തിരുവനന്തപുരം: ഷാരോൺ കൊലയിൽ ജ്യോതിഷ പ്രവചനങ്ങൾക്ക് പങ്കില്ലെന്ന മട്ടിലാണ് പൊലീസ് അന്വേഷണം. എന്നാൽ തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞ് ഷാരോണിനെ പിന്തരിപ്പിക്കാൻ ഗ്രീഷ്മ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. നവംബറിന് മുമ്പ് കല്യാണം നടന്നാൽ ആദ്യ ഭർത്താവ് കൊല്ലപ്പെടുമെന്ന സംശയം കാരണം സൈനികനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണം നീട്ടി വയ്ക്കുകയും ചെയ്തുവെന്നും സൂചനകളുണ്ട്. ഇതിനെല്ലാം പിന്നിൽ ജ്യോത്സ്യന്റെ പ്രവചനമാണെന്ന തരത്തിലും വാർത്തകളെത്തുന്നു. അതിനിടെ ഗ്രീഷ്മയുടെ കുടുംബത്തിന് ജ്യോതിഷപരമായ ഉപദേശം നൽകിയ ഒരാളുണ്ടെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. കുന്നത്തുകാൽ ശിവജി കോളേജിന് അടുത്താണ് ഈ ജ്യോത്സ്യന്റെ വീട്. ഏതായാലും ഈ ജ്യോത്സ്യനിലേക്ക് തൽകാലം അന്വേഷണം പോകില്ല.

ഷാരോണിന്റെ കൊലപാതകത്തിൽ അന്ധവിശ്വാസം കാരണമായിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസ് പറയുന്നു. ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്ന ജാതകദോഷ പ്രവചനവും ഷാരോണിന്റെ മരണവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കും. അങ്ങനെയെങ്കിൽ ജ്യോത്സ്യനും കുടുങ്ങുമെന്നാണ് സൂചന. ആദ്യ വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം ഉണ്ടെന്ന് ജ്യോത്സ്യൻ കുടുംബത്തെ അറിയിച്ചുവെന്നാണ് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നത്. സൈനികനുമായുള്ള വിവാഹത്തിനു മുൻപ് നോക്കിയ പൊരുത്തത്തിലും ഇത് ജ്യോത്സ്യൻ ആവർത്തിച്ചുവത്രേ. ജ്യോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച ഗ്രീഷ്മയുടെ മാതാപിതാക്കൾ അതുകൊണ്ടു തന്നെ ഷാരോണുമായുള്ള ബന്ധത്തിനും രഹസ്യ വിവാഹത്തിനും മൗനാനുവാദം നൽകിയിരുന്നതായും സംശയമുണ്ട്. കൊലപാതകം ഇതിന്റെ തുടർച്ചയായിരുന്നുവോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പൊലീസ് കസ്റ്റഡിയിൽ ലൈസോൾ കഴിച്ച ഗ്രീഷ്മ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. അതുകൊണ്ട് തന്നെ പൂർണ്ണമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ല. ഗ്രീഷ്മയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ജ്യോതിഷ അന്ധവിശ്വാസത്തിൽ വ്യക്തത വരൂ. അതിന് ശേഷം മാത്രമേ ഈ തലത്തിലേക്ക് അന്വേഷണം നീങ്ങൂ. ഷാരോൺ രാജും ഗ്രീഷ്മയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത് ഒന്നര വർഷം മുമ്പാണ്. ഒരുെൈ ചന്ന യാത്രയിലാണ് അനുജന്റെ പ്രായമുള്ള ഷാരോണിനെ ഗ്രീഷ്മ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമായി. ഷാരോൺ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ റേഡിയോളജി വിദ്യാർത്ഥിയും ഗ്രീഷ്മ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായിരുന്നു.

പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന ഗ്രീഷ്മ. ബി.എയ്ക്ക് മികച്ച മാർക്ക് നേടിയിട്ടുള്ള ഗ്രീഷ്മ പി.ജി. പഠനത്തിൽ ഉഴപ്പിത്തുടങ്ങിയപ്പോഴാണു വീട്ടുകാർ പ്രണയം അറിയുന്നത്. മറ്റൊരു സമുദായത്തിൽ അംഗമായ ഷാരോണിനെ ഉൾക്കൊള്ളാൻ പെൺകുട്ടിയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. എന്നാൽ പ്രണയത്തിലായ ശേഷം കോളജിൽ പോയിരുന്നതും ഇരുവരും ഒരുമിച്ചായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. നവംബർ വരെ കാത്തിരിക്കേണ്ടെന്നു ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിനു മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി ഗ്രീഷ്മ മറുപടി നൽകി. എന്നാൽ, ഷാരോണിന് ഇത്തരം വിശ്വാസങ്ങളുണ്ടായിരുന്നില്ല.

തുടർന്ന് പെൺകുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോകൾ അടക്കമുള്ളവ ഫോണിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ പല തവണ പെൺകുട്ടിയുടെ വീട്ടുകാർ ഷാരോണിനെ വിലക്കുകയും ചെയ്തു. ഇതിന് മുമ്പ് തന്നെ പെൺകുട്ടിക്ക് വേറെ വിവാഹവും നിശ്ചയിച്ചിരുന്നു. ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ് ഷാരോണിനെ ബന്ധത്തിൽനിന്നും സ്വന്തം വീട്ടുകാരും വിലക്കിയിരുന്നു. അതിനുശേഷം ഒഴിഞ്ഞു പോയ ഷാരോണിനെ വീണ്ടു ബന്ധപ്പെട്ടതും സൗഹൃദം ദൃഢമാക്കിയതും പെൺകുട്ടി തന്നെയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്യാണ നിശ്ചയം നടത്തിയത്. പഠന സംബന്ധമായ പ്രോജക്ടിനുവേണ്ടിയെന്നു പറഞ്ഞാണു ഷാരോൺ സുഹൃത്തായ റിജിനിനേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോൾ ഷാരോണിന് അമ്മ കാണാതെയാണു ഷാരോണിനു മരുന്ന് ഒഴിച്ച് കൊടുത്തതെന്നു പുറത്തുവന്ന ഓഡിയോയിലുണ്ടായിരുന്നു. ഇതെല്ലാമാണ് ഗ്രീഷ്മയെ കുടുക്കിയത്. എന്നാൽ, കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ അന്നേ ആരോപിച്ചിരുന്നു. ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്നു സഹോദരനും പറയുന്നു. ഇതിനെല്ലാം പിന്നിൽ അന്ധവിശ്വാസവും ദുരഭിമാനവുമാണെന്നാണ് ആരോപണം.