കൊച്ചി: കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ രണ്ട് പേര് കസ്റ്റംസ് കസ്റ്റഡിയിൽ. മുഹമ്മദ് ഷാഫി, അർജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയ പാനൂർ സ്വദേശി അജ്മലും, ഇയാളുടെ സുഹൃത്തായ ആഷിഖുമാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ. സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.

അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടി പി കേസിലെ പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസിൽ ഹാജരായി. രാവിലെ 11 മണിക്കാണ് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഷാഫി ഹാജരായത്. അഭിഭാഷകന് ഒപ്പമാണ് ഷാഫി ഹാജരായത്. ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫി പരോളിലാണ്. കൊടിസുനിയും ഷാഫിയും അടങ്ങുന്ന സംഘം കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിന്റെ രക്ഷധികാരികൾ ആണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഷാഫി ഹാജരായതിന് പിന്നാലെ കസ്റ്രംസ് ഓഫീസിന് സായുധ സേനയുടെ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് യൂണിഫോമിൽ ഉപയോഗിക്കാറുള്ള സ്റ്റാർ അടക്കം കണ്ടെത്തിയിരുന്നു. നിലവിൽ പരോളിൽ കഴിയുന്ന ഷാഫിക്ക് പ്രധാന പ്രതി അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചതിലും പങ്ക് ഉണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം പൊട്ടിക്കുന്നതിന്(തട്ടിയെടുക്കാൻ) സഹായിച്ചുവെന്നാണ് ആയങ്കി മൊഴി നൽകിയത്. ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നും അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

പൊട്ടിക്കുന്ന സ്വർണത്തിന്റെ മൂന്നിൽ ഒരു പങ്ക് പാർട്ടിക്ക്(കൊടി സുനി ടീമിനെ വിശേഷിപ്പിച്ചിരുന്നത് പാർട്ടി എന്നാണ്) നൽകുമെന്ന് പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിയാണ് അവിടെ ഇരുന്ന് ക്വട്ടേഷൻ ടീമിനെ നിയന്ത്രിക്കുന്നത് എന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. ഇപ്പോൾ പരോളിലാണ് മുഹമ്മദ് ഷാഫിയുള്ളത്. ഒളിവിൽ കഴിയാനും ടി.പി കേസ് പ്രതികൾ സഹായിച്ചുവെന്നും അർജ്ജുൻ ആയങ്കിയുടെ മൊഴിയിലുണ്ട്. കൊടി സുനിയെ മുൻനിർത്തിയാണ് അർജ്ജുൻ ആയങ്കിയും സംഘവും പല ഓപ്പറേഷനുകളും നടത്തിയതെന്ന സൂചനകളാണ് വരുന്നത്. കൊടിസുനിയുടെ സംരക്ഷണം ഇവർക്ക് ലഭിച്ചിരുന്നതായി കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.