ലണ്ടൻ: കാശാണ് മുഖ്യം ബിഗിലെ.... ട്രോളർമാർ പറയുന്നതല്ല, ഇന്ത്യയിലെയും കേരളത്തിലെയും സർക്കാർ പറയുന്നതാണ് ഇക്കാര്യം. രാജ്യത്തു നിന്നും ഓരോ വർഷവും പറക്കുന്ന പതിനായിരക്കണക്കിന് കോടി രൂപയെ എങ്ങനെ രാജ്യത്തു തടഞ്ഞു നിർത്താം എന്ന ചിന്തയാണ് വിദേശ പഠനത്തിന് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ രാജ്യത്തു പിടിച്ചു നിർത്തി വിദേശ സർവകലാശാലകളെ പകരം രാജ്യത്തേക്ക് എത്തിക്കുന്ന ആശയത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയത്. അതിനവർക്ക് മറ്റു ന്യായം ഒന്നും നോക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷെ കേരളത്തിലേക്ക് ഇക്കാര്യം എത്തുമ്പോൾ സ്ഥിതി അതല്ല.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും അവരുടെ വിദ്യാർത്ഥി വിഭാഗവും പതിറ്റാണ്ടുകളോളം ഭരണത്തിലും പ്രതിപക്ഷത്തിലും ഇരുന്നു പോരാടിയ വിഷയമാണിത്. ഇന്നത്തെ മുഖ്യമന്ത്രി അന്ന് പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും ഈ വിഷയത്തിൽ കടും പിടുത്തതിന്റെ അങ്ങേ തലയ്ക്കൽ നിന്ന ആളുമാണ്. പിന്നെന്തേ ഇപ്പോൾ പെട്ടെന്നൊരു മറുകണ്ടം ചാടൽ. അവിടെയാണ് നേരത്തെ സൂചിപ്പിച്ച കാശാണ് മുഖ്യം ബിഗിലെ എന്ന ട്രോൾ സർക്കാരിനും ഇപ്പോൾ ഏറ്റെടുക്കേണ്ടി വരുന്നത്.

വിദ്യാർത്ഥി വിസയ്ക്കായും തൊഴിൽ വിസയ്ക്കായും ഏകദേശം നാലായിരത്തിനും അയ്യായിരത്തിനും കോടി രൂപയ്ക്കു തുല്യമായ പണമാണ് കേരളത്തിൽ നിന്നും യുകെയിലേക്ക് ഒഴുകുന്നത് എന്നായിരുന്നു മുൻപ് പുറത്തുവന്ന വാർത്തകൾ. കേരളത്തിൽ നിന്നും മസ്തിഷ്‌ക ചോർച്ച ഉണ്ടാകുന്നു എന്ന ചർച്ചയാണ് ആദ്യം ഉയർന്നതെങ്കിലും ഈ ധന ചോർച്ച കാര്യമായി ആരും ചർച്ച ചെയ്തിരുന്നില്ല. ഇപ്പോൾ സംസ്ഥാനം കടക്കെണിയുടെ അങ്ങേയറ്റത്ത് നിൽക്കുമ്പോളാണ് വിവരമുള്ള ആരോ സർക്കാരിലെ ഉന്നതരെ കാര്യങ്ങൾ ധരിപ്പിക്കാൻ തയ്യാറായതും വലിയ പൊതു ചർച്ച ഒന്നും നടത്താതെ ധനമന്ത്രി ബജറ്റിൽ നേരെ കയറി കാര്യം വ്യക്തമാക്കിയതും. സംസ്ഥാനത്തു നിന്നും വിദ്യാർത്ഥി വിസയുടെ പേരിൽ അന്യ രാജ്യങ്ങളിലേക്ക് ഒഴുകുന്ന ആയിരക്കണക്കിന് കോടി രൂപ ഒരിക്കലും തിരിച്ചെത്തുന്നില്ല എന്ന കാര്യം എന്തേ ഈ രംഗത്തുള്ള ആരും ഇതുവരെ ചർച്ചയാക്കിയില്ല എന്ന ചോദ്യവും ഇപ്പോൾ ബാക്കിയാവുകയാണ്.

യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാനും തുടർന്ന് അതാതു രാജ്യങ്ങളിൽ കുടിയേറാനും മലയാളി യുവത്വം തയ്യാറാകുന്നത് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളും അടിക്കടി റിപ്പോർട്ട് ചെയ്തിട്ടും കാതലായ ഒരു മാറ്റത്തിനും വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഏതാനും വർഷമായി നടപ്പാക്കുന്നതിൽ അമ്പേ പരാജയപ്പെട്ട കേരള സർക്കാർ ഇപ്പോൾ ജനങ്ങളെ ഒന്നാകെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. കടക്കെണിയിൽ അകപ്പെട്ട സംസ്ഥാനത്തിന് വലിയ രക്ഷാമാർഗം ഇല്ലാത്ത സാഹചര്യത്തിൽ അത്ഭുതം ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാതെ പോയ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ ഒരു വരി പരാമർശമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

വിദേശ സർവകലാശാലകളെ കേരളത്തിൽ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരുമായി കൈകോർത്തു നീങ്ങും എന്ന പ്രഖ്യാപനമാണ് ഈ രംഗത്തെ വമ്പൻ നയമാറ്റമായി ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. മുപ്പതു വർഷം മുൻപ് അഞ്ചു ചെറുപ്പക്കാരെ പാർട്ടി വെടിയുണ്ടകൾക്ക് ഇട്ടു കൊടുത്തത് ഇതേ വിഷയവുമായി ബന്ധപ്പെട്ട കാര്യത്തിന് ആണെന്നതാണ് സർക്കാരിനെ അനുകൂലിക്കുന്നവരുടെ ഏറ്റവും വലിയ പ്രയാസം.

സ്വാശ്രയ മേഖല വിദ്യാഭ്യാസത്തിനു തുറന്നിടുന്നതിനു ജീവൻ നൽകി സമരം ചെയ്ത വിദ്യർത്ഥി വിഭാഗമായ എസ്എഫ്ഐക്ക് സർക്കാരിന്റെയും പാർട്ടിയെ നയിക്കുന്നവരുടെയും മനം മാറ്റം ഒരു തരത്തിലും മനസിലായിട്ടില്ല എന്നത് പിന്നീട് ഉണ്ടായ പ്രതികരണത്തിൽ തന്നെ വ്യക്തമാണ്. ഇതുകൊണ്ടാണ് ഒരു ചർച്ച പോലും എവിടെയും ഉണ്ടായില്ല എന്ന് പിന്നീട് വിദ്യാർത്ഥി നേതാക്കളും ഇപ്പോൾ വകുപ്പ് മന്ത്രിയും പരസ്യമായി പറയേണ്ടി വന്ന സാഹചര്യം.

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് ഒഴുകുന്നത് രണ്ടര ലക്ഷം കോടി രൂപയോ? എങ്കിൽ കേരളത്തിന്റെ പങ്ക് എത്ര?

കേരളത്തിൽ നിന്നും യുകെയിലേക്ക് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ എത്തി തുടങ്ങിയതോടെയാണ് മാധ്യമ ലോകത്തു ആദ്യമായി ഈ ചോദ്യം ഉയർനന്നത്. കേരളത്തിൽ നിന്നും 35,000 വിദ്യാർത്ഥികൾ യുകെയിലേക്ക് പോന്നപ്പോൾ ചുരുങ്ങിയത് അയ്യായിരം കോടി രൂപയും കൂടെ പോന്നിരിക്കണം എന്നാണ് മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും മുമ്പ് തയ്യാറാക്കിയ റിപ്പോർട്ട്.

എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് വ്യക്തമായ കണക്കുണ്ട്, അവർ അത് പുറത്തു വിടുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് മലയാളി പറഞ്ഞ കണക്കുമായി ഒത്തുപോകുന്ന രേഖകളാണ് ഈ വർഷം ജനുവരി ആദ്യം കേന്ദ്ര സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. അവർ നൽകുന്ന രേഖകളിൽ ഏകദേശം രണ്ടര ലക്ഷം കോടി രൂപയാണ് വിദേശ പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഒഴുകുന്നത്. നാലര ലക്ഷം വിദ്യാർത്ഥികളാണ് ആകെ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോയത് എന്നാണ് കണക്കുകൾ പറയുന്നത്.

ഇതിൽ ഒരു ലക്ഷത്തിൽ ഏറെയും യുകെയിലേക്കാണ്. ഇതിന്റെ പാതി എങ്കിലും മലയാളികളുമാണ്. ഇത് വിശ്വസിക്കാൻ തയ്യാറാകേണ്ടി വരുമ്പോഴാണ് കേരളം നേരിടുന്ന ഭീകരമായ വരുമാന ചോർച്ച തെളിഞ്ഞു വരുന്നത്. ഇതിനിടയിലാണ് കേരളത്തിൽ നിന്നുമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ പേര് വിദേശത്തേക്ക് ഒഴുകുന്നത് എന്ന ആശ്വാസ കണക്കുമായി ന്യായീകരണ വിദഗ്ദ്ധർ വരുന്നത് എന്നത് വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമായി മാറുന്നു. യുകെയിലേക്ക് മാത്രം അയ്യായിരം കോടി കേരളത്തിൽ നിന്നും പോന്നെങ്കിൽ വിദേശ പഠനം എന്ന വലിയ ചോദ്യവുമായി ലോകത്തിന്റെ നാനാ കോണുകളിലേക്ക് പറന്ന മലയാളി വിദ്യാർത്ഥികൾ വഴി സംസ്ഥാനത്തിന് പുറത്തേക്ക് പോയ പണം എത്ര എന്ന ചോദ്യത്തിന് എങ്കിലും ഉത്തരം നൽകാൻ സംസ്ഥാന ധന മന്ത്രി ബാലഗോപാൽ ഇപ്പോൾ എങ്കിലും തയ്യാറാകേണ്ടതാണ്.

വിദേശ കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തിയപ്പോൾ മാരുതി കാറുകൾ മറഞ്ഞു പോയോ?

വിദേശ പഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്കും അവർക്കൊപ്പം പോയ പണത്തിന്റെ മൂല്യവും വെളിപ്പെടുത്തുന്നത് യുജിസി ചെയർമാൻ ജഗാദേശ് കുമാർ തന്നെയാണ്. ഈ കണക്കിൽ മാത്രം കണ്ണുവച്ചു വിദേശ സർവകലാശാലകളെ ആകർഷിക്കുന്നതിൽ കാര്യം ഇല്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. കാരണം പഠിക്കുക എന്നതിനൊപ്പം വിദേശ രാജ്യത്തെ സുന്ദരമായ ജീവിത സൗകര്യങ്ങൾ കൂടി മനസ്സിൽ കണ്ടാണ് ഓരോ വിദ്യാർത്ഥിയും വിമാനം കയറുന്നത്. അതിനുള്ള പശ്ചാത്തല സൗകര്യ വികസനം ഒരുക്കാതെ വിദേശ സർവ്വകലാശാലകളെ മാത്രം എത്തിച്ചാൽ അവ പുല്ലുപിടിച്ചു കിടക്കാനുള്ള സാധ്യതയും നയത്തെ എതിർക്കുന്നവർക്ക് ചൂണ്ടിക്കാട്ടാനുണ്ട്.

ഓട്ടോ മൊബൈൽ രംഗത്ത് മാരുതി കാറുകൾക്ക് പകരം വിദേശ കാറുകൾ വന്നപ്പോൾ ഇന്ത്യൻ ഓട്ടോമോട്ടീവ് രംഗം തന്നെ ലക്ഷകണക്കിന് കോടി രൂപയുടെ പുതിയ വളർച്ച പാതയിലേക്ക് ഉയരുക ആയിരുന്നില്ലേ എന്ന ചോദ്യമാണ് വിദേശ സർവ്വകലാശാലകളെ എത്തിക്കുന്നവരോട് കേന്ദ്ര സർക്കാരിന് ചോദിക്കാനുള്ളത്. വിദേശ സർവ്വകലാശാലകൾ എത്തുമ്പോൾ ഉറപ്പായും സ്വദേശി സർവ്വകലാശാലകൾ സേവനം മെച്ചമാക്കണം, അല്ലെങ്കിൽ വിദ്യാർത്ഥികൾ എത്തില്ല, ഒപ്പം അദ്ധ്യാപകർക്ക് ജോലി നഷ്ടവും സംഭവിക്കും. ഈ സാധ്യതകൾ ചൂണ്ടിക്കാട്ടി പിടിച്ചു നിൽക്കുക എന്നത് എല്ലാവരുടെയും ആവശ്യമായി മാറുമ്പോൾ പഠനത്തിന്റെ ഗുണമേന്മ ഉയരും എന്നതും വിദേശ സർവ്വകലാശാല വന്നാലുള്ള നേട്ടമായി മാറുകയാണ്.

പാർട്ടിയിലും സർക്കാരിലും പല സ്വരം, ഭൂരിപക്ഷം പറയുന്നതും മണ്ടത്തരം

ഈ വിഷയത്തിൽ ഗാഢമായ പഠനത്തിന് മറ്റു പല കാര്യത്തിലും എന്ന പോലെ സർക്കാരും പാർട്ടിയും തയ്യാറായിട്ടില്ല എന്നതാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന ജൽപനങ്ങൾ തെളിയിക്കുന്നത്. പാർട്ടിയെ നയിക്കുന്ന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത് യുകെയടക്കം വിദേശത്തേക്ക് മലയാളി വിദ്യാർത്ഥികൾ പോകുന്നത് തടയുവാൻ വേണ്ടിയാണു നയം മാറ്റം ഉദ്ദേശിക്കുന്നത് എന്നാണ്. എന്നാൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരാളെ എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാരിന് തടയാനാകുക എന്ന ചോദ്യത്തിൽ തന്നെ ഗോവിന്ദൻ പറയുന്ന വാദത്തിന്റെ മുന ഒടിയുകയാണ്. ഏതാനും മാസം മുൻപ് യുകെയിൽ എത്തി മലയാളി വിദ്യാർത്ഥികൾ രൂപീകരിച്ച യുകെ എസ്എഫ്ഐ ഘടകത്തിന്റെ സല്യൂട്ട് വാങ്ങിയ പാർട്ടി സെക്രട്ടറിയാണ് ഇപ്പോൾ മറുവാദം ഉയർത്തുന്നത് എന്നത് പോലും എസ്എഫ്ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തോടുള്ള കൊഞ്ഞനം കുത്തലുമാണ്.

പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രം അറിഞ്ഞ കാര്യമാണോ വിദേശ സർവ്വകലാശാലകളുടെ വരവ് എന്നതിന് സാധൂകരണം നൽകുന്ന കാര്യമാണ് ഇന്നലെ വകുപ്പ് മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവന. ധനമന്ത്രി സംസ്ഥാനത്തിന്റെ വരുമാന ചോർച്ച മനസ്സിൽ വച്ച് പറഞ്ഞ കാര്യമായിരിക്കും അതിനു ആ നിലയിൽ ഉള്ള പ്രാധാന്യം നൽകിയാൽ മതിയെന്ന് ബിന്ദു പറയുമ്പോൾ മന്ത്രിസഭയിൽ തന്നെ ചേരി തിരിവ് സംഭവിക്കുകയാണ്. ബജറ്റിനെ തുടർന്ന് ഇടഞ്ഞ നാലു സിപിഐ മന്ത്രിമാരും സർക്കാരിന്റെ വിദ്യാഭ്യാസ നയമാറ്റത്തിൽ ഉടക്കാൻ തയ്യാറായ നിലയിലാണ്.

അവരുടെ വിദ്യർത്ഥി വിഭാഗമായ എഐഎസ്എഫ് വേണ്ടി വന്നാൽ സമര രംഗത്തെത്തും എന്ന മുന്നറിയിപ്പും നൽകി കഴിഞ്ഞു. പാർട്ടിയിൽ പിബി ഘടകത്തിൽ നിന്നും യെച്ചൂരിയും എം എ ബേബിയും അടക്കമുള്ളവരും സർക്കാരിന്റെ മനം മാറ്റത്തിനു എതിരാണ്. ചുരുക്കത്തിൽ പാർട്ടിയിലും സർക്കാരിലും രണ്ടു ചേരിയായി മാറാനുള്ള വെടിമരുന്നാണ് ഇപ്പോൾ വിദേശ സർവ്വകലാശാലകളുടെ വരവ് സംബന്ധിച്ച തർക്കം എന്ന് വ്യക്തമായിരിക്കുകയാണ്.