തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ തെളിവുകൾ പുറത്തുവരുമ്പോൾ പൊളിയുന്നത് ഒന്നുമറിഞ്ഞില്ലെന്ന സംസ്ഥാന സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെ വാദങ്ങളാണ്. മുല്ലപെരിയാർ മേൽനോട്ട സമിതിയുടെ 14ാം യോഗത്തോടനുബന്ധിച്ചാണ് ജൂൺ 11ന് തമിഴ്‌നാട് ഉദ്യോഗസ്ഥരും കേരള വനംവകുപ്പ് ഉദ്യോഗസ്ഥരും ബേബി ഡാമിൽ പരിശോധന നടത്തിയത്. ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി കൂടിയായ ടി കെ ജോസിനും ഇതേക്കുറിച്ച വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തു. മുറിക്കേണ്ട 15 മരങ്ങളെ സംബന്ധിച്ച് പെരിയാർ ടെഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാൻ മേൽനോട്ട സമിതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകാനും നിർദേശിച്ചു. ഈ നിർദ്ദേശം കൊടുത്തകാര്യം മേൽനോട്ട സമിതി എക്‌സ് ഓഫിഷ്യോ ചെയർമാനും കേന്ദ്ര ജലകമ്മിഷനിലെ ചീഫ് എൻജിനീയറുമായ ഗുൽഷൻ രാജ് സെപ്റ്റംബർ മൂന്നാം തീയതി ജലവിഭവ അഡീ.ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ അറിയിച്ചു.

തമിഴ്‌നാട് ജലവിഭവവകുപ്പിലെ കമ്പം എക്‌സിക്യൂട്ടിവ് എൻജിനീയർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, ഈ മാസം ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറിൽ ചേർന്ന യോഗമാണ് മുല്ലപെരിയാർ ബേബി ഡാമിനോട് ചേർന്ന 15 മരങ്ങൾ മുറിക്കാൻ തീരുമാനമെടുത്തത്. മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ഒക്ടോബർ 30ന് അറിയിച്ചതിനു പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നത്.

ടി.കെ.ജോസ് അടക്കമുള്ള ഉദ്യോഗസ്ഥർ അറിഞ്ഞാണ് നടപടികൾ പൂർത്തിയാക്കിയതെന്നു വ്യക്തം. എന്നാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ മാത്രം കുറ്റക്കാരനാക്കാനായിരുന്നു ഉദ്യോഗസ്ഥ തലത്തിലെ ശ്രമം. സർക്കാരിന് ഇക്കാര്യങ്ങൾ എത്രത്തോളം അറിയാമായിരുന്നു എന്നതിൽ വ്യക്തത വരേണ്ടതുണ്ട്. വിവാദത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ബേബി ഡാം ശക്തിപ്പെടുത്താൻ സംസ്ഥാനതാൽപര്യം ബലി കഴിച്ച് സെക്രട്ടറിതലത്തിൽ എടുത്ത തീരുമാനത്തിൽ മുഖ്യമന്ത്രിക്കും സർക്കാറും നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.

ഇപ്പോഴത്തെ വിവാദം മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം തലവേദനയാവുകയാണ്. അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സർക്കാറെന്ന പ്രതിപക്ഷ ആരോപണത്തിൽനിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. ഇടുക്കി ഉൾപ്പെടെ മലയോരമേഖലയിൽ എൽ.ഡി.എഫ് ശക്തമായ സാന്നിധ്യം ഉറപ്പിക്കുമ്പോളാണിത്. പുതിയ അണക്കെട്ടാണ് മുല്ലപ്പെരിയാറിന്റെ ബലക്ഷയ ഭീഷണിക്ക് പരിഹാരമെന്ന നിലപാടാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാറുകളുടേത്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന, അന്തർസംസ്ഥാന നദീജല വിഷയങ്ങളിൽ നിലപാട് അനുകൂലമാക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിലക്കെടുക്കാൻ തമിഴ്‌നാടിന് രഹസ്യഫണ്ട് ഉണ്ടെന്ന ആരോപണത്തിന് കൂടിയാണ് പുതിയ വിവാദം ജീവൻ നൽകുന്നത്.

അന്തർസംസ്ഥാന നദീജലം മുഖ്യമന്ത്രിക്ക് കീഴിലാണ്. മുല്ലപ്പെരിയാറിൽ നയപരമായതും അല്ലാത്തതുമായ ഏത് നിലപാട് സ്വീകരിക്കുമ്പോഴും അത് അദ്ദേഹത്തിന്റെ ഓഫിസ് അറിയുക സ്വാഭാവികമാണ്. ജലവിഭവ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ ചേർന്ന് ബേബിഡാം തമിഴ്‌നാടിന് ബലപ്പെടുത്താൻ കേരളത്തിൽ നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി നൽകുമ്പോൾ പ്രത്യേകിച്ചും. അത് സംസ്ഥാന മുഖ്യമന്ത്രി അറിയാതെ തമിഴ്‌നാട് മുഖ്യമന്ത്രി അറിഞ്ഞുവെന്ന് സമ്മതിക്കുമ്പോൾ ഭരണത്തുടർച്ചയിലും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പിടിപ്പ്‌കേട് വിചാരണ ചെയ്യപ്പെടുന്നുണ്ട്. ഒന്നുമറിഞ്ഞില്ലെന്ന വാദത്തിന് അപ്പുറത്തേക്കാണ് കാര്യങ്ങളെന്ന സൂചനകളുണ്ട്.