ന്യൂഡൽഹി: റഫാൽ വിഷയം കത്തി നിൽക്കുന്ന സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾക്കായി പാർലമെന്റിൽ ഹാജരാകാത്തതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ കുട്ടികൾക്ക് ക്ലാസെടുക്കാൻ അദ്ദേഹം പോയിരിക്കുകയാണെന്ന് രാഹുൽ പരിഹസിക്കുകയായിരുന്നു.

ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി സർവകലാശാലയിൽ എത്തിയത്.റഫാൽ പരീക്ഷയെഴുതാതെ മോദി പാർലമെന്റിൽ നിന്ന് ഒളിച്ചോടി വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണ്. താൻ കഴിഞ്ഞദിവസം ഉന്നയിച്ച നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് വിദ്യാർത്ഥികൾ പ്രധാമന്ത്രിയോട് ബഹുമാനത്തോടെ ആവശ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

റഫാൽ വിഷയത്തിൽ ബുധനാഴ്ച പാർലമെന്റിൽ ചർച്ചകൾ നടക്കുന്നവേളയിൽ പ്രധാനമന്ത്രി ലോക്സഭയിൽ ഹാജരായിരുന്നില്ല. അതേസമയം വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് അഭിമുഖം നൽകുകയും ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച്, മോദിക്ക് ഉത്തരം നൽകാൻ തയ്യാറെടുക്കാനായി താൻ വേണമെങ്കിൽ മുൻകൂറായി ചോദ്യങ്ങൾ നൽകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.