ലഖ്‌നൗ:ഉത്തർ പ്രദേശിലെ പര്യടനത്തിനിടെ ഭാരത് ജോഡോ യാത്രയുടെ സ്വീകരണ പരിപാടിയിൽ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയെ രാഹുൽ ഗാന്ധി ചുംബിച്ചതിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് പ്രതാപ സിങ്.ഇത് നമ്മുടെ സംസ്‌കാരമല്ല. ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുള്ളത് എന്ന് ചോദിച്ച ബിജെപി നേതാവ് ഇത്തരം കാര്യങ്ങൾ ഭാരതീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും പറഞ്ഞു. ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വിമർശിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ ആക്ഷേപം.

'ആർഎസ്എസുകാരെ കൗരവരെന്ന് വിളിക്കുമ്പോൾ, താൻ പാണ്ഡവനാണെന്നാണോ രാഹുൽ ?ഗാന്ധി ഉദ്ദേശിക്കുന്നത്?. രാഹുൽ പാണ്ഡവനാണെങ്കിൽ ഏത് പാണ്ഡവനാണ് അമ്പതാം വയസിൽ പൊതുവേദിയിൽ സഹോദരിയെ ഉമ്മവെച്ചത്.അത് നമ്മുടെ സംസ്‌കാരമല്ല. ഭാരതീയ സംസ്‌കാരം ഇത്തരം കാര്യങ്ങൾ അനുവദിക്കുന്നില്ല,' ദിനേഷ് പ്രതാപ സിങ് പറഞ്ഞു.ഹരിയാനയിലെ അംബാലയിൽ ഭാരത് ജോഡോ യാത്രയിൽ സംസാരിക്കവെയായിരുന്നു ആർഎസ്എസുകാരെ രാഹുൽ ഗാന്ധി കൗരവരെന്ന് വിശേഷിപ്പിച്ചത്.

ഹരിയാന മഹാഭാരതത്തിന്റെ നാടായിരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവർ കാക്കി ട്രൗസർ ധരിച്ചവരാണ്. അവർ കൈകളിൽ ലാത്തി പിടിച്ച് ശാഖകളിൽ പങ്കെടുക്കുന്നു. രാജ്യത്തെ ധനികർ അവർക്കൊപ്പമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ട് വന്ന് ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഈ നയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതിന് പിന്നിൽ ഈ ധനികരുടെ നീക്കങ്ങളാണ്.' രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം പഞ്ചാബിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയെ ബഹിഷ്‌കരിക്കാൻ ബിജെപി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി സുവർണ്ണക്ഷേത്രം സന്ദർശിച്ചതിനെതിരെ ശിരോമണി അകാലിദളും രംഗത്തെത്തിയിരുന്നു.ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായാണ് രാഹുൽ ഗാന്ധി സുവർണ്ണക്ഷേത്രം സന്ദർശിച്ചത്.ഓറഞ്ച് ടർബൺ കെട്ടിയാണ് രാഹുൽ പ്രാർത്ഥനയിൽ പങ്കെടുത്തത്.എട്ട് ദിവസത്തെ പഞ്ചാബ് സന്ദർശനത്തിന് ശേഷം കശ്മീരിലേക്ക് കടക്കുന്ന യാത്ര ഈ മാസം അവിടെ അവസാനിക്കും.