ന്യൂഡൽഹി: നേമം നിയോജക മണ്ഡലത്തെ ചൊല്ലിയുള്ള സസ്‌പെൻസ് തുടരുമ്പോൾ കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നേമം നിയോജക മണ്ഡലത്തെ കോൺഗ്രസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെയായിരിക്കും നേമത്ത് മത്സരിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.

'നേമത്തെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് കാണുന്നത്. കാരണം ബിജെപി പറഞ്ഞത് നേമത്തെ ഗുജറാത്തായാണ് കാണുന്നത് എന്നാണ്. നേമം ഗുജറാത്ത് ആണോ അല്ലയോ എന്ന് കാണാം. അതുകൊണ്ടാണ് കോൺഗ്രസ് ഏറ്റവും മികച്ച സഥാനാർഥിയെ അവിടെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. ഏറ്റവും മികച്ച, ജനസമ്മിതിയുള്ള, പ്രശസ്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.' മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജനങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സ്ഥാനാർത്ഥി ആരെന്ന കാര്യം വിട്ടുപറയാനും നേതാക്കൾ തയ്യാറായിട്ടില്ല.

അതേ സമയം നേമത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച തൽക്കാലം മാറ്റി വച്ചതായാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിക്കുന്നത്. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ആവശ്യപ്പെട്ടു എന്നും പേരുകൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടില്ലെന്നുമാണ് ഹൈക്കമാൻഡ് വിഷയത്തിൽ പ്രതികരിച്ചത്. കെസി വേണുഗോപാൽ മത്സരിക്കുമെന്ന അഭ്യൂഹവും തള്ളിയ ഹൈക്കമാൻഡ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾ സംസ്ഥാനത്ത് മത്സരിത്തിന് ഇറങ്ങുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കുമെന്ന നിലപാടിലാണ്.

കേരളത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമെന്ന സർവേ ഫലങ്ങളുയർത്തി ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പും നൽകുന്നു. മികച്ച സ്ഥാനാർത്ഥികളിലൂടെ മാത്രമേ കേരളത്തിൽ ഇതിനെ മറികടക്കാനാകൂ എന്നും അതിന് എഐസിസി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥികളിലൂടെയേ സാധിക്കൂ എന്നാണ് ഹൈക്കമാൻഡ് നിലപാട്. ഈ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഇത് മുന്നിൽ വഴങ്ങേണ്ടി വന്നേക്കും.

അതേസമയം നേമം മണ്ഡലത്തോട് നേതാക്കൾ മുഖംതിരിക്കാൻ പ്രധാനകാരണം ആ മണ്ഡലത്തിൽ സംഘടനാ ശേഷി കോൺഗ്രസിന് ഇല്ലെന്നതാണ്. ഉമ്മൻ ചാണ്ടി വന്നാൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഇവയാണ്. ശക്തികേന്ദ്രമായ നേമത്ത് ബിജെപിയുടെ മുന്നേറ്റം തടയാനായാൽ 140 മണ്ഡലങ്ങളിലും അത് പ്രതിഫലിക്കും. ഏഴിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയാണ് കഴിഞ്ഞതവണ യുഡിഎഫിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടിയത്. ബിജെപിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്ന സന്ദേശവും നൽകാം. ഇതിലെല്ലാം ഉപരി ശക്തമായ ത്രികോണ മൽസരം നടക്കുന്ന നേമത്ത് ഉമ്മൻ ചാണ്ടി പോരിനിറങ്ങിയാൽ സംസ്ഥാനത്താകെ പ്രവർത്തകരിലും നേതാക്കളിലും വൻ ആവേശമുണ്ടാക്കും.

അതേസമയം, ജയിച്ചുകയറുകയെന്നതും വെല്ലുവിളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 21 വാർഡുകളിൽ ഒന്നുപോലും നേടാൻ കോൺഗ്രസിനായിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 13,860 വോട്ടുകൾ മാത്രമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത്. താഴെത്തട്ടിൽ ശക്തമായ സംഘടനാ സംവിധാനം ഇല്ലാത്ത നേമത്ത് പ്രചാരണത്തിലും നന്നായി വിയർപ്പൊഴുക്കേണ്ടിവരും. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങേണ്ട ഉമ്മൻ ചാണ്ടി, മുഴുവൻ സമയത്തും നേമത്ത് മാത്രമായി ഒതുങ്ങേണ്ടി വരും. തോൽവി മണത്താൽ എതിരാളികൾ ക്രോസ് വോട്ടിനും മടിക്കില്ല. ഉമ്മൻ ചാണ്ടി മാറിയാൽ പുതുപ്പള്ളി നഷ്ടപ്പെടുമൊയെന്ന ആശങ്ക മറുവശത്ത് ശക്തമാണ് താനും.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർത്ഥി പട്ടികക്ക് അംഗീകാരം നൽകിയേക്കുമെന്നും വൈകിട്ടോടെ തന്നെ പട്ടിക പ്രഖ്യാപിക്കുമെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ സമിതിയിലെ ചർച്ച നീണ്ടാൽ നാളെ രാവിലെയാകും പ്രഖ്യാപനം ഉണ്ടാകുക. സോണിയയും രാഹുൽ ഗാന്ധിയും ഉൾപ്പെട്ട തെരഞ്ഞെടുപ്പ് സമിതിയിലേക്ക് ഏതെങ്കിലും മണ്ഡലം സംബന്ധിച്ച തർക്കം കൊണ്ടു പോകരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് വടകര സീറ്റും പേരാമ്പ്ര സീറ്റും ഒഴിച്ചിട്ടുള്ള പട്ടികയാണ് തയ്യാറാക്കിയതെന്നാണ് സൂചന. വടകരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കും. ഇവിടെ കെകെ രമ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചനകളുണ്ട്. എൻ വേണുവാകും ആർഎംപി സ്ഥാനാർത്ഥി അങ്ങനെയെങ്കിൽ കോൺഗ്രസ് വേണുവിനെ പിന്തുണച്ചേക്കും. നേരത്തെ കേരള കോൺഗ്രസ് എമ്മിന്റെ സീറ്റായിരുന്ന പേരാമ്പ്ര ലീഗിന് നൽകിയേക്കുമെന്നാണ് സൂചന. ഈ സീറ്റ് കോൺഗ്രസ് ഒഴിച്ചിട്ടിരിക്കുകയാണ്. ചടയമംഗലത്തിന് പകരം ലീഗിന് പുനലൂരും നൽകിയേക്കും. ചടയമംഗലം ലീഗിനെന്ന സൂചനകളെ തുടർന്ന് കോൺഗ്രസ് പരസ്യ പ്രതിഷേധത്തിലായിരുന്നു. ഇത് കണക്കിലെടുത്താണ് നീക്കം. ചടയമംഗലത്ത് കെ പി സി സി ജനറൽ സെക്രട്ടറി എംഎം നസീർ സ്ഥാനാർത്ഥിയാകും.