കൊച്ചി: നെട്ടൂരിലെ പച്ചക്കറി മാർക്കറ്റിന് അടുത്ത് ഭാര്യയുടെ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. തന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് കൊല്ലപ്പെട്ട അജയ്കുമാർ പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് അറസ്റ്റിലായ സുരേഷ് പൊലീസിനോട് പറഞ്ഞു. ഭാര്യയുമായുള്ള ബന്ധത്തെപറ്റി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. തുടർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്.

അതേ സമയം സുരേഷ് രാത്രിയിൽ ഹോസ്റ്റലിൽ കയറ്റുന്നില്ലെന്ന് ഭാര്യ വിളിച്ചു എന്നു പറഞ്ഞാണ് പാലക്കാട് നിന്നു ബന്ധുവിന്റെ കാറിൽ എറണാകുളത്തേക്ക് പോയത് എന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. പിന്നീട് പുലർച്ചെയാണ് കൊലപാതക വിവരം അറിയുന്നത്. ഇരുവരും തമ്മിൽ യാതൊരുവിധ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. കൂടാതെ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരുമാണ്. എന്താണ് ഇതിനിടയിൽ സംഭവിച്ചത് എന്ന് യാതൊരു ധാരണയുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

അഞ്ച് വർഷം മുൻപാണ് സുരേഷ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. അമ്മാവന്റെ മകളായ അമ്പിളിയുമായി ഏറെ നാൾ പ്രണയത്തിലുമായിരുന്നു. തുടർന്ന് ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹം നടന്നു. പാലക്കാട് ഒരു ഗ്യാസ് ഏജൻസിയിലാണ് സുരേഷ് ജോലി ചെയ്തിരുന്നത്. അമ്പിളി പിന്നീട് ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇവിട വച്ചാണ് കൊല്ലപ്പെട്ട അജയ്കുമാറുമായി പരിചയത്തിലാകുന്നതും പ്രണയത്തിലായതും.

അവിടെ നിന്നും ഒന്നര മാസം മുൻപാണ് ലേക്ക്ഷോർ ആശുപത്രിയിൽ ഇൻഷുറൻസ് വിഭാഗത്തിൽ ജോലിക്ക് കയറിയത്. പാലക്കാട് നിന്നും അജയ്കുമാർ മിക്ക ദിവസങ്ങളിലും അമ്പിളിയെ കാണാൻ എറണാകുളത്ത് വന്നു പോയിരുന്നു. ഇക്കാര്യങ്ങളൊന്നും ഭർത്ത് സുരേഷ് അറിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സുരേഷിനെ ആരോ ഫോണിൽ വിളിച്ച് അജയ്കുമാറുമായുള്ള ബന്ധം അറിയിക്കുന്നത്.

അമ്പിളി രണ്ടു ദിവസമായി അജയ്കുമാറുമായി പുറത്ത് താമസിക്കുകയാണ് എന്നാണ് ഫോണിൽ വിളിച്ചു വിവരം പറഞ്ഞവർ അറിയിച്ചത്. ഇതോടെ സുരേഷ് കാറുമായി അമ്പിളി താമസിക്കുന്ന ഹോസ്റ്റലിൽ എത്തി. അമ്പിളിയോട് ഇക്കാര്യങ്ങൾ ചോദിച്ചപ്പോൾ ഉണ്ടായ കാര്യങ്ങൾ എല്ലാം സമ്മതിച്ചു. പിന്നീട് അജയ്കുമാറിനെ കാണണം എന്ന് സുരേഷ് ആവശ്യപ്പെട്ടു. അങ്ങനെ അമ്പിളിയോട് ഫോണിൽ വിളിച്ച് ഹോട്ടലിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് അജയ്കുമാർ സുരേഷിന്റെ മുന്നിലെത്തപ്പെടുന്നത്. പിന്നീട് വാക്കു തർക്കമായി.

തുടർന്ന് കയ്യിൽ കരുതിയ സ്പാനർ ഉപയോഗിച്ച് സുരേഷ് ഇയാളുടെ തലക്കടിച്ചു. ഹോട്ടലിന് മുന്നിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിൻതുടർന്ന് റോഡിൽ വച്ച് വീണ്ടും അടിച്ചു താഴെ വീഴ്‌ത്തി. താഴെ വീണ അജയ്കുമാറിന്റെ കഴുത്തിൽ ചവിട്ടി പിടിച്ച് ജീവൻ പോകുന്നതു വരെ തലക്ക് അടിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുുകാർ വിവരം പൊലീസിലറിയിക്കുകയും സംഭവ സ്ഥലത്ത് നിന്നും സുരേഷിനെയും അമ്പിളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പനങ്ങാട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി ഡി.സി.പി എസ്.ശശിധരൻ ഐ.പി.എസ്, എ.സി.പി പി.രാജ്കുമാർ എന്നിവർ സ്ഥലത്തെത്തി. കൊല്ലപ്പെട്ട അജയ്കുമാർ താമസിച്ചിരുന്ന കിങ്സ് പാർക്ക് റെസിഡൻസ് ഹോട്ടലിൽ പരിശോധന നടത്തി. തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു.

പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.