കുവൈത്ത് സിറ്റി: സ്വന്തം അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കൊലപ്പെടുത്തിയ യുവാവ് പൊലീസുമായുള്ള ഏറ്റമുട്ടലിൽ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സിറിയൻ വംശജനായ യുവാവ് കുവൈത്ത് സ്വദേശിയായ തന്റെ മാതാവിനെ അൽ ഖുസൂറിൽ വച്ചാണ് കുത്തിക്കൊന്നത്.

കൊലപാതകം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മഹ്ബുലയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കുത്തേറ്റ് മരിച്ചത്. ലഭ്യമായ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരാളാണെന്ന് പൊലീസ് കണ്ടെത്തിയത്.

മഹ്ബുലയിലെ ട്രാഫിക് സിഗ്‌നലിന് സമീപം നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സമയത്ത് ആളുകൾ നോക്കിനിൽക്കെയായിരുന്നു പൊലീസുകാരനെ പ്രതി കുത്തിക്കൊന്നത്. ശേഷം പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് കൈക്കലാക്കി ഇയാൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് പ്രതിയെ കണ്ടെത്താനായി പൊലീസ് വ്യാപക പരിശോധന തുടങ്ങി.

വഫ്‌റയിലെ കൃഷിസ്ഥലത്തുവച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കൈവശം ആയുധമുള്ളത് മനസിലാക്കി കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കം. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ ഇയാൾ പൊലീസിന് നേരെ വെടിവെച്ചു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിക്ക് വെടിയേറ്റു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ് അൽ റഷീദിയുടെ വിയോഗത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരും അനുശോചിച്ചു.

ഇരട്ട കൊലപാതകത്തെ തുടർന്ന് കുവൈത്തിൽ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി സ്ഥാനമൊഴിയണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സുലൈബിക്കാത്തിൽ ഖബറടക്കി.