ശ്രീനഗർ: ജമ്മു-കശ്മീരിലെ രജൗറിയിൽ, ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ, നാല് സൈനികർക്ക് വീരമൃത്യു. രണ്ട് സൈനിക ഓഫീസർമാരും രണ്ടുസൈനികരുമാണ് വീരമൃത്യു വരിച്ചത്. രജൗറിയിലെ കാലാക്കോട്ട് വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

വനമേഖലയിൽ, ഭീകരർ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും, പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു.

രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ ഭീകരരാണ് കൊല്ലപ്പെട്ടത്.

ജമ്മു-കശ്മീരിലെ പീർപാഞ്ചൾ കാടുകളിൽ ഒളിച്ചിരിക്കുന്ന ഭീകരർ ഏതാനും വർഷമായി സുരക്ഷാ സേനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. ഇവിടെ നിരവധി ഏറ്റുമുട്ടലുകൾ നടന്നു. കാടിന്റെ ആനുകൂല്യം മുതലെടുത്താണ് ഭീകരർ സുരക്ഷാ സൈനികർക്ക് നേരേ ആക്രമണം അഴിച്ചുവിടുന്നത്.