ്ങനെ:

നിങ്ങൾക്ക് ചെറിയ ഫൈൻ ഇട്ടിട്ട് ഒഴിവാക്കാമായിരുന്നു. പാവപ്പെട്ട ആളുകളെ പറ്റിച്ചിട്ട്... പ്രിയമുള്ളവരേ എന്‌ഫോഴ്‌സ്‌മെന്റ് വിംഗിൽപ്പെട്ട സജീവ് എന്ന ഉദ്യോഗസ്ഥൻ പത്തിരിപ്പാലം സെൻട്രലിൽ വെച്ച് പാവപ്പെട്ട ബൈക്ക് യാത്രികരെ തടഞ്ഞു നിർത്തി 2000 രൂപ കൈക്കൂലി തന്നില്ലെങ്കിൽ പതിനായിരം രൂപ ഫൈൻ തരുമെന്ന് പറഞ്ഞു പാവപ്പെട്ട പയ്യന് രണ്ടായിരം രൂപയുടെ ഫൈൻ എഴുതി നൽകിയിരിക്കുന്നു. അടുത്തുള്ള ആൾ പതിനായിരം രൂപ ഫൈൻ എന്ന് തിരുത്തുന്നു...പൊതുപ്രവർത്തകനായ എന്നോടു അദ്ദേഹം സംസാരിച്ചത് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ എന്നാണ്. ഈ രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറുകയാണെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതികരിക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ്... സാധാരണക്കാരനായ കൂലിപ്പണിക്കാരനായ ഒരുത്തനോട് രണ്ടായിരം രൂപ തന്നില്ലെങ്കിൽ പതിനായിരം രൂപ ഫൈൻ നൽകുമെന്ന് പറഞ്ഞു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് ചോദിക്കാൻ വന്നതാണ് മണ്ണൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനായ എന്നോടു വെള്ളം അടിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഞാൻ മങ്കര പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. വെള്ളമടിച്ചിട്ടുണ്ടോ എന്ന് ബോധ്യപ്പെടുത്തിയതിന് ശേഷമാണ് വാഹനം വിടുകയുള്ളൂ എന്നുള്ളത് അദ്ദേഹത്തിനെയും ബാക്കിയുള്ളവരെയും അറിയുക്കുന്നതിനു വേണ്ടിയാണ് വീഡിയോ എടുത്തത്. നിങ്ങളുടെ വീറോക്കെ എവിടെ.. യൂണിഫോം ഉണ്ട് എന്ന് പറഞ്ഞിട്ട് പാവപ്പട്ട ആളുകളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയ പരിപാടി... പൊലീസ് എത്തുന്നു. ഗ്രാമപഞ്ചായത്ത് അംഗമായ എന്നോടു മദ്യപിച്ചോ എന്ന് ചോദിച്ചതിന് എനിക്ക് പരാതിയുണ്ട്....രണ്ടായിരം രൂപ അവർ കൈക്കൂലി ചോദിച്ചു..പൊലീസിനോട്... സാറിന്റെ കയ്യിൽ ഊതുന്ന സാധനമുണ്ടോ? കള്ളുകുടിച്ചോ എന്നാണ് ചോദിച്ചത്..നാട്ടുകാർ ഇടപെടുന്നു പൊതുപ്രവർത്തകനോടാണ് കള്ളുകുടിച്ചോ എന്ന് ചോദിച്ചത്..., ഞങ്ങൾ ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാ...സജീവേട്ടാ...പണിയും തോരവും ഇല്ലാത്ത കൊറോണ സമയത്ത് പതിനായിരം ആരാണ് അടക്കുക...നിങ്ങൾക്ക് ടാർജറ്റ് തന്ന ആളുകളെ വിളിക്കൂ...എന്നിട്ട് തീരുമാനം എടുക്കാം.. ഞങ്ങൾ പണം പിരിച്ചു തരാം..സർക്കാരിനു...തൊഴിലും തേങ്ങയും മാങ്ങയും ഇല്ലാതെ ആളുകൾ തെണ്ടി തിരിഞ്ഞു നടക്കുന്ന സമയത്ത് .. നിങ്ങൾ ശമ്പളം വാങ്ങി പിരിച്ചു കൊടുക്കാൻ നടക്കുകയാണ്.... എന്താ ഇത് മനുഷ്യന്മാർക്ക് പറ്റിയത്..

സക്കീർ ഹുസൈന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിങ് ഇങ്ങനെ:

ഒറ്റപ്പാലം എംവിഐ ഉദ്യോഗസ്ഥൻ എം.ആർ.സജീവ് രാത്രി വൈകിയുള്ള ഗുണ്ടാ പിരിവ്# പ്രതികരിച്ചവർക്ക് ജാമ്യമില്ലാ കേസ്. കൈക്കൂലി ചോദിച്ച എംവിഐ പുണ്യാളൻ. രാത്രി ഏകദേശം 10:30 നു പത്തിരിപ്പാല കവലയിൽ ആർടിഒ എൻഫോഴ്സ്മെന്റ് വിങ്ങിലെ വാഹനപരിശോധനയിൽ മണ്ണൂർ വേങ്ങശ്ശേരി സ്വദേശിയായ സഹോദരനെ തടുക്കുകയും ലൈസൻസ് ഇല്ല എന്നുള്ള കാരണത്താൽ പതിനായിരം രൂപ പിഴയടക്കണമെന്നും അല്ലെങ്കിൽ രണ്ടായിരം രൂപ ഇപ്പോൾ തന്നാൽ വണ്ടിയെടുത്തു പൊയ്‌ക്കോ എന്നും പറഞ്ഞതിൽ തന്റടുത്ത് പൈസ ഇല്ല എന്നും എന്നെ ഒഴിവാക്കണമെന്നും പറഞ്ഞപ്പോൾ 2000 രൂപ തന്നു പോടാ എന്നും പൈസ ഇല്ലെങ്കിൽ ആരെയെങ്കിലും വിളിച്ചു കൊണ്ടുവരാൻ പറയെടോ എന്നും അല്ലെങ്കിൽ വണ്ടി കൊണ്ട് പോകുവാൻ പറ്റില്ല എന്ന് സുഹൃത്ത് ആയ ബൈക്ക് യാത്രികനെ ഭീഷണിപ്പെടുത്തി. ശേഷം സംസാരത്തിലും വളരെയധികം മോശമായാണ് എംവിഐ സംസാരിച്ചത്. എംവിഐ സജീവൻ മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസിനോട് ഞങ്ങൾ സംശയം പറഞ്ഞെങ്കിലും പരിശോധന വിധേയനാകാതെ അദ്ദേഹം തന്ത്രപരമായി ഒഴിഞ്ഞു മാറുകയും പൊലീസ് മദ്ധ്യസ്ഥയിൽ രാവിലെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പരിഹരിക്കാം എന്ന ഉറപ്പിൽ എല്ലാവരും പിരിഞ്ഞു പോവുകയാണ് ഉണ്ടായത്

ഇങ്ങിനെയുള്ള മറ്റുള്ള മാതൃകാപരമായ ഉദ്യോഗസ്ഥർക്ക് അപമാനമാണ്. ഇവരെ പോലുള്ളവരെ നിയമനടപടികൾക്ക് വിധേയമാക്കുന്നതിനു സാധാരണപ്പെട്ട യാത്രക്കാർക്ക് വേണ്ടിയും പ്രതേകിച്ചു ടാക്‌സിയിലെയും ഓട്ടോയിലെയും മറ്റു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് വേണ്ടിയും ഒരു സാധാരണ പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്നും നിലകൊള്ളുന്നതാണ്. യൂത്ത് കോൺഗ്രസ് അസംബ്ലി വൈസ് പ്രസിഡന്റ് ആയ ഞാൻ ഉൾപ്പടെ കോൺഗ്രസ് മണ്ണുർ മണ്ഡലം പ്രസിഡന്റും ജന പ്രതിനിധിയുമായ ഹുസൈൻ ഷഫീഖ്, ബ്ലോക്ക് കോൺഗ്രസ് സെക്രെട്ടറി മാരായ റിയാസ്, ബഷീർ എന്നിവർക്ക് എതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്തി ജാമ്യമില്ലാ കേസ് എടുത്തിട്ടുണ്ട്.

പരാതി നൽകിയെന്ന് ഷഫീഖ് ഹുസൈൻ മാധ്യമങ്ങളോടു പ്രതികരിച്ചെങ്കിലും ഷഫീഖ് ഹുസൈൻ പരാതി നൽകിയിട്ടില്ലെന്ന് ഒറ്റപ്പാലം പൊലീസ് മറുനാടനോട് പറഞ്ഞു. ഷഫീഖ് ഹുസൈനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.