മലപ്പുറം: ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും വെട്ടിലാക്കി വാർത്താസമ്മേളനത്തിൽ പ്രതികരിച്ച പാണക്കാട് മുഈനഅലിയെ സംരക്ഷിക്കാൻ തീരുമാനിച്ചത് പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ചേർന്ന കുടുംബയോഗത്തിൽവെച്ച്. പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കുന്നതു ഭാവിയിൽ പാർട്ടിക്കും കുടുംബത്തിനും ദോഷംചെയ്യുമെന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു. ഹൈദരലി തങ്ങൾ ഇടപെട്ടാലും മുഈനഅലി വിഷയത്തിൽ കാര്യമായി നടപടിയുണ്ടാകില്ലെന്നാണു ലഭിക്കുന്ന വിവരം. മുഈൻ അലിയെ പരസ്യമായി തള്ളിയ പാണക്കാട്ടെ കുടുംബം രഹസ്യമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞദിവസം മുഈൻ അലിയുടെ പ്രവൃത്തി പാർട്ടിക്ക് ക്ഷീണമായെന്ന് വിലയിരുത്തിയ പാണക്കാട് കുടുംബയോഗം പരസ്യമായി പിന്തുണ നൽകേണ്ടെന്നും തീരുമാനിക്കുകയായിരുന്നു. എന്നാൽ പാണക്കാട് റഷീദലി തങ്ങളുടെ നേതൃത്വത്തിൽവച്ചാണ് പാണക്കാട്ടെ തങ്ങൾമാരുടെ യോഗം ചേരുകയും മുയിൻഅലി തങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനോട് വിയോചിക്കുകയും ചെയ്തത്. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗംകൂടിയായ പാണക്കാട് സാദിഖലി തങ്ങളും യോഗത്തിലുണ്ടായിരുന്നു. എന്നാൽ മുഈൻഅലിയുടെ പ്രവർത്തനംകൊണ്ടു പാർട്ടിക്കുണ്ടായ ക്ഷീണം ചെറുതല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

പാണക്കാട് കുടുംബാംഗത്തിനെതിരെ നടപടിയെടുക്കുന്നതു ഭാവിയിൽ പാർട്ടിക്കും കുടുംബത്തിനും ദോഷംചെയ്യുമെന്ന ചില മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾകൂടി കണക്കിലെത്താണ് സാദിഖലി തങ്ങളും ഇക്കാര്യത്തോട് യോചിച്ചത്. തുടർന്നു അന്നേദിവസം ഉച്ചയോടെ തന്നെ കുഞ്ഞാലിക്കുട്ടിയോട് ഇക്കാര്യം ഫോണിൽ വിളിച്ചു പറയുകയുംചെയ്തു. ഇത്തരത്തിൽ പരസ്യ പ്രസ്താവനകൾ നടത്തിയിട്ടും തികച്ചും സംയമനത്തോടു കൂടി വിഷയം കൈകാര്യംചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ഇതിനിടെ ചർച്ചചെയ്തു. ഹമീദലി തങ്ങൾ, അബ്ബാസലി തങ്ങൾ, ബഷീറലി തങ്ങൾ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. മുനവ്വറലി ശിഹാബ് തങ്ങൾ മറ്റൊരാവശ്യത്തിനായി ബീഹാറിൽപോയതിനാൽ ചർച്ചയിൽ പങ്കെടുത്തില്ല.

എങ്കിലും നിലപാട് അറിയാൻ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഹൈദരലി തങ്ങളെ വിവരം അറിയിച്ച് അദ്ദേഹത്തിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രം മറ്റു നടപടികൾ എടുത്താൽ മതിയെന്ന തീരുമാനം ആദ്യം എടുത്തതും പാണക്കാട് കുടുംബാംഗങ്ങൾ ആണ്. ഇക്കാര്യം പിന്നീട് ഉന്നതാധികാര സമിതിയിൽ സാദിഖലി തങ്ങൾ അവതരിപ്പിച്ചപ്പോൾ ഭൂരിഭാഗവും അംഗീകരിക്കുകയും ചെയ്തു. കടുത്ത നടപടികളൊന്നും മുയീൻഅലിക്കെതിരെ ഉണ്ടാകില്ലെന്ന സൂചനയാണ് പാണക്കാട്ടെ കുടുംബാഗങ്ങൾ വഴി ലഭിക്കുന്ന വിവരം.

അതേ സമയം കാലത്തിന്റെ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വിഷയത്തിൽ പ്രതികരിച്ചു. സമുദായത്തിന്റെ അവകാശങ്ങൾക്കും അവശ വിഭാഗങ്ങളുടെ ഉയർച്ചക്കും വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്ത് വരും.അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സിപിഎം സൃഷ്ടിച്ചതാണ്.

സർക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെഉയർന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നത്.സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാർട്ടിയാണ് ലീഗ്. ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കും. കോവിഡ് പ്രവർത്തനങ്ങളിൽ സർക്കാർ മണ്ടൻ നയങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ഓരോ കാര്യങ്ങളും സർക്കാരിന് അംഗീകരിക്കേണ്ടി വരുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്റലക്ച്വൽ മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ശനിയാഴ്ച മലപ്പുറത്ത് നടന്ന ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്ത സത്യവുമായി ഒരു പുലബന്ധവുമില്ലാത്തതെന്ന് കെ.പി.എ മജീദ് എംഎ‍ൽഎ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മുസ്്‌ലിംലീഗ് പാർട്ടിയെ സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കുക മാത്രമാണ് ലക്ഷ്യം. മുഈനലി തങ്ങളുടെ വിഷയം മാത്രമാണ് യോഗത്തിൽ ചർച്ച നടന്നത്. മറ്റൊരു വിഷയവും അജണ്ടയിലില്ലായിരുന്നു. വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഇടപെടൽ അനുചിതമായിരുന്നു എന്ന അഭിപ്രായത്തിൽ എല്ലാവരും ഒറ്റകെട്ടാണ്. ഈ വിഷയത്തിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തേണ്ടത് അനിവാര്യമാണ്.

അതിനു ശേഷം മാത്രമെ നടപടിയുണ്ടാവു. കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചു എന്ന രീതിയിൽ വരുന്ന ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. പാർട്ടിക്കെതിരെ പല വർത്തകളും വരാറുണ്ട്. പലതിലും ഒരുതരിയെങ്കിലും സത്യം കാണും. എന്നാൽ ഇതിൽ ഒരു വാചകം പോലും ശരിയല്ല. യോഗത്തിൽ പങ്കെടുത്ത 12 പേരും അവരുടേതായ അഭിപ്രായം പറഞ്ഞു. രണ്ടു പേർക്കെതിരെയും ഏതു തരം നടപടി വേണമെന്നായിരുന്നു ചർച്ചയുടനീളം നടന്നത്. അല്ലാതെ മറ്റൊന്നുമില്ല. വാർത്തകൾ വരുന്നത് നിർഭാഗ്യകരുമാണ്. പടച്ചുവിടുന്ന വാർത്തകളിൽ മാധ്യമങ്ങൾ അൽപമെങ്കിലും ഔചിത്യബോധം കാണിക്കണമെന്നും കെ.പി.എ മജീദ് കൂട്ടി ചേർത്തു. കെ.ടി ജലീലിനെതിരെ മാന നഷ്ടത്തിനു കേസു കൊടുക്കമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മാനവുള്ളവർക്കെതിരെയല്ലെ മാന നഷ്ടത്തിനു കേസു കൊടുക്കാനാവു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.