ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ വിഷയം ഉയർത്തിക്കാട്ടിയായിരുന്നു രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മോദിയുമായി വാദപ്രതിവാദം നടത്താൻ താൻ 20 മിനിട്ട് സമയം ചോദിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് അതിനുള്ള ചങ്കുറ്റമില്ലെന്നുമാണ് രാഹുൽ ആഞ്ഞടിച്ചത്. റഫാലുമായി ബന്ധപ്പെട്ട് പാർലമെന്റിലും രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചിരുന്നു. എന്നാൽ ഈ സമ്മേളനത്തിൽ മോദി പങ്കെടുക്കാഞ്ഞതിനാൽ അരുൺ ജയ്റ്റ്‌ലിയായിരുന്നു രാഹുലിന് മറുപടി നൽകിയത്.

ഇതിനു പിന്നാലെ രാഹുൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മോദിക്കെതിരെയും ബിജെപി സർക്കാരിനെതിരെയും രാഹുൽ രൂക്ഷ വിമർശനം നടത്തിയത്. കഴിഞ്ഞ ദിവസം എ.എൻ.ഐ വാർത്താ ഏജൻസിക്ക് പ്രധാനമന്ത്രി നൽകിയ 95 മിനിറ്റുള്ള അഭിമുഖത്തെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം. അഭിമുഖത്തിൽ വളരെ ആശ്ചര്യകരവും രസകരവുമായി തോന്നിയ സംഭവം റഫാൽ കരാറിൽ വ്യക്തിപരമായ ഒരു ആരോപണവും താൻ നേരിടുന്നില്ലെന്ന് മോദി പറഞ്ഞതാണ്.

ഏത് ലോകത്താണ് പ്രധാനമന്ത്രി ജീവിക്കുന്നത്..? ഒരുകൂട്ടം ചോദ്യങ്ങൾക്ക് മോദി ഉത്തരം പറയണം.മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റാത്തത് അദ്ദേഹം മോദിയെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാണെന്നും രാഹുൽ ആരോപിച്ചു. റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകൾ മനോഹർ പരീക്കറുടെ കിടപ്പുമുറിയിൽ ഉണ്ടെന്ന് മന്ത്രി വിശ്വദിത് റാണ പറയുന്നതെന്നിന്റേതെന്ന് അവകാശപ്പെട്ട് കോൺഗ്രസ് രാവിലെ ശബ്ദ സന്ദേശം പുറത്തുവിട്ടിരുന്നു.

പുതിയ കരാറിനെ വ്യോമസേന എതിർത്തിരുന്നോ..?, 526 കോടിയുണ്ടായിരുന്ന ഒരു റഫാൽ വിമാനത്തിന്റെ വില എങ്ങനെ 1600 കോടിയിലെത്തി..? ഒരു യുദ്ധ വിമാനം പോലും നിർമ്മിച്ചിട്ടില്ലാത്ത അനിൽ അംബാനി എങ്ങനെ കരാറിലെത്തി തുടങ്ങിയ ചോദ്യങ്ങളും രാഹുൽ പത്രസമ്മേളനത്തിൽ ഉയർത്തി.

മോദിക്കെതിരെ ശക്തമായി പരിഹസിച്ച് കോൺഗ്രസ് നേതൃത്വം

ഹിന്ദി ഹൃദയഭൂമിയിൽ സംഭവിച്ച തിരഞ്ഞെടുപ്പു തോൽവികളാണ് മോദിയുടെ വായ് തുറപ്പിച്ചതെന്ന് കോൺഗ്രസ് പരിഹസിച്ചു.അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിജെപിക്കു ഭരണം നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പരിഹാസവുമായി രംഗത്തെത്തിയത്. 2014ൽ നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെക്കുറിച്ച് മോദി ഒന്നും മിണ്ടിയില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. മോദിയുടെ അഭിമുഖത്തിൽ നിറയെ 'ഞാൻ' മാത്രമേ ഉള്ളൂവെന്ന് കോൺഗ്രസ് വക്തമാവ് രൺദീപ് സിങ് സുർജേവാലയും ട്വീറ്റ് ചെയ്തു.

'മോദിജിയുടെ ആത്മഗത അഭിമുഖത്തിന്റെ രത്‌നച്ചുരുക്കം ഇതാണ്: ഞാൻ, എനിക്ക്, എന്റെ, എന്നെത്തന്നെ. രാജ്യം നിങ്ങളുടെ 'ഐ'സും (ഞാനെന്ന ഭാവം), 'ലൈ'സും (കള്ളങ്ങൾ) സഹിച്ചു മടത്തു' സുർജേവാല ട്വീറ്റ് ചെയ്തു. അയോധ്യ വിഷയത്തിൽ സുപ്രീം കോടതി തീരുമാനമെടുക്കട്ടെയെന്ന മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത കോൺഗ്രസ്, സമാന വിഷയത്തിൽ പ്രധാനമന്ത്രി ഓർഡിനൻസിനെക്കുറിച്ച് സംസാരിച്ച് അവ്യക്തത സൃഷ്ടിച്ചെന്നും ആരോപിച്ചു. 'അയോധ്യ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ.

ഓർഡിനൻസ് കൊണ്ടുവരേണ്ട കാര്യവുമില്ല. പ്രധാനമന്ത്രി ആർഎസ്എസിന്റെയും സ്വന്തം പാർട്ടിയുടെയും ആവശ്യം തള്ളിക്കളയുന്നത് ആർഎസ്എസ്സും മോഹൻ ഭാഗവതും കൺകുളിർക്കെ കണ്ടുവെന്നാണ് ഞാൻ കരുതുന്നത്. ഈ വിഷയത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കുമെന്ന പ്രധാനമന്ത്രിയുടെ നിലപാട് അഭിനന്ദനീയമാണ്. അതിനിടയിലും ഒരു ഓർഡിനൻസിന്റെ കാര്യം പറഞ്ഞ് അനാവശ്യമായി അവ്യക്തത സൃഷ്ടിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു' സുർജേവാല പറഞ്ഞു.പച്ചയായ ജീവിതവുമായി ചേർന്നു നിൽക്കുന്ന യാതൊന്നും പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ ഇല്ലെന്നും കോൺഗ്രസ് ആരോപിച്ചു. വെറും വാചകമടി മാത്രമാണ് അദ്ദേഹത്തിന്റെ അഭിമുഖം.

നോട്ടു നിരോധനവും ജിഎസ്ടിയും പോലുള്ള തീരുമാനങ്ങൾ ജനങ്ങൾക്കു സൃഷ്ടിച്ച പ്രയാസങ്ങളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത്. ബാങ്ക് തട്ടിപ്പുകൾ, കള്ളപ്പണം, ഭീകരരെയും നക്‌സലുകളെയും നേരിടുന്നതിൽ സംഭവിച്ച പിഴവ്, കർഷക ദുരിതം എന്നിവയെക്കുറിച്ച് മോദി മൗനം പാലിച്ചെന്നും ആക്ഷേപമുണ്ട്.റഫാൽ ഇടപാടിനെക്കുറിച്ച് അടിയന്തരമായി സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ മോദിയുടെ കള്ളത്തരം പൊളിയുമെന്നും അവർ മുന്നറിയിപ്പു നൽകി. തനിക്കെതിരെ വ്യക്തിപരമായി അഴിമതി ആരോപണങ്ങൾ ഇല്ലെന്ന പ്രഖ്യാപനത്തിലൂടെ മോദി കള്ളം പറഞ്ഞുവെന്നും കോൺഗ്രസ് വിമർശിച്ചു. മോദി സ്വന്തം നിലയ്ക്കു നടത്തിയ അഴിമതിയാണ് റഫാൽ ഇടപാടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമായി അഭിമുഖത്തിന്റെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കാനാണ് മോദിയുടെ ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും ആരോപിച്ചു. ഇതിനു പകരം പാർലമെന്റിൽ വന്ന് സംസാരിക്കാനും വാർത്താ സമ്മേളനം വിളിക്കാനും അദ്ദേഹം മോദിയെ വെല്ലുവിളിച്ചു.ഇന്ത്യൻ സായുധസേനയെ മോദി രാഷ്ട്രീയവൽക്കരിച്ചെന്നും കോൺഗ്രസ് പരിഹസിച്ചു. ബംഗ്ലാദേശിന്റെ വിമോചനത്തിലും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയ്ക്കു മുന്നിൽ അടിയറവു പറഞ്ഞതിലും ഇന്ദിരാ ഗാന്ധി വഹിച്ച പങ്ക് മോദി അംഗീകരിച്ചിട്ടില്ല. സൈന്യത്തെ നയിക്കുകയെന്നത് ധീരരായവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്നും കോൺഗ്രസ് പരിഹസിച്ചു.