തിരുവനന്തപുരം: സ്വപ്‌നാ സുരേഷും കൊല്ലം എംഎൽഎയും നടനുമായ മുകേഷുമായി ബന്ധമുണ്ടെന്ന് ജനം ടിവി. സ്വപ്നയെ മുകേഷ് വീഡിയോ കോൾ ചെയ്തതിന്റെ തെളിവുകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയെന്നാണ് ജനം ടിവിയിലെ വാർത്ത.

സ്വപ്‌നയുടെ മൊബൈലിൽ നിന്നാണ് ഇതിന്റെ വിശദാംശങ്ങൾ കിട്ടിയതെന്നാണ് സൂചന. എന്നാൽ ആരോപണങ്ങൾ മുകേഷ് നിഷേധിച്ചതായും സംഘപരിവാർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. സ്വപ്‌നയുമായി കൂടുതൽ ഇടതു നേതാക്കൾക്ക് ബന്ധമെന്ന തരത്തിലാണ് വാർത്ത നൽകിയത്. വാട്‌സാപ്പ് ചാറ്റുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുകേഷ് പ്രതികരിക്കുകയും ചെയ്തു.

മുകേഷുമായുള്ള ബന്ധം കണ്ടെത്തിയതിന് ഇഡിയോ മറ്റ് കേന്ദ്ര ഏജൻസികളോ സ്ഥിരീകരണവും നൽകുന്നില്ല. രണ്ട് മന്ത്രിമാരുൾപ്പെടെ പലരുമായും സ്വപ്‌നയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് മുകേഷിനും സ്വപ്‌നയ്ക്കും തമ്മിൽ സൗഹൃദമുണ്ടെന്ന വാർത്തയുമായി ബിജെപിയുമായി അടുത്തു നിൽക്കുന്ന ജനം ടി വി നൽകുന്നത്.

കൊല്ലത്തെ എംഎൽഎയുമായി സ്വപ്‌നയ്ക്ക് അടുപ്പമുണ്ടെന്ന വാർത്തകൾ നേരത്തെയും പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മുകേഷിനെ പ്രതിക്കൂട്ടിൽ നിർത്തി ജനം ടിവിയുടെ വാർത്ത നൽകൽ. വീഡിയോ കോളിന്റെ വിഡിയോ സഹിതമാണ് വാർത്ത നൽകൽ.