കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ. തന്നെ ഭീഷണിപ്പെടുത്താൻ ഉന്നതർ ശ്രമിക്കുന്നു എന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഉയർത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടെന്നും അവർ പറഞ്ഞു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന പറഞ്ഞു. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ആവശ്യപ്പെട്ടത്.

അന്വേഷണ ഏജൻസിയുമായി സഹകരിക്കരുതെന്ന് അവർ പറഞ്ഞു. നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്കും കുടുംബാംഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകി.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ആയിരുന്ന സമയത്താണ് തന്നെ ചിലർ വന്ന് കണ്ടത്. അവർ കാഴ്ചയിൽ ജയിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്നവരാണ്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ താൻ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്ക് തന്നെയാണ്. അവിടെ വച്ച് തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ സംരക്ഷണം വേണമെന്നാണ് സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകൻ വഴിയാണ് സ്വപ്‌ന തനിക്ക് ഭീഷണിയുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ രഹസ്യമൊഴി മാധ്യമങ്ങൾ വഴിപുറത്തുവന്നിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ജയിലിൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്നുമാണ് കത്തിൽ പറയുന്നത്. സംസ്ഥാന സർക്കാറിനെ ഉന്നതരുടെ പേരുകളാണ് സ്വപ്‌നയുടെ രഹസ്യ മൊഴിയിൽ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് സ്വപ്‌ന തന്റെ ജീവൻ അപകടത്തിലാണെന്ന വാദം കോടതിക്ക് മുമ്പാകെ വെക്കുന്നത്.

ജയിലുള്ള തന്റെ ജീവനും ജയിലിനു പുറത്തുള്ള കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാക്കാൻ കഴിവുള്ളവരാണ് അവരെന്നും ഭീഷണിപ്പെടുത്തി.നവംബർ 25ന് മുമ്പ് പല തവണ ഇത്തരത്തിൽ ഭീഷണിയുണ്ടായെന്നും സ്വപ്നയുടെ കത്തിൽ പറയുന്നു. വധഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് അറിയിച്ചതിനെ തുടർന്ന് സ്വപ്നയ്ക്ക് മതിയായ സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കൊച്ചി അഡീഷണൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ നിർദ്ദേശം നൽകിയത്. ജയിൽ ഡിജിപിക്കും സൂപ്രണ്ടിനോടുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഈ മാസം 22 വരെ സ്വപ്നയെ കോടതി റിമാൻഡ് ചെയ്തു.

സ്വർണ്ണക്കടത്തിലെ ഉന്നത ബന്ധങ്ങൾ വെളിപ്പെടുത്തി കൊണ്ടാണ് സ്വപ്‌ന സുരേഷും സരിത്തു രഹസ്യമൊഴികൾ നൽകിയിരുന്നത്. കേസിൽ ഇതുവരെ പുറത്തുവരാത്ത 'ഉന്നതരുടെ' ഇടപെടലുകളെക്കുറിച്ച് ഇരുവരും മൊഴിനൽകിയതായാണു സൂചനകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കൊഫെപൊസ കേസുകളിൽ പ്രതികളായതിനാൽ ഇരുവരെയും തിരുവനന്തപുരത്തെ ജയിലുകളിലേക്കു മാറ്റും..

രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെയും ഉന്നതപദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയും പേരുകൾ പുതുതായി കേസിലേക്കു വരുമെന്ന സൂചനയാണ് രഹസ്യമൊഴിയിലുള്ളത്. കസ്റ്റംസിന്റെയും ഇ.ഡി.യുടെയും ചോദ്യംചെയ്യലുകളിൽ ചിലരുടെ പേരുകൾ പരാമർശിക്കപ്പെട്ടിരുന്നുവെങ്കിലും അതൊന്നും കോടതിരേഖകളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ, ക്രിമിനൽനടപടിച്ചട്ടത്തിലെ സെക്ഷൻ 164 പ്രകാരം മജിസ്ട്രേറ്റിനുമുന്നിൽ നൽകുന്ന മൊഴികളിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളുണ്ടെന്നാണു കരുതുന്നത്. ചോദ്യംചെയ്യലിൽ ഇത്തരത്തിലുള്ള സൂചന ലഭിച്ചതിനെത്തുടർന്നാണ് ഇരുവരുടെയും രഹസ്യമൊഴിയെടുപ്പിന് കസ്റ്റംസ് തന്നെ കോടതിയെ സമീപിച്ചത്.

സ്വപ്‌നയുടെ മൊഴികളിലെ ഉന്നതൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് എന്നു വെളിപ്പെടുത്തി കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ രംഗത്തുവന്നിരുന്നു. പേരു മുഖ്യമന്ത്രി വെളിപ്പെടുത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന നീക്കം സ്വപ്‌ന സുരേഷിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.