കോഴിക്കോട്: അഴിമതി- വഞ്ചനാക്കേസുകളിൽ രണ്ട് എംഎൽഎമാർ അറസ്റ്റിലാവുന്നു. അതിലൊരാൾ മുൻ മന്ത്രിയും പാർട്ടിയുടെ എറ്റവും പ്രമുഖനായ നേതാവും ഫണ്ട് റെയ്സറും. മൂന്നാമത്തെ എംഎൽഎക്ക് കുരുക്ക് മുറുകുകയും ചെയ്യുന്നു. പി കെ ഫിറോസിനെപ്പോലെയുള്ള യൂത്ത് ലീഗ് നേതാക്കൾ ബിനീഷ് കോടിയേരിക്കെതിരെയൊക്കെ ശക്തമായ പ്രതികരിച്ച് അഴിമതിവിരുദ്ധ പ്രതിഛായ ഉണ്ടാക്കിവരുമ്പോൾ ലീഗ് എത്തിപ്പെട്ടത് സമാനകൾ ഇല്ലാത്ത അഴിമതി ആരോപണങ്ങളിലേക്കാണ്.

മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഇതുപോലെയുള്ള സന്ദർഭങ്ങൾ അപൂർവ്വമായേ ഉണ്ടായിട്ടുള്ളൂ.മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും, കളമശ്ശേരി എംൽഎ വി കെ ഇബ്രാഹീം കുഞ്ഞും ഇപ്പോൾ അറസ്റ്റിലാണ്. അഴീക്കോട് എംഎൽഎ കെ എം ഷാജിക്കെതിരെയും കുരുക്കുകൾ മുറുകുകയാണ്. ഇഞ്ചികൃഷി ചെയ്താണ് ഷാജി കോടികൾ വിലവരുന്ന വീട് അടക്കമുള്ള സ്വത്തുക്കൾ സമ്പാദിച്ചതെന്നത് ഇപ്പോൾ തന്നെ നവമാധ്യമങ്ങളിൽ ട്രോൾ ആയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എം കെ മുനീർ ഷാജിയുടെ പാട്ണർ ആണെന്ന വിവാദവും ഇപ്പോൾ ഉയരുന്നുണ്ട്. അങ്ങനെവന്നാൽ നിയമസഭാ കക്ഷി നേതാവ് തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യമാണ് ഇനി ഉണ്ടാവുക്

ഐസ്‌ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായപ്പോൾ ഉണ്ടായതുപോലുള്ള വലിയ പ്രതിസന്ധിയിലൂടെ ആണ് മുസ്ലിം ലീഗ് ഇപ്പോൾ കടന്നുപോകുന്നത്. ഐസ്‌ക്രീംകേസിൽ നിന്ന് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടെങ്കിലും അതിന്റെ കളങ്കം ഇതുവരെ മാറിയിട്ടില്ല. അന്ന് മുസ്ലിം ലീഗ് സംസ്ഥാന ഭരണത്തിലും പങ്കാളിയായിരുന്നു. തുടർന്ന് പികെ കുഞ്ഞാലിക്കുട്ടിക്ക് അന്ന് രാജിവയ്‌ക്കേണ്ടി വന്നു.ഐസ്‌ക്രീം പാർലർ വിവാദത്തിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുന്നണി പോരാളിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി പോലും തോറ്റമ്പി. മുസ്ലിം ലീഗിന്റെ ആകെ സീറ്റ് ഏഴിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. തിരൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥി ജയിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി.

ഇത്തവണയും സമാനമായ പ്രതിഛായ നഷ്ടമാണ് ലീഗിന് വന്നുചേർന്നത്. എംസി ഖമറുദ്ദീന്റേത് ബിസിനസ് പൊളിഞ്ഞതാണെന്നാണ വാദമാണ് ലീഗ് ഉയർത്തിയിരുന്നത്. എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ കാര്യത്തിൽ അത്തരമൊരു ഒഴിവുകഴിവിന് പോലും സാധ്യതയില്ല. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതി പൊതുജനസമക്ഷം ബോധ്യപ്പെട്ട ഒന്നാണ്.അഴീക്കോട് എംഎൽഎ കെഎം ഷാജിയും അഴിമതി കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഷാജിയുടെ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.

2006 ലേതിന് സമാനമായി ഈ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ അത് മുസ്ലിം ലീഗിന് കടുത്ത തിരിച്ചടിയാകും മുന്നണിയിൽ സൃഷ്ടിക്കുക എന്ന് ഉറപ്പാണ്.ആരോപണ വിധേയരായവരെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുക എന്നത് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നയമൊന്നും അല്ല. എന്നാൽ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞിനേയും കെഎം ഷാജിയേയും എസി ഖമറുദ്ദീനേയും മുസ്ലിം ലീഗ് മാറ്റി നിർത്താനാണ് സാധ്യത കൂടുതൽ. മാത്രമല്ല അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ ആറ് വർഷത്തെ വിലക്കുള്ളതിനാൽ കെ.എം.ഷാജിക്കും മത്സരിക്കാനാവില്ല. അഴിമതി കേസിൽ അറസ്റ്റിലായിട്ടും ഖമമറുദ്ദീനേയും വികെ ഇബ്രാഹിം കുഞ്ഞിനേയും കൈയൊഴിയാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് സർക്കാർ നടത്തുന്നത് എന്നാണ് ലീഗ്, യുഡിഎഫ് നേതൃത്വത്തിന്റെ ആരോപണം. പതിവുപോലെ കുഞ്ഞാലിക്കുട്ടി രക്ഷിക്കാൻ എത്തിയില്ലെങ്കിൽ ഇനി കുഞ്ഞിന് കളമശ്ശേരയിൽ സീറ്റ് കൊടുക്കില്ല എന്നാണ് അറിയുന്നത്. ഇബ്രാഹീം കുഞ്ഞിനെതിരെ ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിനെ ഇറക്കി ഒരു കൈ നോക്കാനാണ് സിപിഎം ശ്രമം. മുമ്പ് സ്വരാജ് ബാബുവിനെതിരെ മൽസരിച്ച് തൃപ്പുണിത്തറ പിടിച്ചതുപോലെ. അതുകൊണ്ടുതന്നെ ആരോപണ വിധേയരായവർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സീറ്റ് നൽകിയേക്കില്ല എന്നാണ് അറിയുന്നത്.

ജോസ്.കെ.മാണി വിഭാഗം ഇടതുമുന്നണിക്കൊപ്പം പോയതും മുന്നാക്ക സംവരണത്തിലൂടെയുണ്ടായ ധ്രൂവീകരണവും മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക മുസ്ലിംലീഗ് നേതൃത്വത്തിനുണ്ട്. ഇവിടെ തരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന രാഷ്ട്രീയ ആയുധം പാലാരിവട്ടമായിരിക്കും.ജനങ്ങൾക്കിടയിലും പാലാരിവട്ടം പാലം അഴിമതി വലിയ ചർച്ചയായതാണ്. അത് യു.ഡി.എഫിന്റെ പ്രകടനത്തെ ബാധിക്കുമെന്നത് ചൂണ്ടിക്കാട്ടിയാവും വി.കെ.ഇബ്രാഹിംകുഞ്ഞിന് സീറ്റ് നിഷേധിക്കുക.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫിനെയായിരിക്കും മഞ്ചേശ്വരത്ത് മത്സരിപ്പിക്കുക. ഉപതെരഞ്ഞെടുപ്പിലും അഷറഫിന്റെ പേര് യൂത്ത് ലീഗ് ഉയർത്തിയിരുന്നെങ്കിലും മുസ്ലിംലീഗ് നേതൃത്വം കമറുദ്ദീനെ പിന്തുണയ്ക്കുകയായിരുന്നു. ബിജെപിയുമായി കടുത്ത മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എം.സി.ഖമറുദ്ദീൻ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. യു.ഡി.എഫിന്റെ ഉറച്ച സീറ്റാണെന്ന ആത്മവിശ്വാസത്തിലേക്ക് എത്തിയപ്പോഴാണ് ജൂവല്ലറി നിക്ഷേപതട്ടിപ്പ് ഉയർന്ന് വന്നത്. ലീഗ് അനുഭാവികളും പ്രവർത്തകരുമാണ് പരാതിക്കാരിൽ ഭൂരിഭാഗവും. പ്രശ്‌നം പരിഹരിച്ച് സീറ്റ് നിലനിർത്താനാണ് നേതൃത്വത്തിന്റെ ശ്രമം.