കണ്ണൂർ: തെരഞ്ഞെടുപ്പിന് തലേന്നാൾ കേരളത്തിൽ ഒരു വാർത്താ ബോംബ് പൊട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ വാക്കുകളോടെ എല്ലാവരും ഈ അന്വേഷണം തുടങ്ങുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറ്റുപിടിച്ച് പൊട്ടുന്ന ബോംബുകൾ ഏതാകുമെന്ന് പ്രവചിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ബോംബ് പൊട്ടുന്നത് സിപിഎമ്മിന് ഉള്ളിൽ തന്നെയായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മാതൃഭൂമി ന്യൂസിനോടാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഇ.പി.ജയരാജനോടും പി.ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

'പിണറായി വിജയൻ ആകെ ഭയപ്പെട്ടിരിക്കുകയാണ്. എന്ത് വിസ്ഫോടനമാണ് സംഭവിക്കുക എന്നുള്ള ഭീതിയിലും അങ്കലാപ്പിലുമാണ് അദ്ദേഹം. അതുകൊണ്ടാണ് ബോംബ് പൊട്ടുമെന്ന് അദ്ദേഹം മുൻകൂറായി പറഞ്ഞത്. ഏറ്റവും വലിയ ബോംബ് ഇപ്പോൾ പൊട്ടാൻ പോകുന്നത് പാർട്ടിയിലാണ്. പിണറായി വിജയന്റെ പിറകിൽ കഴിഞ്ഞ അഞ്ചുവർഷമായി അദ്ദേഹത്തെ കാത്തുസംരക്ഷിച്ചൊരു മനുഷ്യനാണ് ഇ.പി.ജയരാജൻ. അദ്ദഹത്തോട് കാണിച്ചത് കടുത്ത വിവേചനമാണ്. അദ്ദേഹത്തിന്റെ മനസ്സിന്റെ ആശങ്കയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത്.' - മുല്ലപ്പള്ളി പറഞ്ഞു.

മുഖം രക്ഷിക്കാനെങ്കിലും ഇഡി പിണറായിയെ ചോദ്യം ചെയ്യണം. ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കിൽ നഷ്ടപ്പെടാൻ പോകുന്നത് മോദിയുടെയും അമിത്ഷായുടെയും മുഖമാണ്. ഒരുപക്ഷേ പ്രഹസനമായിരിക്കാം. രാഷ്ട്രീയ നാടകമായിരിക്കാം അവിടെ നടക്കുന്നത്. പിണറായിയുടെ മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ വർഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗങ്ങൾ നടത്തുന്നത് പി.ആർ.ഏജൻസി ആണെന്നും 120 കോടി രൂപയാണ് അതിനായി ചെലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഏതെന്ന വിധത്തിൽ വിലിയ ചർച്ചയാണ് സൈബർ ഇടത്തിൽ നടക്കുന്നത്. സൈബർ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ശ്രീരാമകൃഷ്ണന്റെ അറസ്റ്റോ? വിനോദിനി കോടിയേരിയെ കസ്റ്റഡിയിൽ എടുക്കലോ? ഉന്നതന്റെ മകളുടെ ഓഫീസിലെ റെയ്ഡോ? ഇങ്ങനെ പോകുന്നു സംശയങ്ങൾ. കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള നീക്കം ഉണ്ടായേക്കാമെന്നും ചർച്ചയുണ്ട്. ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ് അദ്ദേഹത്തിന് നോട്ടീസ് നൽകിയേക്കാമെന്ന് സി പി എമ്മിന്റെ സൈബർ ഗ്രൂപ്പുകളിൽ തന്നെ ചർച്ച നടക്കുന്നുണ്ട്. ഇടത് നേതാക്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലും ബംഗളൂരിലുമുള്ള ഐ ടി സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നേക്കാമെന്നാണ് സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന മറ്റൊരു കാര്യം.

രണ്ട് അഴിമതിക്കഥകൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈയിലുണ്ടെന്ന സൂചനകളും സജീവം. ഏതായാലും സോഷ്യൽ മീഡിയ കാത്തിരിക്കുകയാണ് ആ വാർത്താ സ്ഫോടനത്തിന്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ശേഷിക്കെ, രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന 'ബോംബി'നെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സൂചനകളാണ് അഭ്യൂഹങ്ങൾക്ക് കാരണം. കാസർകോട് പെരിയയിൽ എൽ. ഡി. എഫ് യോഗത്തിലാണ് മുഖ്യമന്ത്രി ബോംബിന്റെ കഥ പറഞ്ഞ് എല്ലാവരെയും ആകാക്ഷയിലാക്കിയത്.സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന തരത്തിൽ അഞ്ച് ദിവസത്തിനകം വലിയ 'ബോംബ്' വരുമെന്ന് പ്രചാരണം നടക്കുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും നേർക്കു നേർ പോരിലാണ്. അതുകൊണ്ട് തന്നെ അതിശക്തമായ നടപടികൾ കേന്ദ്ര ഏജൻസികൾ എടുക്കാൻ സാധ്യതയുണ്ട്. ഡോളർ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ നിരവധി ആരോപണങ്ങൾ ചർച്ചയാണ്. ഈ സാഹചര്യത്തിൽ സ്പീക്കറെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. ലൈഫ് മിഷനിലെ മൊബൈലിൽ കോടിയേരിയുടെ ഭാര്യ വിനോദനി കോടിയേരിയും സംശയ നിഴലിൽ. ഇതെല്ലാം ഈ അഭ്യൂഹങ്ങൾക്ക് പുതിയ നിറം നൽകുന്നു. ബോബ് പൊട്ടുമെന്ന് സൂചനകൾ ആദ്യം നൽകിയത് കെഎം ഷാജഹാനാണ്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അതിന് പുതിയ മാനങ്ങൾ കൈവരികയായിരുന്നു.