തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മൃതദേഹം കണ്ടെത്തിയ സംഭവത്തൽ അമ്മയും കാമുകനും സുഹൃത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. വരിയം സ്വദേശികളായ മേഘ, ഇമാനുവേൽ, ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. യുവതി ഗർഭിണിയായതും വീട്ടിൽ പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

കാമുകനിൽ നിന്നും ഗർഭിണിയായ യുവതി കഴിഞ്ഞ ആഴ്‌ച്ചയാണ് പ്രസവിച്ചത്. പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി ക്കൊല്ലുകയായിരുന്നു. തുടർന്ന് കാമുകനെ വിവരം അറിയിക്കുകയും കാമുകൻ കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു. ഇന്നലെയാണ് നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൂങ്കുന്നം എംഎ‍ൽഎ റോഡിൽ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് കിഴക്കുവശം കുറ്റൂർ ചിറയുടെ തടയണക്ക് സമീപമാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ശാന്തിഘട്ടിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ സംസ്‌കാര ചടങ്ങുകൾക്കെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. പ്രസവിച്ച് ഒരാഴ്ച പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. താണിക്കുടം ഭാഗത്തു നിന്ന് വരുന്ന കനാലിൽ ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്.

നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ടൗൺ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ തേടിയ പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. സ്വരാജ് റൗണ്ടിലെ സ്ഥാപനത്തിന്റെ കവറിലാണ് മൃതദേഹമുണ്ടായിരുന്നത്.