തിരുവനന്തപുരം: നേമത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് നീളും. അതിശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ നേമത്ത് ബഹുദൂരം പിന്നിൽ പോകുമെന്നാണ് എഐസിസി സർവ്വേ വ്യക്തമാക്കുന്നതെന്നാണ് സൂചന. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുകയെന്നത് മാത്രമാണ് എഐസിസി സർവ്വേയിലെ അനുകൂല ഭാഗമായി കോൺഗ്രസ് കാണുന്നത്. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകൾ സിപിഎമ്മിലേക്ക് പോയാൽ വൻ പരാജയം കോൺഗ്രസിനുണ്ടാകും. ഇതിനെ ചെറുത്ത് വിജയം നേടാൻ അതിശക്തമായ തന്ത്രം വേണ്ടി വരുമെന്നാണ് സർവ്വേ നൽകുന്ന സൂചന.

അതിനിടെ ഐഐസിസി നിരീക്ഷകനായി കേരളത്തിലുള്ള ദേശീയ നേതാവിന്റെ ശപഥം ചെയ്യലും കോൺഗ്രസുകാർക്കിടയിൽ ചർച്ചയാണ്. എന്തുവന്നാലും നേമം നേടണമെന്ന സന്ദേശമാണ് എഐസിസി സെക്രട്ടറി കൂടിയായ തമിഴ് നാട്ടുകാരനായ പി വിശ്വനാഥ് മുമ്പോട്ട് വയ്ക്കുന്നത്. അണികളിൽ ആവേശം വിതറാൻ ഒരു പ്രഖ്യാപനവും പ്രാദേശിക യോഗങ്ങളിൽ ഇദ്ദേഹം നൽകുന്നുണ്ട്. നേമത്ത് കോൺഗ്രസ് ജയിച്ചാൽ തന്റെ മകളുടെ കുട്ടിക്ക് നേമം എന്ന് പേരു നൽകുമെന്നാണ് വിശ്വനാഥന്റെ പ്രഖ്യാപനം. നേമത്തെ കോൺഗ്രസ് ഹൈക്കമാണ്ട് ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന സന്ദേശം നൽകാനാണ് ഇത്. എങ്ങനേയും നേമം ജയിക്കാനാണ് പദ്ധതി. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കെ മുരളീധരനും വരെ പരിഗണനാ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.

നേമത്തും എഐസിസി സർവ്വേ നടത്തിയിരുന്നു. ഇതിൽ മുരളീധരൻ ഉൾപ്പെട്ടിരുന്നില്ല. ഈ സർവ്വേയുടെ കണ്ടെത്തൽ അതിനിർണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടർമാർ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവിൽ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാർത്ഥി ശിവൻകുട്ടിയാകും. ജയിക്കാൻ സാധ്യതയുള്ള ബിജെപി വിരുദ്ധൻ എന്ന പ്രതിച്ഛായയിൽ ശിവൻകുട്ടി ജയിക്കാനാണ് നിലവിലെ സാധ്യതയെന്നും കോൺഗ്രസ് സർവ്വേയിൽ തെളിയുന്നു. എന്നാൽ അതിശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് അവതരിപ്പിച്ചാൽ ഈ മുൻതൂക്കം നഷ്ടമാകും. ഇതോടെ ശിവൻകുട്ടിക്ക് കിട്ടുന്ന മുഴുവൻ വോട്ടും കോൺഗ്രസിലേക്ക് വരും. അതിനാൽ സ്ഥാനാർത്ഥി നിർണ്ണയം പാളരുതെന്ന സന്ദേശമാണ് എഐസിസി നൽകുന്നത്.

ഇതെല്ലാം മനസിൽ വച്ച് അതിശക്തനെ നേമത്ത് കോൺഗ്രസും മത്സരിപ്പിക്കും. നോമിനേഷൻ കൊടുക്കുന്നതിന് തൊട്ടു മുമ്പ് മാത്രമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. എല്ലാവരുമായി ആലോചിച്ചാകും തീരുമാനം. ശിവൻകുട്ടിയെ കടത്തി വെട്ടാൻ കഴിയുന്ന സ്ഥാനാർത്ഥി തന്നെ നേമത്ത് വരുമെന്നാണ് കോൺഗ്രസ് നൽകുന്ന സൂചന. അതിനിടെ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇക്കാര്യത്തിൽ തൽകാലം സമ്മർദ്ദത്തിന് ഹൈക്കമാണ്ട് വഴങ്ങില്ല. നേമത്ത് കരുതലോടെ തീരുമാനം ഉണ്ടാകും. നേമത്തെ പോലെ വട്ടിയൂർക്കാവിലും മികച്ച സ്ഥാനാർത്ഥിയുണ്ടാകും. പിസി വിഷ്ണുനാഥ് വട്ടിയൂർകാവ് മത്സരിക്കാൻ സാധ്യത ഏറെയാണ്.

കോൺഗ്രസിന്റ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഡൽഹിയിൽ അന്തിമരൂപമാകുമ്പോൾ വട്ടിയൂർക്കാവിലും നേമത്തും സസ്‌പെൻസ് കാത്തിരിക്കുകയാണ് പ്രവർത്തകർ. പ്രധാന നേതാക്കൾ മണ്ഡലം വിട്ട് പരീക്ഷണത്തിന് ഇറങ്ങുമോയെന്നതും സാധ്യത പട്ടികയിലുള്ളവർക്കെതിരെ ഉയർന്ന പ്രാദേശിക പ്രതിഷേധം നേതൃത്വം മുഖവിലയ്‌ക്കെടുക്കുമോ എന്നതും നിർണായകമാണ്. സാധ്യത പട്ടികയിൽ ഉൾപ്പട്ടവെർക്കെതിരായി ഉയർന്ന പ്രാദേശിക വികാരം നേതൃത്വം പരിഗണിച്ചു എന്നുള്ളത് വലിയ കാര്യമായാണ് പ്രവർത്തകർ കാണുന്നത്. പ്രാധന നേതാക്കൾ മത്സരത്തിന് ഇല്ലെന്ന് അറിയച്ചോതോടെ നേമത്തും വട്ടിയൂർക്കാവിലും അത്ര ശക്തമല്ലാത്ത പേരുകളായിരുന്നു ഉയർന്നു കേട്ടത്. എന്നാൽ ഇതിനെതിരെ പ്രാദേശിക നേതൃത്വം ശക്തമായി രംഗത്ത് വരികയായിരുന്നു.

മുൻ അംബാസിഡറായിരുന്ന വേണു രാജാമണിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് തുടക്കത്തിൽ ആലോചിച്ചിരുന്നത്. ഇതേ തുടർന്ന് വേണു രാജാമണി മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ സജീവമാവുകയും പാർട്ടി പരിപാടികളിൽ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തിരുന്നു. ശശി തരൂർ തിരുവനന്തപുരത്ത് നേടിയ വിജയം കണക്കിലെടുത്തായിരുന്നു വേണു രാജാമണിയെ വട്ടിയൂർക്കാവിലേക്ക് പാർട്ടി പരിഗണിച്ചത്. എന്നാൽ പ്രാദേശിക വികാരം എതിരായതോടെ ഇത്തവണ വട്ടിയൂർക്കാവിൽ മത്സരിക്കാൻ ഇല്ലെന്ന് വേണു രാജാമണി കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

2010 ലെ മണ്ഡല പുനഃനിർണ്ണയത്തോടെ കോൺഗ്രസ് തങ്ങളുടെ അടിയുറച്ച മണ്ഡലമായിട്ടാണ് വട്ടിയൂർക്കാവിനെ കാണുന്നത്. നായർ, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്.