തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻടി സാജനെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകൾ. ഇയാൾക്ക് വേണ്ടി ഒത്താശ ചെയ്തത് 24 ന്യൂസിലെ മാധ്യമപ്രവർത്തകനായ ദീപക് ധർമ്മടവും. ഇരുവരും തമ്മിലുള്ള ഇടപെടലുകൾ അക്കമിട്ടു നിരത്തുന്നതാണ് വനം വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട്. എന്നിട്ടും കുറ്റക്കാരനായ ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. വിവാദ മാധ്യമ പ്രവർത്തകൻ ആകട്ടെ ഇപ്പോഴും ജനങ്ങൾക്ക് മുന്നിലെത്തി അഴിമതി വിരുദ്ധ വാർത്തകൾ തള്ളിമറിക്കുകയും ചെയ്യുന്നു.

മരംമുറി വിവാദമായതോടെയാണ് വനം വകുപ്പ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയത്. അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനായിരുന്നു അന്വേഷണ ചുമതല. അദ്ദേഹം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികൾക്ക് വേണ്ടി എങ്ങനെയാണ് എ ടി സാജൻ അനധികൃത ഇടപെടൽ നടത്തിയതെന്ന് അക്കമിട്ട് നിരത്തുന്നു. മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ സാജനും പ്രതികളും 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ചേർന്ന് കള്ളക്കേസുണ്ടാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിന്റെ പരാതിയിൽ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ സമർപ്പിച്ച് റിപ്പോർട്ടിലാണ് എൻടി സാജനെതിരെ ഗുരുതര കണ്ടെത്തലുള്ളത്. സമീറിനെ മറ്റൊരു മരംമുറി കേസിൽ സാജൻ കുടുക്കി റിപ്പോർട്ട് നൽകിയന്നാണ് കണ്ടെത്തൽ. മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്ക് വേണ്ടിയായിരുന്നു സാജന്റെ നീക്കമെന്നാണ് കണ്ടെത്തൽ.

മേപ്പാടി മരം മുറി അന്വേഷിക്കാൻ എത്തിയ സാജൻ, രഹസ്യവിവരം ലഭിച്ചെന്ന പേരിൽ മണിക്കുന്നിമലയിലെ സ്വകാര്യ ഭൂമിയിൽ നിന്നും മരം മുറിച്ചത് അന്വേഷിച്ചു. സമീറിനെതിരെ രഹസ്യവിവരം നൽകിയത് പ്രതികൾ തന്നെയായിരുന്നു. ഇരുവരും തമ്മിലെ ഫോൺ സംഭാഷണം തെളിവാണെന്നും റിപ്പോർട്ടിലുണ്ട്. സാജനൊപ്പം ഈ നീക്കത്തിൽ നിർണായക കണ്ണിയായത് ദീപക് ധർമ്മടം തന്നെയായിരുന്നു. സമീറിനെതിരെ കേസ് കെട്ടിച്ചമച്ചക്കാൻ സാജന്റെ ഓഫീസും മാധ്യമപ്രവർത്തകനെയും പ്രതികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.

കേസിലെ ദ്യോഗസ്ഥനെ പ്രതികൾ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെയും സ്വാധീനം ചെലുത്തിയിരുന്നതിന്റെയും തെളിവുകളും ഉണ്ട്. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തിലാണ് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിന് മേൽസമ്മർദം ചെലുത്താനും കേസ് വഴിതിരിച്ചു വിടാനും ദീപക് ധർമ്മടം ശ്രമിച്ചതെന്നും രാജേഷ് രവീന്ദ്രൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ധനേഷ് കുമാറിനെ ദീപക് ഒരു ദിവസം നിരവധി തവണ ഫോണിൽ വിളിച്ച വിവരവും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 24 ന്യൂസ് ചാനലിലെ കോഴിക്കോട് ബ്യൂറോ ചീഫ് എന്നു പറഞ്ഞാണ് ധനേഷ് കുമാറിനെ ഫോണിൽ വിളിച്ചത്.

ജൂൺ 29നായിരുന്നു രാജേഷ് രവീന്ദ്രൻ 18 പേജുള്ള റിപ്പോർട്ട് നൽകിയത്. വനംവകുപ്പിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച സാജനെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് വനംവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. സാജനെ കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് ഇതുവരെ ചെയ്തത്. ഇത് സർക്കാറിന് മരം മുറി വിഷയത്തിലുള്ള താൽപ്പര്യം വ്യക്തമാക്കുന്നതാണ്.

മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.സമീർ നൽകിയ പരാതിയിൽ രാജേഷ് രവീന്ദ്രൻ അന്വേഷണം നടത്തി ജൂൺ 29ന് നൽകിയ 18 പേജുള്ള റിപ്പോർട്ടാണു കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ മാത്രം ഗൗരവം ഈ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വനം മന്ത്രിയുടെ വിശദീകരണം. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ട വനം മന്ത്രി, അച്ചടക്ക നടപടി മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാൽ നടപടി ഒന്നും വേണ്ടെന്ന നിർദ്ദേശമാണു മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ചത്. ഇതേത്തുടർന്നു വീണ്ടും അന്വേഷണം നടത്തേണ്ടതുണ്ടെന്ന വിശദീകരണത്തോടെ നടപടി ഫയൽ മടക്കി. അതിനു ശേഷമാണ് എൻ.ടി.സാജനെ കോഴിക്കോട്ടുനിന്ന് കൊല്ലത്തേക്ക് സ്ഥലം മാറ്റിയത്.

എന്നാൽ സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത പ്രവർത്തികളാണ് എൻ.ടി.സാജന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മേപ്പാടിയിൽനിന്ന് വീട്ടി മരം കടത്തിയതിന് വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരുടെ താളത്തിന് തുള്ളുകയായിരുന്നു എൻ.ടി.സാജനെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.